ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തുറന്നു വിടുന്ന നൂറു കണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് കോവിഡ് 19

 
d

കോവിഡിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ലോകത്തോട് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിളിച്ചു പറയുന്നു -ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആവാസ വ്യവസ്ഥകളുടെ തകര്‍ചയ്ക്കും നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒട്ടനേകം പ്രത്യാഘാതങ്ങളുണ്ടാകാം...ആല്‍ബര്‍ട് ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മഹാനായ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ് ഒരു പ്രവാചകനെ പോലെ മുന്നറിയിപ്പു നല്‍കിയിരുന്നു, വലിയ തിരുത്തലുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ മനുഷ്യരാശി സ്വയംകൃതാനര്‍ത്ഥങ്ങളുടെ പടുകുഴിയിലേക്ക് തിരിച്ചു കയറാന്‍ സാധിക്കാത്ത വിധം നിപതിക്കുമെന്ന്. കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലത്തിലാണ് ജീവലോകമാകെയും മനുഷ്യവംശം വിശേഷിച്ചും നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളെ കുറിച്ച് ഹോക്കിംഗ്സിനെ പോലുള്ളവര്‍ നമുക്ക് മുന്നറിയിപ്പു തന്നത്.. അമേരിക്കയുര്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍  എങ്ങനെയെല്ലാം നിഷേധിച്ചാലും ആഗോളതാപനവും തല്‍ഫലമായ കാലാവസ്ഥാ വ്യതിയാനവും ഈ ജീവ ഗോളത്തെയാകെ ഒരു മഹാ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ പുതിയ പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന വൈറസുകളും ബാക്റ്റീരിയകളുമെല്ലാം വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ താപനിലയെ കുറിച്ചും അതുണ്ടാക്കുന്ന സൂക്ഷ്മവും സങ്കീര്‍ണവുമായ പ്രശ്നങ്ങളെ കുറിച്ചും ലോകത്തിന് നിരന്തരം മുന്നറിയിപ്പു നല്‍കുകയാണ്.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ കാലാവസ്ഥ വ്യതിയാനവും പുതുതായി കണ്ടെത്തുന്ന രോഗങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.  ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യസമൂഹത്തിലേക്ക് തുറന്നു വിടുന്ന നൂറു കണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് കോവിഡ് - 19 എന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാംക്രമിക രോഗ പഠന വിഭാഗം പ്രൊഫസറായ ക്രിസ്റ്റീന്‍ കെ ജോണ്‍സണ്‍ പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആയിരത്തിനടുത്ത് ജന്തുജന്യ രോഗങ്ങള്‍ ആഫ്രോ -ഏഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യരെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. മാരക സ്വഭാവമുള്ള നിപ്പയും ,എബോളയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ പട്ടികയില്‍ സാര്‍സും (SARS CoV) മെര്‍സും MERS CoV) ഉള്‍പ്പെടെ 92 ഇനം കൊറോണ വൈറസുകളുണ്ടായിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞു.  

 Also Read' വരുമാനമാണ് ലക്ഷ്യമെങ്കില്‍ മറ്റു വഴികള്‍ നോക്കണം': 'വനിത'യ്‌ക്കെതിരേ പ്രതിഷേധം

സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന കൊറോണ വൈറസുകളില്‍ പലതും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്നു. കോവിഡ് - 19 നു മുന്‍പ് ചൈനയില്‍ തന്നെയാണ് സാര്‍സും (Severe Accute Respiratory Syndrome) പൊട്ടിപ്പുറപ്പെട്ടത്. തെക്കന്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ട രോഗം 17 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു. 2002 നവംബറിനും 2003 ജൂലൈക്കും ഇടയില്‍ 774 പേരെ സാര്‍സ് കൊന്നൊടുക്കി. രോഗബാധിതരായി 8098 പേരെയാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുമായി കണ്ടെത്തിയത്.

