'ശബ്ദമില്ലാത്തവരുടെ ശബ്ദം' : 'മഴവില്‍ രാഷ്ട്ര'ത്തിനായി പോരാടിയ ഡെസ്മണ്ട് ടുട്ടു

 
Desmond Tuttu
കറുത്തവര്‍ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍, മണ്ടേലയ്ക്കുശേഷം ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേര്

കറുത്തവര്‍ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍, നെല്‍സന്‍ മണ്ടേലയ്ക്കുശേഷം ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരാണ് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്നു ഈ ആംഗ്ലിക്കന്‍ ബിഷപ്പ്. മതത്തെ മനുഷ്യന്റെ വിമോചന പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചുകൊണ്ട്, പുരോഗമനത്തിന്റെ പുതിയ ചിന്തകള്‍ അതിനൊപ്പം വിളക്കിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായും, മനുഷ്യാവകാശങ്ങള്‍ക്കായും ശബ്ദമുയര്‍ത്താന്‍ പദവി ഉപയോഗപ്പെടുത്തി. വര്‍ണവിവേചനം, അസമത്വം, വംശീയത, ദാരിദ്ര്യം, എയ്ഡ്‌സ്, ഹോമോഫോബിയ എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. സമാധാനത്തിനായുള്ള നോബല്‍ പുരസ്‌കാരം (1984), മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആല്‍ബര്‍ട്ട് ഷ്വിറ്റ്‌സര്‍ പുരസ്‌കാരം, ഗാന്ധി സമാധാന പുരസ്‌കാരം (2005), പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി. വര്‍ണവിവേചനത്തിന്റെ ഇരുണ്ടനാളുകളില്‍നിന്നും ജനാധിപത്യത്തിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ ഉദയം കണ്ട ഡെസ്മണ്ട് ടുട്ടു, സമത്വസുന്ദരമായ 'മഴവില്‍ രാഷ്ട്ര'മെന്ന (റെയിന്‍ബോ നേഷന്‍) സ്വപ്‌നത്തിനായാണ് അന്ത്യം വരെ പോരാടിയത്. 

വൈദികനും ആക്ടിവിസ്റ്റുമായ ടുട്ടു
1931 ഒക്ടോബര്‍ ഏഴിന് ജൊഹന്നാസ്ബര്‍ഗിന്റെ പടിഞ്ഞാറന്‍ പട്ടണമായ ക്ലെര്‍ക്‌സ്‌ഡോര്‍പ്പില്‍ ആയിരുന്നു ടുട്ടുവിന്റെ ജനനം. സഖറിയ സിലിലിയോ ടുട്ടു-അലെറ്റാ ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമനായിരുന്നു ഡെസ്മണ്ട് ടുട്ടു. സഖറിയ സ്‌കൂള്‍ അധ്യാപകനായിരുന്നു. മാതാവ് അലെറ്റാ അന്ധവിദ്യാലയത്തിലെ പാചകക്കാരിയായിരുന്നു. ഡെസ്മണ്ട് ടുട്ടുവിന് 12 വയസുള്ളപ്പോള്‍ കുടുംബം വാണിജ്യതലസ്ഥാനത്തിന്റെ സമ്മിശ്ര വര്‍ഗ മേഖലകളിലൊന്നായ ജൊഹന്നാസ്ബര്‍ഗിലെ സോഫിയടൗണിലേക്ക് താമസം മാറി. പഠനത്തില്‍ അതീവതല്‍പരനായ ടുട്ടു, ഡോക്ടര്‍ ആകാനാണ് ആഗ്രഹിച്ചത്. എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അതിന് അനുവദിച്ചില്ല. അതോടെ, പിതാവിന്റെ പാത പിന്തുടര്‍ന്ന് അധ്യാപക ജോലി തിരഞ്ഞെടുത്തു. എന്നാല്‍, കറുത്തവരെ പൊതുസമൂഹത്തില്‍ ആജ്ഞാനിര്‍വാഹകരമായി നിര്‍ത്താന്‍ മാത്രം ലക്ഷ്യമിട്ടുള്ള പഠനസംവിധാനത്തോട് പ്രതിഷേധിച്ച് ടുട്ടു അധ്യാപകജോലി വിട്ടു. അങ്ങനെയാണ് 1957ല്‍ സഭയില്‍ ചേരാന്‍ തീരുമാനിച്ചത്. ജൊഹന്നാസ്ബര്‍ഗിലെ സെന്റ് പീറ്റേഴ്‌സ് തിയോളജിക്കല്‍ കോളേജിലായിരുന്നു ആദ്യ പഠനം. 1961ല്‍ വൈദികനായി ഓര്‍ഡിനേഷന്‍ ലഭിച്ച അദ്ദേഹം ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ പഠനം തുടര്‍ന്നു. 

