സേനാ പിന്മാറ്റത്തിനു പിന്നാലെ സമ്പൂര്‍ണ വിജയപ്രഖ്യാപനം; കാബൂള്‍ വിമാനത്താവളം താലിബാന്‍ കൈയടക്കി

 
Taliban
ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷം

അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷാദൗത്യം പൂര്‍ത്തിയാക്കി യുഎസ് സേന മടങ്ങിയതിനു പിന്നാലെ സമ്പൂര്‍ണ വിജയ പ്രഖ്യാപനവുമായി താലിബാന്‍. കാബൂള്‍ വിമാനത്താവളം പിടിച്ചെടുത്ത താലബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കാബൂളില്‍നിന്ന് അവസാന സൈനിക വിമാനവും പുറപ്പെട്ടശേഷമായിരുന്നു താലിബാന്‍ ഭരണകൂടത്തിന്റെ 'ആഘോഷ വെടിവെപ്പ്'. യുഎസ് ഉപേക്ഷിച്ചുപോയ വിമാനങ്ങളും ഹെലികോപ്റ്ററുകളും സംഘം പരിശോധിക്കുകയും ചെയ്തു.

Taliban Firing

താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളം പിടിച്ചെടുത്തതായി അവകാശവാദം ഉന്നയിച്ചത്. താലിബാന്‍ തീവ്രവാദികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും തോക്കുകള്‍ ചുഴറ്റി  സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിമാനത്താവളത്തിലേക്കുള്ള വഴികളില്‍ സ്ഥാപിച്ചിരുന്ന ചെക്ക്പോസ്റ്റുകള്‍ നീക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കിലും ഏതെങ്കിലും വിദേശരാജ്യത്തിന്റെ സൈനിക സാന്നിധ്യം അഫ്ഗാനില്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഭിനന്ദനങ്ങള്‍ അഫ്ഗാനിസ്താന്‍. ഈ വിജയം എല്ലാവരുടേതുമാണ്. ഇത് വിജയത്തിന്റെ ആസ്വാദ്യകരമായ നിമിഷമാണ്. ഈ വിജയം മറ്റു അക്രമികള്‍ക്ക് ഒരു പാഠമാണ്. യുഎസ് ഉള്‍പ്പെടെ രാജ്യങ്ങളോട് നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എല്ലാ രാജ്യങ്ങളുമായും മികച്ച നയതന്ത്രബന്ധം സ്വാഗതം ചെയ്യുന്നു. കാബൂളില്‍ സുരക്ഷ ഉണ്ടാകും. ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല. താലിബാന്‍ സൈന്യവും നല്ല രീതിയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. 

അതേസമയം, കാബൂള്‍ വിമാനത്താവളം അലങ്കോലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെര്‍മിനല്‍ തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. അഫ്ഗാന്‍ വിടുന്നതിനുമുമ്പ് അമേരിക്ക നശിപ്പിച്ച ഡസന്‍ കണക്കിന് സൈനിക ഹെലികോപ്ടറുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങളും വിമാനത്താവളത്തില്‍ ശേഷിക്കുന്നുണ്ട്. അവസാന സൈനികവിമാനം അഫ്ഗാന്‍ വിടുന്നതിനു മുമ്പ് തങ്ങളുടെ ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും യു.എസ് ഉപയോഗശൂന്യമാക്കിയിരുന്നു. വിമാനത്താവളത്തെ റോക്കറ്റാക്രമണത്തില്‍നിന്നു സംരക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന സംവിധാനവും നശിപ്പിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ കെന്നെത്ത് മെക്കയ്ന്‍ അറിയിച്ചിരുന്നു. 73 വിമാനങ്ങളാണ് യുഎസ് ഉപേക്ഷിച്ചുപോയത്. ആഗസ്റ്റ് 14ന് രക്ഷാദൗത്യം തുടങ്ങിയതിനു പിന്നാലെ, കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി 6000 സൈനികരെയാണ് യുഎസ് വിന്യസിച്ചിരുന്നത്.