വിശ്വാസ്യത നഷ്ടപ്പെട്ട 'രക്ത പരിശോധന'; എലിസബത്ത് ഹോംസ് എന്ന ശതകോടീശ്വരിയുടെ പതനം

 
Holmes
നിക്ഷേപകരെ കബളിപ്പിച്ചെന്ന 11 കേസുകളില്‍ നാലെണ്ണത്തില്‍ കുറ്റക്കാരിയുഎസ് ആരോഗ്യരംഗത്തെ വലിയ വിപ്ലവങ്ങളിലൊന്നായിരുന്നു 2003ല്‍ തുടങ്ങിയ 'തെറാനോസ്' എന്ന സ്റ്റാര്‍ട്ടപ്പ്. ഫിംഗര്‍പ്രിക്കില്‍ നിന്നുള്ള ചെറിയ അളവിലുള്ള രക്തം ഉപയോഗിച്ചുള്ള പരിശോധനാ രീതികള്‍ വികസിപ്പിച്ചെന്ന അവകാശവാദമാണ് തെറാനോസിന് ആഗോള ശ്രദ്ധ നല്‍കിയത്. ഓട്ടോമേറ്റഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അതിവേഗം പരിശോധനാഫലവും ലഭ്യമാക്കിയതോടെ, കമ്പനിയുടെ മൂല്യം കുതിച്ചുയര്‍ന്നു. തെറാനോസ് സ്ഥാപകയായ, സ്റ്റാന്‍ഫഡ് സര്‍വകലാശാലാ ഡ്രോപ്പ്ഔട്ടായ എലിസബത്ത് ആന്‍ ഹോംസ് എന്ന 19കാരിയുടെ വളര്‍ച്ചയുടെ ഗ്രാഫും അവിടെ തുടങ്ങി. 2015 എത്തുമ്പോള്‍, ഒമ്പത് ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഹോംസ് സ്വന്തമാക്കിയത്. ഫോബ്‌സും ഫോര്‍ച്യൂണും ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരിയായി ഹോംസിനെ വിശേഷിപ്പിച്ചു. എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയേറിയ ഹോംസിന്റെ വീഴ്ച പെട്ടെന്നായിരുന്നു. തെറാനോസിന്റെ അവകാശവാദങ്ങള്‍ ശുദ്ധ തട്ടിപ്പുകളാണെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനു പിന്നാലെ, ഒരു വര്‍ഷത്തിനിപ്പുറം ഹോംസിന്റെ ആസ്തി പൂജ്യമാണെന്ന് പ്രസിദ്ധീകരിച്ച് ഫോബ്‌സ് തെറ്റുതിരുത്തി. 'ലോകത്തിലെ ഏറ്റവും നിരാശപ്പെടുത്തിയ നേതാക്കളില്‍ ഒരാള്‍' എന്നായിരുന്നു ഫോര്‍ച്യൂണ്‍ നല്‍കിയ വിശേഷണം. ഏറ്റവുമൊടുവില്‍, നിക്ഷേപകരെ കബളിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട 11 കേസുകളില്‍ നാലെണ്ണത്തില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ, തെറാനോസിനൊപ്പം ഹോംസിന്റെയും തകര്‍ച്ച പൂര്‍ണമാവുകയാണ്. 