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ടുട്ടു ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയത്. മികച്ച ആത്മീകപ്രസംഗവും ബുദ്ധികൂര്‍മ്മതയും 1975ല്‍ അദ്ദേഹത്തെ ജൊഹന്നാസ്ബര്‍ഗിലെ ആംഗ്ലിക്കന്‍ ഡീന്‍ പദവിയിലെത്തിച്ചു. അതായിരുന്നു ആക്ടിവിസത്തിലേക്കുള്ള ടുട്ടുവിന്റെ വഴിത്തിരിവ്. 1976ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സൊവേറ്റോ കലാപത്തില്‍ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ അദ്ദേഹം പങ്കാളിയായി. 'പല കറുത്തവര്‍ഗക്കാര്‍ക്കും ലഭിക്കാത്ത ഒരു വേദിയാണ് എനിക്ക് നല്‍കപ്പെട്ടിരിക്കുന്നതെന്ന് മനസിലായി. മിക്ക കറുത്തവര്‍ഗ നേതാക്കളും തടവറയിലോ നാടുകടത്തപ്പെട്ടവരോ ആയിരുന്നു. അതിനാല്‍, കറുത്തവര്‍ഗക്കാരുടെ വേദനകളും ആഗ്രഹങ്ങളും പങ്കുവെക്കുവാന്‍ ആ വേദി ഉപയോഗപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു' എന്നായിരുന്നു തനിക്കു ലഭിച്ച പദവിയെയും ആക്ടിവിസത്തെയും കുറിച്ച് ടുട്ടു 2004ല്‍ ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത്. 

വര്‍ണവിവേചനത്തെ അംഗീകരിക്കുന്ന ഭരണകൂടത്തിന് തള്ളിക്കളയാന്‍ കഴിയാത്തവിധം ടുട്ടു ആഗോളതലത്തില്‍ പ്രമുഖനും ബഹുമാനിതനുമായി മാറി. 1978ല്‍ ദക്ഷിണാഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി ജനറലായപ്പോള്‍, വര്‍ണവിവേചനത്തെ പിന്തുണയ്ക്കുന്ന തന്റെ രാജ്യത്തിനെതിരെ ശിക്ഷാപരമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 1986ല്‍, ദക്ഷിണാഫ്രിക്കയിലെ നാലാമത്തെ വലിയ ആംഗ്ലിക്കന്‍ സഭയുടെ തലവനായ ടുട്ടു, കേപ് ടൗണിലെ ആദ്യത്തെ കറുത്തവര്‍ഗ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 1996 വരെ അദ്ദേഹം ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. പ്രസംഗങ്ങളിലൂടെയും, രചനകളിലൂടെയും അസമത്വത്തിനെതിരെ നിരന്തരം ശബ്ദിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍, രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്താന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കള്‍ ജയിലില്‍ കഴിയുമ്പോഴും ടുട്ടു തന്റെ പോരാട്ടം തുടര്‍ന്നു. അതിന് അദ്ദേഹത്തിന്റെ പദവി ഏറെ സഹായകമായി. 

സഭാ പദവികള്‍ വിട്ടതിനു പിന്നാലെ, 1997ല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തുടര്‍ന്ന് ടുട്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായി. അതിനു പിന്നാലെ അണുബാധയും മറ്റു രോഗങ്ങളും ബാധിച്ചു. ഇത് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ സാരമായി ബാധിച്ചു. 2010ഓടെ പൊതുജീവിതം പൂര്‍ണമായും ഒഴിഞ്ഞു. എന്നിരുന്നാലും, ഡെസ്മണ്ട് ആന്‍ഡ് ലിയ ടുട്ടു ലെഗസി ഫൗണ്ടേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 2019 സെപ്റ്റംബറില്‍ കേപ്ടൗണില്‍ തന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനില്‍, ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മേഗനും നാലുമാസം പ്രായമുള്ള മകന്‍ ആര്‍ച്ചിനും ആതിഥ്യം നല്‍കിയ പരിപാടിയില്‍ ടുട്ടു പങ്കെടുത്തിരുന്നു. ഈവര്‍ഷം മെയില്‍, കേപ്ടൗണില്‍ പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട ടുട്ടു കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തിരുന്നു. അവസാനനാളുകളിലും പൊതുസമൂഹത്തിന്റെ നന്മക്കായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 1955ല്‍ ടുട്ടു ലിയയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് നാല് കുട്ടികളും പേരക്കുട്ടികളുമാണുള്ളത്. 

