'ട്വീറ്റുകള്‍ നീക്കം ചെയ്യുന്നത് പരമാവധി ഒഴിവാക്കണം'; ട്രംപിനെ വിലക്കിയത് പിന്‍വലിക്കുമെന്ന് ഇലോണ്‍ മസ്‌ക്

 
trump

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ട്വിറ്റര്‍ വിലക്ക് പിന്‍വലിക്കുമെന്ന് പുതിയ ഉടമസ്ഥനും യുഎസ് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ സ്വന്തമാക്കുന്നതിനായി 44 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ച മസ്‌ക് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ വിലക്ക് പിന്‍വലിക്കുമെന്നും മസ്‌ക് അറിയിച്ചു.

ട്വിറ്റര്‍ ട്രംപിന്റെ വിലക്ക് നീക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ട്വീറ്റുകള്‍ നീക്കം ചെയ്യുന്നത് ട്വിറ്റര്‍ പരമാവധി ഒഴിവാക്കണമെന്നും ആളുകളെ നിരോധിക്കുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ട്രംപിനെ വിലക്കിയ നടപടി തെറ്റായി പോയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് ഫ്യൂച്ചര്‍ ഓഫ് ദി കാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. മസ്‌കിന്റെ പ്രതികരണത്തില്‍ ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജനുവരി ആറിന് യു.എസ് കാപിറ്റോള്‍ കലാപത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തത്. ട്രംപിന്റെ അക്കൗണ്ട് കൂടുതല്‍ അക്രമങ്ങള്‍ക്ക് പ്രേരണയാകാനുള്ള സാധ്യത കാണുന്നുവെന്നാണ് ട്രംപിന് വിലക്കേര്‍പ്പെടുത്തി കൊണ്ട് ട്വിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞത്. 

ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കുമെന്നതിനാല്‍ ട്രംപിന്റെ വിലക്ക് നീക്കുന്നതും നീളും. ജാക്ക് ഡോഴ്‌സി ട്വിറ്റര്‍ സിഇഓ ആയിരുന്ന കാലത്തായിരുന്നു ട്രംപിനെ വിലക്കിയത്. ക്യാപിറ്റോള്‍ ഹില്‍സ് അക്രമങ്ങളോട് അനുബന്ധിച്ച് ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകള്‍ ചെയ്‌തെന്നായിരുന്നു ട്വിറ്റര്‍ കാരണം വ്യക്തമാക്കിയത്. ട്വിറ്ററിന്റെ നടപടി പിന്നീട് മറ്റു ചില സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. നിരോധനം പിന്‍വലിച്ചാല്‍ പോലും ട്വിറ്ററിലേയ്ക്ക് തിരിച്ചെത്തില്ലെന്നായിരുന്നു അന്ന് ട്രംപിന്റെ പ്രതികരണം. ട്വിറ്ററിനു ബദലായി പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നു.