ആഗോളതാപനത്തിനെതിരെ ലോകരാജ്യങ്ങളുടെ നടപടികള്‍ അപര്യാപ്തം: ഐക്യരാഷ്ട്രസഭ കാലാവസ്ഥാ റിപ്പോര്‍ട്ട്

 
ആഗോളതാപനത്തിനെതിരെ ലോകരാജ്യങ്ങളുടെ നടപടികള്‍ അപര്യാപ്തം: ഐക്യരാഷ്ട്രസഭ കാലാവസ്ഥാ റിപ്പോര്‍ട്ട്

ആഗോളതാപനത്തെ ചെറുക്കുന്നതിന് ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി ഏജന്‍സി (Environment Programme (UNEP)) മുന്നറിയിപ്പ് നൽകി. ആഗോളതാപനത്തിന്റെ കഠിനമായ പ്രത്യാഘാതങ്ങൾ അനുഭവിക്കാതിരിക്കണമെങ്കില്‍ ഹരിതഗൃഹ വാതകങ്ങള്‍ (ജിഎച്ച്ജി) പുറന്തള്ളുന്നത് കുറഞ്ഞത് മൂന്നിരട്ടിയെങ്കിലും കുറയ്ക്കണം എന്ന് യു.എന്‍.ഇ.പി പറയുന്നു. ഡിസംബറിൽ മാഡ്രിഡിൽവെച്ച് നടക്കാന്‍ പോകുന്ന ക്ലൈമറ്റ് കോൺഫറൻസിന്റെ മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച് തീര്‍ത്തും ആശങ്കാജനകമായ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

‘2020-നും 2030-നും ഇടയിൽ ആഗോള ഹരിതഗൃഹ വാതക ബഹിഗര്‍ഗമനം ഓരോ വർഷവും 7.6% കുറയുന്നില്ലെങ്കിൽ, പാരീസ് കരാറില്‍ പറയുന്നത്പോലെ താപനില 1.5 ഡിഗ്രി സെന്റിഗ്രേഡ്‌ ആക്കുക എന്ന ലക്ഷ്യത്തിന്‍റെ അടുത്തുപോലും എത്തില്ല’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാരീസ് ഉടമ്പടിപ്രകാരം ബഹിഗര്‍ഗമനം എത്ത്രത്തോളം കുറക്കേണ്ടതുണ്ടെന്നും, അതിന് നിലവില്‍ എത്രമാത്രം പരിശ്രമം ആവശ്യമാണെന്നും ഓരോ വര്‍ഷവും യു.എന്‍.ഇ.പി വിശദീകരിക്കാറുണ്ട്.

ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്‍റെ തോത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പ്രതിവർഷം 1.5% ഉയർന്നതായും, വനനശീകരണം പോലുള്ള ഭൂവിനിയോഗ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങള്‍കൊണ്ട് 2018-ലെ ഉദ്വമനം 55.3 ജിഗാറ്റോൺ കാര്‍ബണ്‍ ഡൈഓക്സൈഡിന് തുല്യമായ പുതിയ ഉയരത്തിലെത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വ്യാവസായിക വത്കരണം വ്യാപകമാകുന്നതിനു മുന്‍പുമുതലുള്ള കണക്കുകള്‍ എടുത്ത് നോക്കിയാല്‍ ആഗോള താപനില 1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. താപനില അത്രയും ഉയരുന്നത് തടയുക എന്നതാണ് കാലാവസ്ഥാ ഉച്ചകോടികൊണ്ട് യു.എന്‍.ഇ.പി പ്രധാനമായും ഉദ്ദേശിക്കുന്നത്. എല്ലാ രാജ്യങ്ങളും സ്വമെധയാതന്നെ അതംഗീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 3.2 ഡിഗ്രി സെൽഷ്യസ് ആയി താപനില ഉയരും. ‘നിലവിലെ കണ്ടെത്തലുകള്‍ ഒട്ടും ആശാവഹമല്ല, ആഗോള ജിഎച്ച്ജി ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ എല്ലാ രാജ്യങ്ങളും പരാജയപ്പെട്ടു. ഇനി കൂടുതല്‍ വേഗതയിലും ആഴത്തിലുമുള്ള ഇടപെടലുകളാണ് ആവശ്യം’ എന്ന് റിപ്പോര്‍ട്ട് സുവ്യക്തമായി വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫോസില്‍ ഇന്ധനത്തിന്‍റെ ഉപയോഗം മൂലമാണ് അന്തരീക്ഷത്തിലേക്ക് മലിന വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ (2.0%) പുറന്തള്ളപ്പെട്ടത്. അതുകൊണ്ട് 2030 ആകുമ്പോഴേക്കും ആഗോള താപനം യഥാക്രമം 2 ഡിഗ്രി സെൽഷ്യസിനും 1.5 ഡിഗ്രി സെൽഷ്യസിനും താഴെയായി പരിമിതപ്പെടുത്തുന്നതിന് മലിന വാതകങ്ങള്‍ പുറന്തള്ളുന്നത് 55% എങ്കിലും കുറയ്ക്കണം. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യയിലെ പ്രതിശീർഷ ബഹിര്‍ഗമനം അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ തുടങ്ങിയ പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണ്.