കാലാവസ്ഥാ പ്രതിസന്ധി; എണ്ണ, വാതക സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് അവസാനിപ്പിക്കുന്നു

 
Oil Company

കാലാവസ്ഥാ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക നീക്കവുമായി യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (ഇഐബി). എണ്ണ, വാതക കമ്പനികള്‍ക്ക് വായ്പകള്‍ അനുവദിക്കുന്ന തരത്തില്‍ നിയമങ്ങളിലുള്ള പഴുതുകള്‍ ഇല്ലാതാക്കുമെന്നാണ് ഇഐബി അറിയിച്ചിരിക്കുന്നത്. കോപ് 26 കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കാനിരിക്കെയാണ് യൂറോപ്യന്‍ യൂണിയന്റെ വായ്പാ വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ, ഫോസില്‍ ഇന്ധന പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് ഇഐബി നിരോധിച്ചിരുന്നു. 

160 രാജ്യങ്ങളില്‍ സജീവമായ ലോകത്തിലെ ഏറ്റവും വലിയ ബഹുമുഖ ബാങ്കാണ് ഇഐബി. ഫോസില്‍ ഇന്ധന പദ്ധതികള്‍ക്കുള്ള വായ്പകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് 2019ല്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു. 'ക്ലൈമറ്റ് ബാങ്ക്' എന്ന ആശയമാണ് ഇഐബി ലക്ഷ്യമിട്ടത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും പ്രചാരണ സംഘങ്ങളും ഇഐബിയുടെ നീക്കത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും, വായ്പാ നയത്തില്‍ നിരവധി പഴുതുകളുണ്ടെന്നും അവ പരിഹരിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ്, കാലാവസ്ഥ സംബന്ധിച്ച തങ്ങളുടെ ലക്ഷ്യങ്ങളിലുള്ള പൊരുത്തക്കേടുകള്‍ അവസാനിപ്പിക്കാന്‍ ഇഐബി തീരുമാനിച്ചിരിക്കുന്നത്. 

2022 മുതല്‍, കുറഞ്ഞ കാര്‍ബണ്‍ പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന, മലിനീകരണത്തിന് കാരണക്കാരാകുന്ന കമ്പനികള്‍ക്ക് ഇഐബി വായ്പകള്‍ അനുവദിക്കില്ല. അതായത്, ഒരു എണ്ണ കമ്പനിയുടെ കാറ്റാടി ഊര്‍ജ പദ്ധതിക്ക് ബാങ്ക് വായ്പ അനുവദിക്കില്ല. ഇഐബി വായ്പകളുടെ എല്ലാ സ്വീകര്‍ത്താക്കളും ഡീകാര്‍ബണൈസേഷന്‍ പ്ലാനുകള്‍ തയ്യാറാക്കേണ്ടിവരും. കാലാവസ്ഥാ പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകളും തങ്ങളും കേള്‍ക്കുന്നുണ്ടെന്ന് ഇഐബി പ്രസിഡന്റ് വെര്‍നര്‍ ഹൊയെര്‍ വ്യക്തമാക്കി. കാലാവസ്ഥ സംരക്ഷണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മുന്‍നിര ബഹുമുഖ ബാങ്കുകളില്‍ ഒന്നെന്ന നിലയില്‍, കാലാവസ്ഥ സംരക്ഷണം സംബന്ധിച്ച ലക്ഷ്യങ്ങളും ആഗ്രഹങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. പാരിസ് ഉടമ്പടി മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്ക് വായ്പ ലഭ്യമാക്കില്ലെന്നും ഇഐബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇഐബിയില്‍നിന്ന് 10 ശതമാനത്തോളം വായ്പകള്‍ സ്വീകരിക്കുന്ന അമ്പതോളം കമ്പനികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ബാധിച്ചേക്കാവുന്നതാണ് തീരുമാനം. എന്നാല്‍, ഒറ്റരാത്രികൊണ്ട് ഇഐബി വായ്പകള്‍ അനുവദിച്ചേക്കില്ല. പാരീസ് ഉടമ്പടി വ്യവസ്ഥകള്‍ക്ക് അനുസൃതമായ ബിസിനസ് പ്ലാനുകള്‍ വികസിപ്പിക്കാന്‍ കമ്പനികളെ സഹായിക്കാന്‍ ബാങ്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കൂടാതെ, ഇഐബി വായ്പകളുടെ പ്രയോജനം ബാങ്കുകള്‍ക്ക് ലഭിക്കണമെങ്കില്‍, സുതാര്യത സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. കാലാവസ്ഥാ അനുബന്ധ സാമ്പത്തിക വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച ടാസ്‌ക് ഫോഴ്‌സ് മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. ഡീകാര്‍ബണൈസേഷന്‍ പ്ലാനുകള്‍, മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള വ്യക്തമായ പദ്ധതികള്‍എന്നിവ തയ്യാറാക്കി സമര്‍പ്പിക്കാനും ബാങ്കുകളും കമ്പനികളുമൊക്കെ ബാധ്യസ്ഥരാകും.