കോവിഡ് ആഘാതം ഇന്ത്യയില്‍ വിദ്യാഭ്യാസ വിഭജനം സൃഷ്ടിച്ചു; യുനെസ്‌കോ റിപോര്‍ട്ട് പുറത്ത് 

 
STUDY

കോവിഡ് മഹാമാരി ഇന്ത്യയില്‍ വിദ്യാഭ്യാസ വിഭജനം സൃഷ്ടിച്ചതായി യുഎന്‍ കള്‍ച്ചറല്‍ ഏജന്‍സി(യുനെസ്കോ) റിപോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയതും കുട്ടികളില്‍ സ്മാര്‍ട്ട്ഫോണിന്റെയും ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെയും അഭാവം സാഹചര്യം മോശമാക്കിയെന്നും ഇത് യുവജനങ്ങളുടെ ഭാവിയെ അപകടത്തിലാക്കിയെന്നും റിപോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഏകദേശം 248 ദശലക്ഷം വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ബാധിച്ചതായി യുനെസ്‌കോ  റിപ്പോര്‍ട്ടില്‍ പറയുന്നു, കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ വേഗത്തിലാകുയും ചെയ്തതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തുടങ്ങി, എന്നാല്‍ ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനില്‍ ക്ലാസുകള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട്ഫോണുകളോ മറ്റ് ഉപകരണങ്ങളോ ഇല്ലായിരുന്നുവെന്നും ം ഭൂരിഭാഗത്തിനും നെറ്റ്‌വര്‍ക്ക് സൗകര്യങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാകാതെ വലഞ്ഞെന്നും റിപോര്‍ട്ട് പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

വിദ്യാര്‍ത്ഥികളെയും അവരുടെ അദ്ധ്യാപകരെയും സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ അടിയന്തിരമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും യുഎന്‍ 
ചൊവ്വാഴ്ച പുറത്തിറക്കിയ ഇന്ത്യയിലെ വിദ്യാഭ്യാസ സാഹചര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 40 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്ക് വേണ്ടിയുള്ള ഇന്റര്‍നെറ്റ് ചെലവ് താങ്ങാനാകുന്നില്ല, ഇത് അവരുടെ പഠനത്തെ ബാധിക്കുന്നു, അതിനാല്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വിദ്യാഭ്യാസ വേര്‍തിരിവ് വര്‍ദ്ധിപ്പിക്കുന്നു, സര്‍ക്കാര്‍ വിവരങ്ങളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാപകമായ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ നഷ്ടവും കാരണം ഗ്രാമങ്ങളിലേക്ക് ആളുകള്‍ പലായനം ചെയ്തതിനാല്‍ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു, പോഷകാഹാരക്കുറവ്,  പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹം തുടങ്ങിയവ കൊണ്ട് കുട്ടികള്‍ ദുരവസ്ഥയിലായെന്നും റിപോര്‍ട്ട് പറയുന്നു. 

സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കാത്ത സ്വകാര്യ സ്‌കൂളുകളുടെ അവസ്ഥ ഏറ്റവും മോശമായി.  മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ കുട്ടികളെ ഈ സ്‌കൂളുകളില്‍ അയയ്ക്കുന്നു, എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ അടഞ്ഞതോടെ ഫീസ് അടയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും റിപോര്‍ട്ടിലുണ്ട്. 1947 ല്‍ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലെത്തി 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ  7.3 ശതമാനം ചുരുങ്ങി.

ഇന്ത്യയിലെ മൊത്തം 9.7 ദശലക്ഷത്തിന്റെ 30 ശതമാനത്തോളം വരുന്ന സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയോ തൊഴില്‍ നഷ്ടപ്പെടുകയോ ചെയ്തു,  നിരവധി വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് മാറി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന സ്‌കൂളുകളില്‍ ചേര്‍ന്നതും ഇതിന് കാരണമാണ്. 

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അധ്യാപകരെ 'മുന്‍നിര പേരാളികളായി അംഗീകരിക്കാനും വിദ്യാഭ്യാസത്തില്‍ മികച്ച ഫലങ്ങള്‍ ഉറപ്പാക്കുന്നതിന് അവര്‍ക്ക് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും യുനെസ്‌കോ ഇന്ത്യയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അടുത്ത ദശകത്തിലെ പ്രധാന വെല്ലുവിളിയാണെന്നും യുനെസ്‌കോ റിപോര്‍ട്ടില്‍ പറയുന്നതായി ഡെക്കാണ്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്തു.
.