ജനാധിപത്യത്തോടുള്ള 'പ്രണയം'
അസമത്വങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന ടുട്ടു, ജനാധിപത്യത്തിന്റെ വക്താവായിരുന്നു. 1994ല്‍, ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അത് വ്യക്തമായിരുന്നു. 'പ്രണയത്തില്‍ വീഴുന്നതുപോലെ' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വര്‍ണ വിവേചനത്തിനെതിരെ പതിറ്റാണ്ടുകള്‍ പോരാടിയിട്ടും നഷ്ടപ്പെടാതിരുന്ന സവിശേഷമായ നര്‍മബോധവും ആഴമേറിയ വികാരവും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നു. കറുത്തവരും വെള്ളക്കാരും ചേര്‍ന്ന രാജ്യത്തിന്റെ മനസാക്ഷിയുടെ ശബ്ദമായാണ് ടുട്ടുവിനെ പരിഗണിച്ചിരുന്നത്. വിഭജിക്കപ്പെട്ട രാജ്യത്ത്, വിശ്വാസത്തിന്റെയും അനുരഞ്ജന മനോഭാവങ്ങളുടെയും ശാശ്വതമായ സാക്ഷ്യമായിരുന്നു അദ്ദേഹം. ന്യൂനപക്ഷമായ വെള്ളക്കാരുടെ സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം നിരന്തരം പ്രസംഗിച്ചു. ആ കാലവും വാഴ്ചയും അവസാനിച്ചെങ്കിലും സ്വച്ഛമായ, ശരിയായ ദക്ഷിണാഫ്രിക്കയ്ക്കായുള്ള പോരാട്ടം അവസാനിപ്പിച്ചില്ല. വെള്ളക്കാരായ ആഫ്രിക്കക്കാരെ എത്രത്തോളം കടന്നാക്രമിച്ചോ അത്രത്തോളം തന്നെ കറുത്തവര്‍ക്കിടയിലെ രാഷ്ട്രീയ വരേണ്യവര്‍ഗത്തെയും അദ്ദേഹം ആക്രമിച്ചു. 

എല്ലാ അര്‍ത്ഥത്തിലും ദക്ഷിണാഫ്രിക്ക ഒരു 'മഴവില്‍ രാഷ്ട്രം' ആകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹം. രാജ്യത്തെ സവിശേഷ സാഹചര്യമാണ് അത്തരമൊരു ആഗ്രഹത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ജനസംഖ്യ താരതമ്യേന കുറവായിരുന്നെങ്കിലും, വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ജനസമൂഹങ്ങളും അവരുടെ സംസ്‌കാരങ്ങളും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വൈവിധ്യത്തിന്റെ നാടായി മാറ്റിയിരുന്നു. വിവിധ ഭാഷകള്‍, ശൈലികള്‍, ജീവിത രീതികള്‍, പാരമ്പര്യം എന്നിങ്ങനെ ഉള്‍ച്ചേര്‍ന്നപ്പോള്‍ അത് മഴവില്‍ പോലെ മനോഹരമായി. ജനാധിപത്യത്തില്‍, ആ വൈവിധ്യം ശരിയായ രീതിയില്‍ തുടരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. ബൈബിളിലെ പഴയനിയമത്തിലെ ചില പ്രമാണങ്ങളും അദ്ദേഹത്തിന്റെ 'മഴവില്‍' ചിന്തയെ സ്വാധീനിച്ചിരുന്നതായി നിരീക്ഷകര്‍ പറയുന്നു. ലോകത്തിലെ ദുഷ്ടരെ മുഴുവന്‍ നശിപ്പിച്ച പ്രളയത്തില്‍നിന്ന്, പെട്ടകത്തില്‍ കയറി രക്ഷപെട്ട നോഹയ്ക്കും മറ്റു ജന്തുജാലങ്ങളോടുമായി ദൈവം നല്‍കിയ ഉടമ്പടിയുടെ അടയാളമായാണ് ബൈബിളില്‍ മഴവില്ലിനെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു പ്രളയംകൊണ്ട് ലോകത്തെ നശിപ്പിക്കില്ലെന്നാണ് ആകാശത്ത് മഴവില്‍ അടയാളമാക്കി ദൈവം നോഹയ്ക്ക് നല്‍കിയ വാക്ക്. അങ്ങനെ പ്രതീക്ഷയുടെയും ശോഭനമായ ഭാവിയുടെയും പ്രതീകമാണ് മഴവില്‍. നശിച്ചൊരു വ്യവസ്ഥിതിയില്‍നിന്ന് പുരോഗമനപരവും ജനാധിപത്യപരവുമായ വ്യവസ്ഥിതിയിലേക്കുള്ള നല്ല മാറ്റത്തെ, ശോഭനമായ ഭാവിയെ അടയാളപ്പെടുത്താന്‍ 'മഴവില്‍ രാഷ്ട്രം' എന്ന പ്രയോഗത്തെ ടുട്ടു ഏറെ ആശ്രയിച്ചതും അതിനാലാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, താന്‍ ആഗ്രഹിച്ചതുപോലൊരു 'മഴവില്‍ രാഷ്ട്രം' യാഥാര്‍ത്ഥ്യമായിട്ടില്ലെന്ന ആശങ്കകള്‍ അവസാനനാളുകളില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു.  

