മെഡിറ്ററേനിയനില്‍ അവസാനിക്കുന്ന പ്രാണപ്രയാണങ്ങള്‍; ഈ വര്‍ഷം മാത്രം മുങ്ങിമരിച്ചവര്‍ 1500

 
Refugee
50 പേര്‍ സഞ്ചരിച്ച ബോട്ടാണ് കഴിഞ്ഞദിവസം മുങ്ങിയത്

മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. 50 പേരോളം സഞ്ചരിച്ചിരുന്ന ബോട്ടാണ് ഫോലെഗാന്‍ഡ്രോസ് ദ്വീപിനു സമീപം മുങ്ങിയത്. ഇതുവരെ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. നിരവധിപ്പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസങ്ങള്‍ക്കുമുമ്പ് ലിബിയന്‍ തീരത്ത് 164 പേര്‍ മുങ്ങിമരിച്ചതായി യുഎന്‍ മൈഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് ദുരന്തം ആവര്‍ത്തിച്ചിരിക്കുന്നത്. ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും യുദ്ധവും ദാരിദ്ര്യവുമാണ് ആളുകളെ യൂറോപ്പിലേക്ക് രക്ഷപെടാന്‍ നിര്‍ബന്ധിക്കുന്നത്. പ്രാണരക്ഷാര്‍ത്ഥമുള്ള ഇത്തരം പ്രയാണങ്ങളാണ് മെഡിറ്ററേനിയനില്‍ ദാരുണമായി അവസാനിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 1500 പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സമിതിയുടെ കണക്കുകള്‍.

ഫോലെഗാന്‍ഡ്രോസ് ദ്വീപിനു സമീപം അപകടമുണ്ടായശേഷം 24 മണിക്കൂര്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തെ അതിജീവിച്ചവരെ കണ്ടെത്താന്‍ സാധ്യതയില്ലെന്നാണ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍ തണുത്തുറഞ്ഞ്, ആഴമുള്ള വെള്ളത്തില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്താനുള്ള സാധ്യത മണിക്കൂറുകള്‍ പിന്നിടുന്തോറും കുറയുന്നു. പലര്‍ക്കും ബോട്ടില്‍നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അതിനാല്‍ അവരെല്ലാം ബോട്ടോടെ തന്നെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് ഭയക്കുന്നത്. ഇതുവരെ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഹെല്ലനിക് കോസ്റ്റ്ഗാര്‍ഡ് വക്താവ് നിക്കോസ് കൊക്കാലാസ് പറഞ്ഞു.

ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും യുദ്ധവും ദാരിദ്ര്യവുമാണ് ആളുകളെ യുറോപ്പിലേക്ക് രക്ഷപെടാന്‍ നിര്‍ബന്ധിതരാക്കുന്നത്. 2011ല്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ നാറ്റോ സൈന്യം വധിച്ചതിനുശേഷം ലിബിയ കടുത്ത ദാരിദ്ര്യത്തിലാണ്. യുഎന്‍ അംഗീകരിച്ചതും മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചതുമായ വെവ്വേറെ ഭരണകൂടങ്ങളാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. ഭരണപ്രക്രിയകള്‍ പരാജയപ്പെടുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും മുടങ്ങുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതോടെ, ആളുകള്‍ കൂട്ടത്തോടെ രാജ്യം വിടുകയാണ്. പ്രധാന ട്രാന്‍സിറ്റ് പോയിന്റായ ലിബിയന്‍ തീരത്ത് കഴിഞ്ഞയാഴ്ച 164 പേരാണ് മുങ്ങിമരിച്ചതെന്ന് യുഎന്‍ കുടിയേറ്റ സമിതി പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 102 പേര്‍ മരിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് 62 പേര്‍ മരിച്ചത്. അതേസമയം, കഴിഞ്ഞദിവസം 210 പേരുമായി ലിബിയയില്‍നിന്നും പോയ ബോട്ട് അധികൃതര്‍ തിരിച്ചയച്ചിരുന്നു. മെഡിറ്ററേനിയനിലൂടെ യാത്ര ചെയ്തവരില്‍, ഈ വര്‍ഷം ഇതുവരെ 1500 പേരിലധികം മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് കുടിയേറ്റ സമിതിയുടെ കണക്ക്. 31,500ലേറെ ആളുകളെ മടക്കി അയച്ചു. കഴിഞ്ഞവര്‍ഷം 980 പേരാണ് മരിച്ചത്. 11,900 പേരെ അധികൃതര്‍ മടക്കി അയച്ചിരുന്നു. 

തടി ബോട്ടുകളാണ് ആളുകള്‍ രക്ഷപെടാന്‍ ഉപയോഗിക്കുന്നത്. പ്രക്ഷുബ്ധമായ കടലില്‍ ഇവ തകര്‍ന്നടിയുന്നതോടെ, രക്ഷപെടാന്‍ സാധിക്കാത്തവിധം ഇവര്‍ ആഴങ്ങളിലേക്ക് വീണുപോകുകയാണ് പതിവ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും, ബോട്ടില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഇറ്റലി ലക്ഷ്യമിട്ടുള്ള അഭയാര്‍ഥികളുടെ ബോട്ട് യാത്രകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം മാത്രം 12,000 പലായനങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായത്. എല്ലാക്കാലത്തും ഇത്തരം യാത്രകള്‍ക്കായി ആളുകള്‍ ശ്രമിക്കുന്നു എന്നതാണ് ഏറെ ഗൗരവത്തോടെ കാണേണ്ടത്. ഇത് വസന്തകാലത്തോ വേനല്‍ക്കാലത്തോ മാത്രമായി സംഭവിക്കുന്ന ഒരു പ്രതിഭാസമല്ലെന്നും നിക്കോസ് കൊക്കാലാസ് പറയുന്നു. 

ആഴക്കടലില്‍ മുങ്ങിത്താഴാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ആളുകള്‍ ഇത്തരം യാത്രകള്‍ക്ക് തയ്യാറാകുന്നത്. ജീവന്‍ പണയപ്പെടുത്തിയും സുരക്ഷിതത്വം തേടിയുള്ള നിരാശാജനകമായ യാത്രകള്‍ തുടരുന്നു എന്നതിന്റെ ശക്തമായ ഓര്‍മപ്പെടുത്തലാണ് ഓരോ അപകടങ്ങളും. നിയമപരവും സുരക്ഷിതവുമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍, ഇവര്‍ക്കെല്ലാം തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. നിരവധിപ്പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതും അതിലൂടെ ഒഴിവാക്കാം -യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ ഏഥന്‍സ് വക്താവ് സ്റ്റെല്ല നാനൂ അഭിപ്രായപ്പെടുന്നു.

Photo: Greece remains an initial destination for many attempting to enter the EU. Photograph: Bruno Thevenin/AP (The Guardian)