കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

 
kabul

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. യു.എസ്. സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്‌. വിമാനത്താവളത്തിനുള്ളില്‍ യു.എസിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സ്‌ഫോടനത്തില്‍  കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടതായി ഒരു താലിബാന്‍ സംഘാഗം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു. താലിബാൻ അംഗങ്ങളും കുട്ടികളുമാണു കൊല്ലപ്പെട്ടത്. മൂന്ന് യുഎസ് സൈനികർക്ക് ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സ്ഥലത്തു വെടിവയ്പുണ്ടായതായും റിപ്പോർട്ടുണ്ട്.

''കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം നടന്നതായി ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിക്കും. മരണവിവരം ഈ സമയം വ്യക്തമല്ല. ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കും''- പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.  വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപമാണു ചാവേർ സ്ഫോടനമുണ്ടായത്.  വിമാനത്താവളത്തിലെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. 

ഒരു സ്‌ഫോടനം നടന്നത് വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണെന്നും രണ്ടാമത്തേത് നടന്നത് അടുത്തുള്ള ബാരണ്‍ ഹോട്ടലിന് സമീപത്താണെന്നും കിര്‍ബി വ്യക്തമാക്കി. ഇരട്ട സ്‌ഫോടനങ്ങളിലൊന്ന് ചാവേര്‍ ആക്രമണമാകാനാണ് സാധ്യതയെന്ന് യു.എസ്. സൈനികര്‍ പറഞ്ഞു.