ഒരിനം വവ്വാലുകളും മരപ്പട്ടികളുമാണ് സാര്‍സ് മനുഷ്യരിലേക്കെത്തിച്ചത് എന്ന് ചൈനയിലെ ശാസ്ത്രജ്ഞര്‍ പിന്നീട് തെളിയിച്ചു. മെര്‍സ് (Middle East Respiratory Syndrome) ഒട്ടകങ്ങളില്‍ നിന്നുമാണ് മനുഷ്യരില്‍ എത്തിയത് എന്നാണ് നിഗമനമെങ്കിലും അത് വ്യക്തമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കുമ്‌ബോള്‍ പക്ഷികളും മല്‍സ്യങ്ങളും മറ്റു ജീവികളും ശൈത്യമേഖലയിലേക്ക് നീങ്ങുകയാണ്. ആവാസ വ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുമ്‌ബോള്‍ ജീവികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും നിലനില്‍പുമായി ബന്ധപ്പെട്ട ഇത്തരം സമ്മര്‍ദ്ദങ്ങള്‍ അവയുടെ രോഗ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

'വനങ്ങളടക്കമുള്ള സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ തകര്‍ച്ച വന്യ ജീവികളും മനുഷ്യരും തമ്മിലുള്ള ഇടപെടല്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളാല്‍ രോഗബാധിതരായ പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ മനുഷ്യരിലേക്ക് രോഗം പകരുകയും ചെയ്യുകയാണ് ' ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയിലെ പൊതുജനാരോഗ്യ വിദഗ്ധയായ ജീന്‍ ഫെയര്‍ അഭിപ്രായപ്പെട്ടു. 

1998 - 1999 ല്‍ മലേഷ്യയില്‍ നൂറിലേറെ മനുഷ്യരുടെ മരണത്തിനു കാരണമായ നിപ്പ വൈറസ് പഴത്തോട്ടങ്ങളില്‍ വളര്‍ത്തപ്പെടുന്ന പന്നികളില്‍ നിന്ന് മനുഷ്യരില്‍ എത്തുകയായിരുന്നു. കാട്ടുതീ മൂലവും തടിവെട്ട് മൂലവും എല്‍നിനോയെ തുടര്‍ന്നുണ്ടായ വലിയ വരള്‍ച്ച മൂലവും വനം ശുഷ്‌കമായപ്പോള്‍ അഭയവും ആഹാരവും തേടി നാട്ടിലെ പഴത്തോട്ടങ്ങളിലേക്കെത്തിയ പഴം തീനി വവ്വാലുകളില്‍ നിന്നുമാണ് നിപ്പ വൈറസ് പന്നികള്‍ക്കു കിട്ടിയതെന്ന് പിന്നീട് കണ്ടെത്തി.

 Also Read:എന്തുകൊണ്ടവര്‍ മഞ്ജുവിനെ ഭയപ്പെടുന്നു!

ഉയരുന്ന താപനില ഉയര്‍ത്തുന്ന മറ്റു ചില വെല്ലുവിളികളിലേക്കും ശാസ്ത്ര ലോകം വിരല്‍ ചൂണ്ടുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ ഉഷ്ണപ്രകൃതിയാണ് ഒട്ടനേകം ഫംഗസ് ബാധകളില്‍ നിന്നും നമ്മെ രക്ഷിക്കുന്നത്. ശൈത്യകാല ഉറക്കത്തിനായി താപനില സ്വയം കുറയ്ക്കുന്ന ഉരഗജീവികളെയും വവ്വാലുകളെ പോലുള്ള സസ്തനികളെയും ഇത്തരം ഫംഗസുകള്‍ പിടികൂടാറുണ്ട്. എന്നാല്‍ അന്തരീക്ഷ താപവര്‍ദ്ധനവിനെ അതിജീവിക്കാനായി ഇത്തരം ഫംഗസുകളും സൂക്ഷ്മജീവികളും ഉഷ്ണ രക്തമുള്ള ശരീരങ്ങളില്‍ ജീവിക്കാനുളള ശേഷി ആര്‍ജിക്കുകയാണത്രേ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം മാത്രം മരുന്നുകളെ പ്രതിരോധിക്കുന്ന ഇത്തരം ഫംഗസുകള്‍ മനുഷ്യരെയും ബാധിക്കുന്നതായുള്ള പഠനങ്ങള്‍ വന്നു കഴിഞ്ഞു. അതായത് ചൂടു കൂടുന്ന ലോകത്ത് നമ്മുടെ ശരീരത്തിന്റെ ഉഷ്ണ കവചം രോഗപ്രതിരോധത്തിന് പര്യാപ്തമല്ലാതാകുന്നു എന്നര്‍ത്ഥം.

