കോവിഡ്: രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വം വര്‍ധിച്ചു; ദരിദ്രരാജ്യങ്ങള്‍ കടക്കെണിയില്‍

 
Covid Debt

സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ പല രാജ്യങ്ങളും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും

ലോകമെമ്പാടും പടര്‍ന്ന കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെയും വികസന പ്രതീക്ഷകളെയും സാരമായാണ് ബാധിച്ചിരിക്കുന്നത്. വാക്‌സിനും പ്രതിരോധവുമൊക്കെ ശക്തിപ്പെടുത്തി മഹാമാരിക്കാലത്തെ അതിജീവിച്ചാലും കോവിഡ് പൂര്‍വ കാലത്തിലേക്ക് തിരിച്ചെത്തണമെങ്കില്‍ പല രാജ്യങ്ങള്‍ക്കും പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. സാമ്പത്തികസ്ഥിതിയിലും വികസന കാര്യത്തിലും രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം അത്രത്തോളം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി വികസനത്തെ വിപരീതദിശയിലേക്ക് നയിച്ചെന്നും ദരിദ്രരാജ്യങ്ങളെ ഭീകരമാംവിധം കടക്കെണിയിലേക്ക് തള്ളിയെന്നുമാണ് ലോകബാങ്ക് പറയുന്നത്. 

സമ്പന്ന രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിച്ചിരിക്കുന്നു. ചില രാജ്യങ്ങളിലെങ്കിലും, സാമ്പത്തിക-വികസന സാഹചര്യം പതിറ്റാണ്ടുകളോളം പിന്നിലേക്കാണ് പോയിരിക്കുന്നതെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് വ്യക്തമാക്കുന്നു. സാമ്പത്തികശേഷി കുറഞ്ഞ എഴുപതിലധികം രാജ്യങ്ങളുടെ കടഭാരം 2020ല്‍ 12 ശതമാനം വര്‍ധിച്ച് 860 ബില്യണ്‍ ഡോളര്‍ ആയതായാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. അതിനാല്‍, കടബാധ്യതകള്‍ മൂലമുള്ള സമര്‍ദ്ദം ലഘൂകരിക്കാന്‍ സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് മല്‍പാസ് പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ ലഭ്യമാക്കണം. കോവിഡ് പ്രതിരോധത്തിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ അത് ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായകമാകും. 

അസ്ഥിരമായ കടബാധ്യതകള്‍ താങ്ങാനാവാത്ത സാഹചര്യങ്ങളില്‍ സഹായകമാകുന്ന പാപ്പരത്ത പ്രക്രിയയുടെ അഭാവം ഒരു പ്രധാന പ്രശ്‌നമാണ്. നിലവിലെ സംവിധാനമനുസരിച്ച്, കമ്പനികള്‍ക്ക് തങ്ങളുടെ പാപ്പരത്വം പ്രഖ്യാപിക്കാന്‍ കഴിയും, പക്ഷേ രാജ്യങ്ങള്‍ക്ക് കഴിയില്ല. വികസിത രാജ്യങ്ങളില്‍ ഈ വര്‍ഷം ആളോഹരി വരുമാനം ശരാശരി അഞ്ച് ശതമാനം വര്‍ധിക്കും. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ അത് 0.5 ശതമാനം മാത്രമായിരിക്കും. രാജ്യങ്ങള്‍ക്കിടയിലെ അസമത്വം കൂടുതല്‍ മോശമാകും. ആഗോള പലിശ നിരക്കിലുണ്ടാകുന്ന വര്‍ധന ദരിദ്ര രാജ്യങ്ങളുടെ സ്ഥിതി കൂടുതല്‍ മോശമാക്കും. കടബാധ്യത കുറയ്ക്കുന്നതിനുള്‍പ്പെടെ സമഗ്ര നയം ആവശ്യമാണ്. ദ്രുതഗതിയിലുള്ള പുനസംഘനയ്‌ക്കൊപ്പം സുതാര്യത ഉറപ്പാക്കണം. കടബാധ്യതകള്‍ ഉയരാതെ സ്ഥിരമാക്കുകയെന്നത് സാമ്പത്തിക വീണ്ടെടുക്കലിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അത്യന്താപേക്ഷിതമാണ്.

73 രാജ്യങ്ങളില്‍ 2019ല്‍ 9.5 ശതമാനമായിരുന്ന കടഭാരം കഴിഞ്ഞ വര്‍ഷം 12 ശതമാനമായി വര്‍ധിച്ചതിനു പിന്നാലെ, ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും കടാശ്വാസം നല്‍കിയിരുന്നു. 2021 അവസാനം വരെ കടം തിരിച്ചടവ് മാറ്റിവെയ്ക്കാന്‍ ജി20 രാജ്യങ്ങളും സമ്മതിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം താല്‍ക്കാലികമായ ആശ്വാസം മാത്രമാണ് നല്‍കുക. കോവിഡ് പ്രതിസന്ധിക്കുമുമ്പു തന്നെ കടബാധ്യതകളുടെ തോത് വര്‍ധിക്കുന്നതില്‍ പല രാജ്യങ്ങളും ആശങ്കയിലായിരുന്നു. 2020ല്‍ ദുരവസ്ഥ നാടകീയമായി വര്‍ധിക്കുകയും ചെയ്തു. സാമ്പത്തിക ആവശ്യങ്ങള്‍ വര്‍ധിച്ചതോടെ പൊതുകടവും പെരുകി. അതോടൊപ്പം സാമ്പത്തിക അടിത്തറ ദുര്‍ബലമായത് കടം തിരിച്ചടയ്ക്കുന്നതിനുള്ള ശേഷിയെയും ബാധിച്ചു. 

കോവിഡ് പ്രതിസന്ധിയെ രാജ്യങ്ങള്‍ അതിജീവിക്കുമെങ്കിലും തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ക്ക് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന് മല്‍പാസ് പറയുന്നു. വാഷിങ്ടണില്‍ ഈവാരം നടക്കുന്ന വാര്‍ഷിക യോഗത്തിനു മുന്നോടിയായാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോലുള്ള ഏതാനും സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക ബാങ്കിന്റെ വാര്‍ഷിക യോഗം.