ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് അന്തരിച്ചു

 
ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് അന്തരിച്ചു

ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് അന്തരിച്ചു. 91 വയസ്സായിരുന്നു. 1981 മുതല്‍ 2011 വരെ ഈജിപ്റ്റ് പ്രസിഡന്റ് ആയിരുന്നു ഹോസ്‌നി മുബാറക്ക്. 2011ല്‍ അറബ് വസന്തം എന്നറിയപ്പെട്ട ജനകീയപ്രക്ഷോഭത്തിലാണ് ഹോസ്‌നി മുബാറക്ക് പുറത്താക്കപ്പെട്ടത്. ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡന്റായിരുന്ന ഹോസ്‌നി മുബാറക്ക് സ്വേച്ഛാധിപത്യഭരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. ജനകീയ വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുബാറക്കിനെ ജയിലിലടച്ചിരുന്നു. 2017നാണ് മോചിതനായത്. മിക്ക കുറ്റങ്ങളിലും മുബാറക്കിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ഹോസ്‌നി മുബാറക്ക്. കയ്‌റോയിലെ ഗലാ മിലിട്ടറി ഹോസ്പിറ്റലിലാണ് അന്ത്യമെന്ന് ഭാര്യാസഹോദരന്‍ ജനറല്‍ മൊനീര്‍ താബെറ്റ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. ഭരണകാലത്ത് യുഎസിന്റെ അടുത്തയാളായാണ് ഹോസ്‌നി മുബാറക്ക് അറിയപ്പെട്ടത്. ഇതുമൂലം ഇസ്രയേലുമായി സമാധാനത്തിലായിരുന്നു ഈജിപ്റ്റ്. എന്നാല്‍ 2011ല്‍ ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന് പിന്നാലെ ഈജിപ്റ്റിലേയ്ക്ക് പടര്‍ന്ന ജനാധിപത്യ പ്രക്ഷോഭം ഹോസ്‌നി മുബാറക്കിനെ ഉലച്ചു. കയ്‌റോയിലെ തഹ്രീര്‍ സ്‌ക്വയറില്‍ മുബാറക്ക് ഭരണകൂടത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭരംഗത്ത് വന്നത്. 18 ദിവസത്തെ പ്രക്ഷോഭത്തിന് ശേഷമാണ് മുബാറക്ക് അധികാരം വിട്ടത്.

1928ല്‍ നൈല്‍ നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലാണ് ഹോസ്‌നി മുബാറക്കിന്റെ ജനനം. 1949ല്‍ ഈജിപ്ഷ്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. 1972ല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി. യോംകിപ്പൂര്‍ യുദ്ധത്തിനിടെ സിനായ് കുന്നുകളില്‍ ഇസ്രയേലിന് ഏല്‍പ്പിച്ച ആഘാതങ്ങള്‍, ഹോസ്‌നി മുബാറക്കിനെ ദേശീയ ഹീറോയാക്കി. അടിച്ചമര്‍ത്തലും പൊലീസ്-സൈനിക ക്രൂരതകളും നിറഞ്ഞതായിരുന്നു ഹോസ്‌നി മുബാറക്കിന്റെ ഭരണകാലം. മുബാറക്കിന്റെ കാലത്ത് എല്ലാ വര്‍ഷവും 1.3 ബില്യണ്‍ ഡോളറിന്റെ സൈനികസഹായം ഈജിപ്റ്റിന് യുഎസ് നല്‍കിയിരുന്നു.