ചെലവ് കുറഞ്ഞ രക്തപരിശോധനയിലൂടെ രോഗനിര്‍ണയം എന്നതായിരുന്നു തെറാനോസിന്റെ അവകാശവാദം. സിറിഞ്ച് ഉപയോഗിക്കാതെ, വിരല്‍ തുമ്പില്‍ നിന്നുള്ള രക്തമെടുത്ത് പരിശോധനാ നടത്താനുള്ള സംവിധാനമാണ് തെറാനോസ് സജ്ജമാക്കിയത്. മറ്റു കമ്പനികളും സംവിധാനങ്ങളും പരിശോധനയ്‌ക്കെടുക്കുന്ന രക്തത്തിന്റെ നൂറില്‍ ഒരംശം സാമ്പിള്‍ മാത്രമാണ് തെറാനോസിന് വേണ്ടിയിരുന്നത്. ഏതു രോഗമായാലും പരിശോധനാഫലം മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഓട്ടോമേറ്റഡ് ഉപകരണങ്ങളും തെറാനോസിന് സ്വന്തമായിരുന്നു. ആഗോള പ്രശസ്തി വര്‍ധിച്ചതോടെ, നിക്ഷേപകര്‍ ഒഴുകിയെത്തി. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്ക്, ഡൊണാള്‍ഡ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡിവോസ്, വാള്‍മാര്‍ട്ട് അവകാശി ആലീസ് വാള്‍ട്ടണ്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ടിം ഡ്രേപ്പര്‍, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്‌ലിം തുടങ്ങി നിരവധി മുതിര്‍ന്ന യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിക്ഷേപകരായി. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍, ബില്‍ ക്ലിന്റന്റെ പ്രതിരോധ സെക്രട്ടറി വില്യം പെറി, റൊണാള്‍ഡ് റീഗന്റെ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ് ഷള്‍ട്ട്‌സ്, ട്രംപിന്റെ പ്രതിരോധ സെക്രട്ടറിയായിരുന്ന ജനറല്‍ ജിം മാറ്റിസ്, മുന്‍ സെനറ്റ് ഭൂരിപക്ഷ നേതാവ് ബില്‍ ഫ്രിസ്റ്റ് എന്നിങ്ങനെ നിരവധിപ്പേരുകള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി കമ്പനി തങ്ങളുടെ പ്രശസ്തി വര്‍ധിപ്പിച്ചു. നിലവിലെ യുഎസ് പ്രസിഡന്റായ ജോ ബൈഡന്‍, 2015ല്‍ വൈസ് പ്രസിഡന്റായിരുന്ന നാളില്‍ തെറാനോസ് ലാബ് സന്ദര്‍ശിച്ചിരുന്നു. 

Also Read : സുള്ളി ഡീല്‍സ്, ബുള്ളി ബായ്: മുസ്ലീം, സ്ത്രീ വിരുദ്ധതയുടെ ആവര്‍ത്തിക്കപ്പെടുന്ന സൈബര്‍ പതിപ്പുകള്‍ 

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയാണ് കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. രക്തം പരിശോധിക്കാന്‍ എത്തുന്ന പലര്‍ക്കും മാരക രോഗങ്ങള്‍ ഉള്ളതായാണ് ഫലങ്ങള്‍ ലഭിച്ചിരുന്നത്. ഇതോടെ, തെറാനോസിന്റെ പരിശോധനാ രീതികളിലും സാങ്കേതിക വിദ്യങ്ങളിലും സംശയം ഉയര്‍ന്നു. കമ്പനിയുടെ സാങ്കേതിക അവകാശവാദങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന അന്വേഷണങ്ങളുണ്ടായി. 2015ല്‍ തെറാനോസിന്റെ പേരില്‍ ഹോംസ് നടത്തുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണാത്മ റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടു. ഏതെങ്കിലും സയന്‍സ് ജേണലുകള്‍ പ്രിയര്‍ റിവ്യൂ ചെയ്യാത്ത തെറാനോസ് സാങ്കേതിക വിദ്യ നിരവധി സംശയങ്ങള്‍ക്ക് കാരണമായി. ഒട്ടും സുതാര്യമല്ലാത്ത പരിശോധനാ, രോഗനിര്‍ണയ സംവിധാനങ്ങള്‍ക്കെതിരെ മെഡിക്കല്‍ സമൂഹത്തില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായും തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. തെറാനോസ് പരിശോധനകള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ പരിപൂര്‍ണ അംഗീകാരം നല്‍കിയിരുന്നില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍, രക്തപരിശോധനാ സാങ്കേതികവിദ്യയുടെ കൃത്യതയെക്കുറിച്ച് തെറ്റായതോ അതിശയോക്തിപരമോ ആയ അവകാശവാദങ്ങളിലൂടെ തെറാനോസ് നിക്ഷേപകരെ വഞ്ചിച്ചതായി 2018ല്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍, 500,000 ഡോളര്‍ പിഴ നല്‍കാനും തട്ടിപ്പ് സമയത്ത് സ്വന്തമാക്കിയ 18.9 ദശലക്ഷം ഓഹരികള്‍ തിരികെ നല്‍കാനും പദവിയില്‍നിന്ന് മാറിനില്‍ക്കാനും സമ്മതിച്ചുകൊണ്ട് മുന്നോട്ടുപോകാനായിരുന്നു ഹോംസിന്റെ നീക്കം. എന്നാല്‍ 2018 ജൂണില്‍, നിക്ഷേപകരെ വഞ്ചിച്ചത് ഉള്‍പ്പെടെ കേസുകളില്‍ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി കുറ്റപത്രം പ്രഖ്യാപിച്ചതോടെ, അതേവര്‍ഷം സെപ്റ്റംബറില്‍ തെറാനോസ് പിരിച്ചുവിട്ടു.

