രാജ്യം വിടുമ്പോള്‍ ചെരുപ്പ് മാറ്റാനുള്ള സമയം പോലും ലഭിച്ചില്ല; ആരോപണങ്ങളില്‍ പ്രതികരിച്ച് അഷ്‌റഫ് ഗനി

 
d

താലിബാന്‍ ഭീകരര്‍ രാജ്യം കൈയ്യടക്കിയതോടെ യു.എ.ഇയില്‍ അഭയം പ്രാപിച്ച അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ആദ്യ വീഡിയോ പുറത്തുവന്നു. ഫേസ്ബുക്കിലൂടെ ഗനി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. താന്‍ അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാന്‍ പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ എന്നും ഗനി പ്രതികരിച്ചു. 

രാജ്യം താലിബാന്‍ തീവ്രവാദികളുടെ കൈകളിലമര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വിശദീകരണവുമായി അഷ്റഫ് ഗനി രംഗത്തെത്തിയിരിക്കുന്നത്. രക്തചൊരിച്ചില്‍ ഇല്ലാതിരിക്കാനാണ് താന്‍ രാജ്യം വിട്ടതെന്നും തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഗനി പറഞ്ഞു. താന്‍ ലക്ഷക്കണക്കിന് രൂപ പെട്ടിയിലാക്കി കടത്തിയെന്ന താജിക്കിസ്ഥാനിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ ആരോപണം തെറ്റാണ്. ധരിച്ച ഒരു ജോഡി വസ്ത്രവും ഒരു ചെരിപ്പും മാത്രമാണ് താന്‍ എടുത്തതെന്നും ഗനി വീഡിയോയില്‍ പറയുന്നു. താന്‍ യു.എ.ഇയിലാണ് ഉള്ളത് അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് ഞാന്‍ നന്ദി പറയുന്നുവെന്നും ഗനി വീഡിയോയില്‍ പറഞ്ഞു.

'ഇപ്പോള്‍ ഞാന്‍ എമിറേറ്റ്സിലാണ്. അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്. സ്വന്തം രാജ്യത്തേക്ക് തിരികെ വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, പണം കൈമാറ്റം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുന്നില്‍ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറപ്പെട്ടേനെ', അഷ്‌റഫ് ഗനി പറഞ്ഞു

ഒരു ഹെലികോപ്റ്ററിലും നാല് കാറുകളിലും നിറയെ പണവുമായാണ് ഗനി രാജ്യം വിട്ടതെന്ന് രണ്ട ദിവസം മുമ്പാണ് റഷ്യന്‍ എംബസി ആരോപണം ഉന്നയിച്ചത്. ഹമീദ് കര്‍സായി, അബ്ദുളള അബ്ദുള്ള എന്നിവരും താലിബാന്‍ മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗനി പറഞ്ഞു.