തെറ്റ് ചെയ്താല്‍ കടുത്ത ശിക്ഷ: അഫ്ഗാനില്‍ ക്രൂര ശിക്ഷാ നടപടികള്‍ തിരിച്ചുവരുമോ? 

 
taliban

അഫ്ഗാനിസ്ഥാനല്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ പൗരന്‍മാരുടെ  അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെ 1990 കളില്‍ താലിബാന്‍ ഭരണകൂടം നടപ്പിലാക്കിയതിന് സമാനമായ കടുത്ത ശിക്ഷാ നടപടികള്‍ തിരിച്ചെത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. വധശിക്ഷയും വെട്ടിമാറ്റലും പോലുള്ള കടുത്ത ശിക്ഷകള്‍ അഫ്ഗാനിസ്ഥാനില്‍ പുനരാരംഭിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 

രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെട്ടിമാറ്റല്‍ പോലുള്ള കടുത്ത ശിക്ഷാനടപടികള്‍ അനിവാര്യമാണെന്നു അഫ്ഗാനില്‍ ജയിലുകളുടെ ചുമതലയുള്ള മുല്ലാ നൂറുദ്ദീന്‍ തുറാബി പറഞ്ഞതായാണ്‌ എപി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നത്. 1990 കളില്‍ പരസ്യമായിട്ടായിരുന്നു താലിബാന്റെ ശിക്ഷാനടപടികള്‍. എന്നാലിത്തവണ പഴയ താലിബാനും പഴയ ഭരണവുമായിരിക്കില്ലെന്നും ഈ ശിക്ഷകള്‍ പരസ്യമായി നല്‍കില്ലെന്ന സൂചനയാണ് തുറാബി നല്‍കുന്നത്. പക്ഷേ, അവരുടെ മുന്‍കാല വധശിക്ഷകളോടുള്ള രോഷം അദ്ദേഹം തള്ളിക്കളഞ്ഞു: 'ഞങ്ങളുടെ നിയമങ്ങള്‍ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയുകയില്ല.' തുറാബി പറഞ്ഞു.

ആഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാനില്‍ അധികാരം ഏറ്റെടുത്തതിനു ശേഷം താലിബാന്‍ തങ്ങളുടേത് പഴയ താലിബാന്‍ പഴയ ഭരണവുമായിരിക്കില്ലെന്നും സൗമ്യമായ ഭരണമാണ് വാഗ്ദാനം ചെയ്യുന്നതെന്നുമാണ് പറഞ്ഞത്. എന്നാല്‍ വാഗ്ദാനങ്ങള്‍ക്ക് വിപരീതമായി ഇതിനകം രാജ്യത്താകമാനം നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ വീടിന് പുറത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും നിര്‍ബന്ധിത ഡ്രസ് കോഡുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ചൂണ്ടികാണിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റില്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞത് ഹസാര ന്യൂനപക്ഷത്തിലെ ഒമ്പത് അംഗങ്ങളെ കൂട്ടക്കൊല ചെയ്തതിന് പിന്നില്‍ താലിബാന്‍ പോരാളികളാണെന്നാണ്.

കഠിനമായ ശിക്ഷാ രീതികള്‍ തുടരുമെങ്കിലും, താലിബാന്‍ ഇപ്പോള്‍ ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും ഫോട്ടോകളും വീഡിയോകളും അനുവദിക്കുമെന്നാണ്  മുല്ലാ നൂറുദ്ദീന്‍ തുറാബി എപി ന്യൂസിനോട് പറഞ്ഞത്. 1990 കളില്‍ മതേതര സംഗീതം കേള്‍ക്കുന്നതോ താടി വെട്ടുന്നതോ ആയ ആളുകള്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കിയതില്‍ കുപ്രസിദ്ധനായിരുന്നു തുറാബി. ആദ്യ താലിബാന്‍ ഭരണകാലത്ത് നീതിന്യായ മന്ത്രിയുമായിരുന്നു തുറാബി. തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പേരില്‍ യുഎന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട തുറാബി ശിക്ഷകള്‍ പരസ്യമായിരിക്കണമോ വേണ്ടയോ എന്ന് താലിബാന്‍ കാബിനറ്റ് മന്ത്രിമാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അവര്‍ ഒരു നയം സ്വീകരിക്കുമെന്നും പറഞ്ഞു. 

1990 കളില്‍ കാബൂളിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ അല്ലെങ്കില്‍ ഈദ് ഗാഹ് പള്ളിയുടെ വിശാലമായ മൈതാനത്ത് പരസ്യമായി വധശിക്ഷ നടപ്പാക്കിയിരുന്നു. 1996 -ല്‍ താലിബാന്‍ അധികാരം ഏറ്റെടുത്തപ്പോള്‍, പുരുഷന്മാരുടെ ഇടം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വനിതാ ജേണലിസ്റ്റിനോട് അയാള്‍ ആക്രോശിച്ചിരുന്നു. ശേഷം അവരെ കയ്യേറ്റം ചെയ്യുകയും എതിര്‍ത്ത ഒരാളുടെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. കാറുകളില്‍ നിന്ന് മ്യൂസിക് ടേപ്പുകള്‍ നശിപ്പിച്ചതിനും മരങ്ങളിലും സൈന്‍പോസ്റ്റുകളിലുമായി നശിപ്പിച്ച നൂറുകണക്കിന് മീറ്റര്‍ കാസറ്റുകള്‍ കെട്ടുകയും ചെയ്തതും തുറാബിയായിരുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പുരുഷന്മാര്‍ തലപ്പാവ് ധരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. താടിവെട്ടിയ പുരുഷന്മാരെ ഇയാളുടെ കൂട്ടാളികള്‍ പതിവായി മര്‍ദ്ദിച്ചു. സ്‌പോര്‍ട്‌സ് നിരോധിക്കപ്പെട്ടു. തുറാബിയുടെ അനുയായികള്‍ ദിവസേന അഞ്ച് തവണ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് എത്താന്‍ പുരുഷന്മാരെ നിര്‍ബന്ധിച്ചുവെന്നും എപി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ സംസാരിക്കാന്‍ താലിബാന്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പറഞ്ഞത് താലിബാനുമായി ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണെങ്കിലും, 'യുഎന്‍ ജനറല്‍ അസംബ്ലി അതിന് അനുയോജ്യമായ വേദിയല്ല' എന്നായിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് അമേരിക്കയും അറിയിച്ചത്.