കോവിഡ് ഭീഷണി അവസാനിക്കുന്നില്ല; യൂറോപ്പില്‍ രോഗബാധിതര്‍ കൂടുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 
Covid EU
മാര്‍ച്ചോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ് മരണം 22 ലക്ഷം കടന്നേക്കും

ഒരിടവേളയ്ക്കുശേഷം കോവിഡ് വീണ്ടും ഭീഷണിയാകുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. പ്രതിദിന കേസുകള്‍ക്കൊപ്പം മരണനിരക്കും കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. പ്രതിദിനം 4,200 പേരാണ് രോഗബാധിതരായി മരിക്കുന്നത്. സെപ്റ്റംബറിലേതിനേക്കാള്‍ ഇരട്ടിയാണ് മരണനിരക്ക്. ഇതുവരെ 15 ലക്ഷം പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, അടുത്ത മാര്‍ച്ചോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ് മരണം 22 ലക്ഷം കടന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. 

യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി വളരെ ഗുരുതരമാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഏഴ് ലക്ഷം പേരെങ്കിലും കോവിഡ് ബാധിതരായി മരിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 53ല്‍ 25 രാജ്യങ്ങളിലെയും ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. 49 രാജ്യങ്ങളിലെ ഐസിയു ഉള്‍പ്പെടെ സംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍, മാര്‍ച്ച് ഒന്നോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ് മരണം 22 ലക്ഷം കടന്നേക്കുമെന്നും ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലജ് പറയുന്നു. യൂറോപ്പിലെയും മധ്യേഷ്യയിലെയും സാഹചര്യങ്ങള്‍ ആശങ്കാജനകമാണ്. ഡെല്‍റ്റ വകഭേദമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. 2022 മാര്‍ച്ച് വരെ കാലയളവ് വളരെ പ്രധാനമാണ്. ആശുപത്രികളും ഐസിയു സംവിധാനങ്ങളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടാനുള്ള സാധ്യതയുണ്ട്. അതിനാല്‍, ഇക്കാലയളവില്‍ കോവിഡ് മരണ നിരക്ക് വര്‍ധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 

കോവിഡ് പ്രതിരോധത്തില്‍ സംഭവിച്ച ജാഗ്രതക്കുറവാണ് രോഗവ്യാപനം കുതിച്ചുയരാന്‍ കാരണമായത്. വാക്സിനെടുത്തവരില്‍ വൈറസിനെതിരായ പ്രതിരോധശക്തി കുറഞ്ഞുവന്നതും തിരിച്ചടിയായി. കാലാവസ്ഥയും മാറിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കി. വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമ്പോഴും ആളുകള്‍ മാസ്‌ക് ധരിക്കുകയും ആളകലം പാലിക്കുകയോ ചെയ്യുന്നില്ല. പല രാജ്യങ്ങളും വേനല്‍ക്കാലത്ത് ഇത്തരം കോവിഡ് പ്രതിരോധ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ മാറിയതോടെ സ്ഥിതി മോശമായി. ശൈത്യകാലത്ത് ആളുകള്‍ വീടുകളില്‍ തന്നെ ഇരിക്കാന്‍ താല്‍പര്യപ്പെട്ടതോടെ, വാക്‌സിനേഷന്‍ പ്രക്രിയയെയും അത് ബാധിച്ചു. യൂറോപ്യന്‍ മേഖലയില്‍ 100 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ 53.5 ശതമാനം ആളുകള്‍ മാത്രമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പക്ഷേ, ഈ കണക്കും ആശ്വാസ്യമല്ല. ചില രാജ്യങ്ങളില്‍ 10 ശതമാനത്തില്‍ താഴെയും ചിലയിടങ്ങളില്‍ 80 ശതമാനത്തിനു മുകളിലുമാണ് വാക്‌സിന്‍ എടുത്തവര്‍. 48 ശതമാനം മാത്രമാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത്. ശരിയായ മാസ്‌ക് ധാരണത്തിലൂടെ, അടുത്ത മാര്‍ച്ചിനുള്ളില്‍ സംഭവിച്ചേക്കാവുന്ന 160,000ത്തിലധികം മരണമെങ്കിലും തടയാനായേക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനൊപ്പം കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കണമെന്നാണ് ഡോ. ക്ലജ് പറയുന്നത്. മാസ്‌ക് ധരിക്കുന്നത് കോവിഡ് വ്യാപനം കുറയ്ക്കും. ആളകലം ഉള്‍പ്പെടെ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പിന്തുടരണം. സാഹചര്യങ്ങള്‍ മാറിമറിയുന്നുണ്ടെങ്കില്‍ കാര്യമായ ജാഗ്രത പുലര്‍ത്തണം. വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പെടെ പരിഗണിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

യുകെ, ജര്‍മ്മനി, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ് ഉള്‍പ്പെടെ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. രോഗവ്യാപനം വര്‍ധിച്ചതോടെ, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് പാസ്പോര്‍ട്ടുകള്‍, മാസ്‌ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. പല രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ഓസ്ര്ടിയ, ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് ഉള്‍പ്പെടെ രാജ്യങ്ങളില്‍ ആയിരങ്ങളാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്.  

അതേസമയം, ശക്തമായ മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചില്ലെങ്കില്‍, കോവിഡിന്റെ അടുത്ത പ്രധാന കേന്ദ്രമായി യൂറോപ്പ് മാറുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.