മെര്‍ക്കല്‍ യുഗം അവസാനിക്കുമ്പോള്‍ ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്

 
angela merkel olaf scholz

ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാരിന് സാധ്യത

യുദ്ധാനന്തര ജര്‍മ്മനിയില്‍ ആദ്യമായാണ് നിലവിലെ ചാന്‍സലര്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പ് നടന്നത്. വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു, നാല് തവണയായി 16 വര്‍ഷം ജര്‍മ്മനിയെ നയിച്ച ആംഗല മെര്‍ക്കലിന്റെ തീരുമാനം. രാജ്യത്തെ ആദ്യ വനിതാ ചാന്‍സലര്‍ കൂടിയായ മെര്‍ക്കല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. മെര്‍ക്കല്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍, ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും (സിഡിയു) തോല്‍വി സമ്മതിക്കേണ്ടിവന്നു. മധ്യ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് (എസ്പിഡി) നേരിയ ഭൂരിപക്ഷം. ഇതോടെ, ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തില്‍ എസ്പിഡി സഖ്യ സര്‍ക്കാരിനാണ് സാധ്യത. മെര്‍ക്കല്‍ യുഗാവസാനത്തോടൊപ്പം, 2005നുശേഷം അധികാരത്തിലേക്കുള്ള എസ്പിഡിയുടെ മടങ്ങിവരവിനു കൂടിയാണ് ജര്‍മ്മനി സാക്ഷ്യം വഹിക്കുന്നത്. 

കേവല ഭൂരിപക്ഷമില്ലാതെ കക്ഷികള്‍
ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങിയ തെരഞ്ഞെടുപ്പില്‍, ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ലഭ്യമായ കണക്കുകള്‍ പ്രകാരം, 25.7 ശതമാനം വോട്ടുകളാണ് (206 സീറ്റുകള്‍) എസ്പിഡി നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 5.2 ശതമാനം വോട്ടുകളുടെ വര്‍ധനയുണ്ടായി. മെര്‍ക്കലിന്റെ സിഡിയു- (ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍) കണ്‍സര്‍വേറ്റീവ് സഖ്യത്തിന് 24.1 ശതമാനം വോട്ടുകളാണ് (196 സീറ്റുകള്‍) നേടാനായത്. 8.9 ശതമാനം വോട്ടുകള്‍ കുറഞ്ഞു. ഏഴ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മോശം പ്രകടനമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രീന്‍പാര്‍ട്ടി 14.8 ശതമാനം വോട്ടുകള്‍ (118 സീറ്റുകള്‍) നേടി. 5.8 ശതമാനം വോട്ടുകളുടെ വര്‍ധനയുണ്ടായി. വലതു ലിബറല്‍ പാര്‍ട്ടിയായ ഫ്രീ ഡെമോക്രാറ്റ്‌സ് (എഫ്ഡിപി) 11.5 ശതമാനം വോട്ടുകളും (92 സീറ്റുകള്‍) നേടി. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി 10.3 ശതമാനം വോട്ടുകളും (83 സീറ്റുകളും), ജര്‍മ്മനി ഭരിച്ചിരുന്ന മുന്‍ കമ്മ്യൂണിസ്റ്റുകളുടെ പിന്‍ഗാമികളെന്ന് അറിയപ്പെടുന്ന ദി ലിങ്ക് 4.9 ശതമാനം വോട്ടുകളുമാണ് (39 സീറ്റുകള്‍) നേടിയത്. 8.7 ശതമാനം വോട്ടുകള്‍ നേടിയ മറ്റു പാര്‍ട്ടികളുടെ സീറ്റ് നേട്ടം ഒന്നാണ്. പാര്‍ലമെന്റ് പ്രവേശം സാധ്യമാകണമെങ്കില്‍ അഞ്ച് ശതമാനം വോട്ടുകളാണ് നേടേണ്ടത്. അന്തിമ തെരഞ്ഞെടുപ്പ് ഫലം ഫെഡറല്‍ റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. 

സാധ്യത സഖ്യ സര്‍ക്കാരിന്
ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍, ചെറുപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും. 735 സീറ്റുകളുടെ 50 ശതമാനമാണ് ഉറപ്പാക്കേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ എസ്പിഡിയെ തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം ക്ഷണിക്കുക. അതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ എസ്പിഡി തുടങ്ങിക്കഴിഞ്ഞു. മൂന്ന് കക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളാണ് എസ്പിഡി അണിയറയില്‍ ശക്തമാക്കിയിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടിയെയും എഫ്ഡിപിയെയും ഒപ്പം നിര്‍ത്താനാണ് നീക്കം. ഒലാഫ് ഷോള്‍സ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എസ്പിഡി വളരെ സന്തോഷത്തിലാണ്. വോട്ടെടുപ്പിലൂടെ ജര്‍മ്മന്‍ ജനത വൃക്തമായി സംസാരിച്ചിരിക്കുന്നു. 16 വര്‍ഷത്തെ മെര്‍ക്കല്‍ ഭരണം അവസാനിപ്പിക്കാനാണ് അവര്‍ വോട്ട് ചെയ്തത്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍സ്, എഫ്ഡിപി എന്നിങ്ങനെ മൂന്ന് പാര്‍ട്ടികളെയും അവര്‍ ശക്തരാക്കിയിരിക്കുന്നു. ഈ മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്ന് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷോള്‍സിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, സഖ്യ ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും അറിയിച്ചിരിക്കുന്നത്. ഗ്രീന്‍, എഫ്ഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റ് നേതാവ് അര്‍മിന്‍ ലാഷെറ്റിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും എതിര്‍ചേരികളില്‍ വരുമ്പോള്‍, ഗ്രീന്‍ പാര്‍ട്ടിയും എഫ്ഡിപിയും സോഷ്യല്‍ ഡെമോക്രാറ്റുകളെ പിന്തുണച്ചേക്കാനാണ് സാധ്യത. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും താല്‍പര്യപ്പെട്ടേക്കില്ല. ദി ലിങ്ക് ആകട്ടെ പാര്‍ലമെന്റ് പ്രവേശനത്തിന് ആവശ്യമായ അഞ്ച് ശതമാനം വോട്ടുകള്‍ നേടിയിട്ടുമില്ല.