2016 ല്‍ സൈബീരിയയുടെ ഉള്‍പ്രദേശത്ത് ഒരു 12 വയസ്സുകാരന്‍ ആന്ത്രാക്സ് ബാധിച്ചു മരിച്ചു. പ്രദേശത്ത് രോഗം ബാധിച്ച 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗത്തിന്റെ ഉറവിടം തേടിച്ചെന്ന ശാസ്ത്രജ്ഞര്‍ ഞെട്ടലോടെ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. രോഗത്തിന്റെ ഉദ്ഭവം 75 വര്‍ഷം മുന്‍പ് ആന്ത്രാക്സ് വന്നു ചത്ത ഒരു റെയിന്‍ഡിയറിന്റെ ശവശരീരമായിരുന്നു. ചൂട് കൂടി പ്രദേശത്തെ നിതാന്ത ഹിമമേഖലയില്‍ (Permafrost) മഞ്ഞുരുകാന്‍ തുടങ്ങിയതോടെ മണ്ണിനും മഞ്ഞിനുമടിയില്‍ നിന്ന് അഴുകാത്ത ശരീര ഭാഗങ്ങള്‍ പുറത്തെത്തി. ഇതൊടെ വൈറസുകളും വെളിയില്‍ വന്നു. അവ പ്രദേശത്തെ ജലാശയങ്ങളിലും അങ്ങനെ മനുഷ്യരിലും എത്തി. സൈബീരിയയില്‍ എല്ലാ വേനല്‍ക്കാലത്തും 50 സെന്റീമീറ്റര്‍ കനത്തില്‍ ഹിമം ഉരുകുമായിരുന്നു . എന്നാല്‍ ഇപ്പോള്‍ മഞ്ഞുരുകല്‍ കൂടുതല്‍ ആഴത്തിലേക്കിറങ്ങിത്തുടങ്ങി. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 10 ലക്ഷത്തിലേറെ റയിന്‍ഡിയറുകള്‍ ആന്ത്രാക്സ് മൂലം ചത്തൊടുങ്ങിയിട്ടുണ്ട്. റഷ്യയുടെ പല ഭാഗങ്ങളിലായി ഇവയുടെ ശരീരങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്യപ്പെട്ടിട്ടുമുണ്ട്. നിതാന്ത ഹിമം ഉരുകുമ്‌ബോള്‍ ഇവയെല്ലാം പുറത്തെത്താം.

Also Read: 'എല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ജനം തല്ലിക്കൊല്ലും': പള്‍സര്‍ സുനിയുടെ കത്തില്‍ ദിലീപിനെതിരേ ഗുരുതരാരോപണങ്ങള്‍

ഫ്രഞ്ച് പരിണാമ ജീവ ശാസ്ത്രജ്ഞനായ ജീന്‍ മൈക്കിള്‍ ക്ലാവെറി പറഞ്ഞത്  'ഓക്സിജനില്ലാത്ത ഇരുണ്ട തണുത്ത പ്രിസര്‍വുകളാണ് നിതാന്ത ഹിമഭാഗങ്ങള്‍, വൈറസുകളും ബാക്റ്റീരിയകളും അവിടങ്ങളില്‍ ജീവനോടെ നിലനില്‍ക്കുന്നുണ്ടാകാം. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ വൈറസുകളും ബാക്റ്റീരിയകളും ഇത്തരത്തില്‍ തിരിച്ചെത്തിക്കൂടെന്നില്ലെന്നാണ്. 

1918 ല്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്ലൂവിന് കാരണമായ വൈറസിന്റെ RNA അലാസ്‌കന്‍ ടന്‍ഡ്രയിലെ മഞ്ഞിനടിയില്‍ നിന്നും ഈ അടുത്ത കാലത്ത് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. വസൂരിയും പ്ലേഗും വന്ന് മരിച്ചവരെ കൂട്ടത്തോടെ അലാസ്‌കന്‍ ടന്‍ഡ്രയില്‍ കുഴിച്ചിട്ടിരുന്നു.'

നാസയിലെ ശാസ്ത്രജ്ഞര്‍ 2005 ല്‍ അലാസ്‌കയിലെ ഒരു ഉറഞ്ഞ തടാകത്തില്‍ നിന്നും 32000 വര്‍ഷം മുന്‍പ് മാമത്തുകളുടെ കാലത്തുണ്ടായിരുന്ന ഒരിനം ബാക്റ്റീരിയയെ കണ്ടെത്തിയിരുന്നു. 2007 ല്‍ അന്റാര്‍ടിക്കയിലെ ഒരു ഹിമാനിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഒരിനം ബാക്റ്റീരിയ 80 ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചവയായിരുന്നു. 2014 ല്‍ സൈബീരിയന്‍ നിതാന്ത ഹിമമേഖലയില്‍ നിന്നു തന്നെ ഏകദേശം 30000 വര്‍ഷം മുന്‍പുള്ള വൈറസിനെ ലഭിച്ചിരുന്നു, ഇതിനും പ്രജനന ശേഷിയുണ്ടായിരുന്നു. അടുത്ത കാലത്ത് ടിബറ്റിലെ ഒരു ഹിമാനിയില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയ 33 വൈറസുകളില്‍ 28 ഉം ശാസ്ത്രലോകത്തിന് പരിചയമില്ലാത്തവയായിരുന്നു. അതിദ്രുതമാണ് ടിബറ്റിലും ഹിമാലയത്തിലാകെയും ഉള്ള മഞ്ഞ് ഉരുകിത്തീരുന്നത് എന്നു കൂടി ഇവിടെ ഓര്‍ക്കാം. മറ്റിടങ്ങളിലേതിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ആര്‍ട്ടിക്കില്‍ മഞ്ഞുരുകുന്നത്.

നിതാന്ത ഹിമപ്രദേശങ്ങള്‍ ഉരുകിത്തുടങ്ങുമ്‌ബോള്‍ ജൈവ ദ്രവീകരണം വഴി കോടിക്കണക്കിനു വര്‍ഷങ്ങളായി അവയ്ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മീഥൈയ്ന്‍ പുറത്തെത്തും എന്നതിനെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഭീതിയോടെയായിരുന്നു കണ്ടിരുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാളും എത്രയോ അധികം ഹരിത ഗൃഹ സ്വഭാവമുള്ള മീഥൈയ്ന്‍ ആഗോള താപനനിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിക്കും. ചൂട് കൂടുമ്പോള്‍ മഞ്ഞുരുകുകയും മഞ്ഞുരുകുമ്‌ബോള്‍ ചൂട് കൂടുകയും ചെയ്യുന്ന ഒരു ചാക്രിക പ്രവര്‍ത്തനം. എന്നാല്‍ മീഥെയ്നോടൊപ്പം നിതാന്ത ഹിമം ഉള്ളിലൊളിപ്പിച്ച വൈറസുകളും ബാക്റ്റീരിയകളും കൂടി പുറത്തെത്തുകയാണിന്ന്.

Also Readകശ്മീര്‍ വിഷയത്തില്‍ വിവാദം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി സൈബ വര്‍മ്മയുടെ ഗവേഷണം റദ്ദാക്കി ​​​​​​​

സൂക്ഷ്മജീവികള്‍ക്ക് അതിജീവിക്കാന്‍ ഹിമമേഖലകള്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. മെക്സിക്കോയില്‍ 1000 അടി താഴ്ചയിലുളള ഗര്‍ത്തത്തില്‍ നിന്നും കണ്ടെത്തിയ ബാക്റ്റീരിയകള്‍ 40 ലക്ഷം വര്‍ഷമായി പുറം ലോകം കാണാത്തവയായിരുന്നു. ഈ ബാക്റ്റീരിയകള്‍ നമ്മുടെ 18 തരം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായിരുന്നു. ഇങ്ങനെ കണ്ടെടുത്ത Paenibacillus Sp.LC 231 എന്ന ബാക്റ്റീരിയയ്ക്കു മുന്നില്‍ നമ്മുടെ ഏറ്റവും ശക്തമായ ആന്റിബയോട്ടിക്കുകള്‍ പോലും തോറ്റു പോയി.

കൊതുകുകള്‍ പകര്‍ത്തുന്ന ചികുന്‍ഗുനിയ, മലേറിയ എന്നിവ ഭൂഗോളത്തിന്റെ കൂടുതല്‍ വടക്കന്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. പാരിസ്ഥിതിക വ്യവസ്ഥകളെ ഒട്ടും പരിഗണിക്കാത്ത നമ്മുടെ നാഗരിക വികസനം മാലിന്യങ്ങളായും മറ്റും നമ്മെ ശ്വാസം മുട്ടിക്കുകയും രോഗികളാക്കുകയും ചെയ്യുന്നതിനു പുറമെയാണ് വര്‍ദ്ധിക്കുന്ന ചൂടു മൂലമുള്ള പുത്തന്‍ രോഗങ്ങളും. കാടു കത്തുമ്പോഴും പുഴകള്‍ വരളുമ്പോഴും നാളെ വരാനിരിക്കുന്ന മഹാമാരികളെ കുറിച്ചു കൂടി ഓര്‍ക്കാം. ഇന്ന് കിളികള്‍ക്കുണ്ടാകുന്ന ദുരന്തങ്ങള്‍ നാളെ നമ്മെ തേടിയും വരുമെന്ന് വിശ്വസിച്ച അമരേന്ത്യന്‍ ഗോത്ര മനുഷ്യരില്‍ നിന്നും നമുക്ക് പഠിച്ചു തുടങ്ങാം.