വര്‍ണവിവേചനത്തിനെതിരായ തന്റെ നിലപാടുകള്‍ രാഷ്ട്രീയത്തേക്കാള്‍ ധാര്‍മികമാണെന്നായിരുന്നു ടുട്ടുവിന്റെ വാക്കുകള്‍. കറുത്തവര്‍ഗക്കാരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പ്രസംഗിച്ചുമടുത്തു. മനുഷ്യജീവിതങ്ങളെ പാഴാക്കുന്ന ശ്രമങ്ങള്‍ തടയേണ്ട സമയമാണിതെന്ന് ഉറക്കെ പ്രസ്താവിക്കാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നായിരുന്നു ടുട്ടുവിനെ മണ്ടേല വിശേഷിപ്പിച്ചത്. കര്‍ക്കശക്കാരനായിരുന്നു എന്നാല്‍ ആര്‍ദ്രതയുള്ളവനായിരുന്നു. നര്‍മ്മബോധം ഉണ്ടായിരുന്നു എന്നാല്‍ ഒരിക്കലും ആരെയും ഭയമില്ലാത്തവനും ആയിരുന്നു ടുട്ടുവെന്നാണ് മണ്ടേല സുഹൃത്തിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. മണ്ടേലയുടെ കീഴില്‍ ദക്ഷിണാഫ്രിക്ക ജനാധിപത്യത്തിലേക്ക് മാറുമ്പോള്‍ അതിനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തുകൊണ്ട് ഒപ്പം നിന്നത് ടുട്ടു ആയിരുന്നു. എന്നാല്‍, വര്‍ണവിവേചനത്തോടെന്ന പോലെ ജനാധിപത്യത്തിലെ മൂല്യങ്ങളോടും വ്യവസ്ഥകളോടും അദ്ദേഹം കണിശത പുലര്‍ത്തിയിരുന്നു. അധികാരത്തിന്റെയും പദവിയുടെയും സുരക്ഷിതത്വത്തില്‍ ഉത്തരവാദിത്തം മറക്കുന്നവരെ അദ്ദേഹം ചോദ്യം ചെയ്തു. മണ്ടേലയ്ക്കും ടുട്ടുവിന്റെ വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഗ്രേസ മാഷെലുമായുള്ള മണ്ടേലയുടെ ബന്ധം ടുട്ടുവിന്റെ കോപത്തിനും കാരണമായി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്കെതിരെയും ടുട്ടു നിലപാടെടുത്തു. 2003ല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ വര്‍ധിക്കുന്നതിനിടെയും സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും ടുട്ടു രംഗത്തെത്തിയിരുന്നു. എല്ലാ അര്‍ത്ഥത്തിലും സമത്വസുന്ദരമായ ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെട്ട, 'മഴവില്‍ രാഷ്ട്രം'  എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകില്ലെന്ന് അവസാന നാളുകളില്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു.