കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു; ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്നും കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചെന്നും മസ്കിന്റെ അഭിഭാഷകന് മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കി. 4400 കോടി ഡോളറിന്റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്മാറുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മസ്ക് ട്വിറ്ററിനെ അറിയിച്ചിരുന്നു. മസ്ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഭിഭാഷകന് അറിയിച്ചു. മസ്കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്നാണ് ട്വിറ്ററിന്റെ വാദം. എന്നാല്‍ അങ്ങനെയല്ല, ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ട് എന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്. കരാറില്‍നിന്ന് പിന്മാറിയ ഇലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ നടപടിക്കൊരുങ്ങുന്നതായാണ് വിവരം. ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചും കൂടുതല്‍ വിശ്വാസ്യതയ്ക്ക് വേണ്ടി അല്‍ഗൊരിതം ഓപ്പണ്‍ സോഴ്സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുന്ന വിധം ഫീച്ചറുകള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കരാറിന് പിന്നാലെയുള്ള ഇലോണ്‍ മസ്കിന്റെ പ്രതികരണം.