Also Read : 'കുരുക്കുകള്‍' അഴിഞ്ഞു; ശിവശങ്കര്‍ തിരിച്ചുവരുന്നു

കോവിഡ് മൂലം വൈകിയ വിചാരണ, കഴിഞ്ഞ സെപ്റ്റംബറിലാണ് കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ആരംഭിച്ചത്. ഒരാഴ്ച നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, 11 കുറ്റങ്ങളില്‍ നാലെണ്ണത്തില്‍ ഹോംസ് കുറ്റക്കാരിയാണെന്ന് വിധിക്കപ്പെട്ടു. നിക്ഷേപകരെയും രോഗികളെയും കബളിപ്പിക്കുക, അവര്‍ക്കെതിരെ ഗൂഢാലോചന നടത്തുക എന്നിങ്ങനെയാണ് ഹോംസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 80 വര്‍ഷത്തോളം തടവു ശിക്ഷ അനുഭവിക്കാവുന്നതാണ് കുറ്റങ്ങള്‍. തെറാനോസില്‍ പരിശോധനയ്‌ക്കെത്തുന്നവര്‍ അക്ഷരാര്‍ഥത്തില്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വിധിയില്‍ പ്രസ്താവിച്ചത്. കച്ചവടത്തിനായി കമ്പനി വിശ്വാസ വഞ്ചന നടത്തി. അത് ഗുരുതരമായ കുറ്റമായാണ് പരിഗണിക്കുന്നത്. അതേസമയം, തെറാനോസിന്റെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതിന്റെ വിജയത്തിനായി വളരെയധികം നിക്ഷേപിക്കുകയും ചെയ്തുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് ഹോംസ് പറഞ്ഞത്. കാമുകനും കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന രമേഷ് ബല്‍വാനിയുടെമേല്‍ ചില കുറ്റങ്ങള്‍ ചാര്‍ത്താനും ഹോംസ് ശ്രമിച്ചു. ബല്‍വാനി മാനസികമായും ശാരീരികമായും ലൈംഗികമായും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഹോംസ് ആരോപിച്ചത്. എന്നാല്‍ ഹോംസിന്റെ ശ്രമങ്ങള്‍ ഫലംകണ്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും ഹോംസിന് തിരിച്ചടിയായി. ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള പരിശോധനയാണ് ലാബില്‍ നടത്തുന്നതെന്ന് വ്യക്തമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു പലരും മൊഴി നല്‍കിയത്. ഇതുംകൂടി കണക്കിലെടുത്താന്‍ ഹോംസിന് ശിക്ഷ വിധിച്ചത്. 

തെറാനോസിന്റെ കഥ സിലിക്കണ്‍വാലിക്ക് ഒരു പാഠമാണെന്നും ജൂറി നിരീക്ഷിച്ചു. വിപ്ലവകരമായ ഒരു വ്യവസായത്തിനായി ശ്രമിക്കുന്നവര്‍ തങ്ങളുടെ നിക്ഷേപകരോട് വിശ്വാസ്യത പുലര്‍ത്തണം. തങ്ങളുടെ സാങ്കേതികവിദ്യ എന്താണെന്നും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നുമുള്ള സത്യസന്ധമായ കാര്യങ്ങള്‍ നിക്ഷേപകരോട് അറിയിക്കേണ്ടതുണ്ടെന്നും ജൂറി പറഞ്ഞു. അതേസമയം, പ്രശസ്തി കണ്ട് കമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പുകളുടെ രഹസ്യ ലോകത്തേക്കുള്ള ഒരു ജാലകമാണ് തുറക്കപ്പെട്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതി. സിഇഒമാര്‍ അപൂര്‍വമായി മാത്രം വിചാരണ നേരിടുകയും കമ്പനികള്‍ പലപ്പോഴും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മേഖലയിലെ പുതിയ സംഭവമായാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ഹോംസിന്റെ കേസിനെ വിശേഷിപ്പിക്കുന്നത്.