'വനിതകള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്'; ലോകരാജ്യങ്ങളുടെ
മുന്നറിയിപ്പുകള്‍ താലിബാന് അവഗണിക്കാനാകില്ല
 

 
d

അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിന് ശേഷം  രാജ്യത്ത് മനുഷ്യവകാശങ്ങള്‍ ലംഘിപ്പെടുന്നു എന്ന റിപോര്‍ട്ടുകള്‍ താലിബാന്‍ ഭരണകൂടത്തിന് തിരിച്ചടിയായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറ്റുന്നതിനു  വിദേശരാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നതിനാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ അപ്പാടെ തള്ളികളയാനും താലിബാനാകില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളെ പ്രത്യക്ഷമായി വെല്ലുവിളിക്കുന്ന തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതില്‍ താലിബാന് എളുപ്പത്തില്‍ സാധ്യമല്ല. 

എല്ലാവരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇസ്ലാമിന് അനുകൂലമായ സാഹചര്യങ്ങള്‍ കൊണ്ടുവന്നതിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നാണ് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതില്‍ കാര്യത്തില്‍ രാജ്യത്തിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ ശക്തമാണ്. ക്ലാസുകളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തുകയും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിന് വനിതാ അധ്യാപകരെ നിയമിക്കുമെന്നുമുള്ള താലിബാന്‍ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു

അഫ്ഗാനിസ്ഥാനുമായുള്ള സഹകരണം തുടരണമെങ്കില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നതായിരുന്നു അന്താരാഷ്ട്ര സമൂഹം അഫ്ഗാന് മുന്നില്‍ വച്ച നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാനോ തീരുമാനമെടുക്കാനോ താലിബാനിലെ തൂക്കു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യത്തില്‍ താലിബാന്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്ന് പോലും പാലിച്ചില്ലെന്നും, സ്ത്രീകളെ ജോലിക്ക് പോകുന്നതില്‍ തടഞ്ഞുകൊണ്ട് രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരെയാക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌. 

വിഷയത്തില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദം ശക്തമാകുമ്പോഴും രാജ്യത്തിനകത്ത് നിന്ന് തന്നെ പെണ്‍കുട്ടികളും അധ്യാപകരും സ്‌കൂള്‍ തുറക്കണമെന്ന ആവശ്യം താലിബാന് മുന്നില്‍ വെച്ചിട്ടുണ്ട്. അഫ്ഗാന്‍ ഭാരണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഏകദേശം രണ്ട് മാസമായി പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യകളായ ബല്‍ഖ്, കുണ്ടുസ്, സാര്‍-ഇ-പുള്‍- എന്നിവിടങ്ങളില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്നത്. പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്, സ്‌കൂളുകള്‍ ഉടന്‍ തുറക്കണം. സമൂഹത്തിലെ ഒരു വലിയ വിഭാഗമായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.  

അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും താലിബാന്‍ ലംഘിച്ചുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം പറഞ്ഞത്. താലിബാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നത് കണ്ട് ഞാന്‍ പരിഭ്രമിക്കുന്നു, ഗുട്ടെറസ് പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് കീഴില്‍ താലിബാനോട് അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

താലിബാന്‍ അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ താലിബാന്‍ ഭരണകൂടത്തിന്റെ (1996-2001) നയങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി കൊണ്ട്  നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പോലും താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. അതില്‍ പ്രധാനം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നതായിരുന്നു.  സ്ത്രീകളെ ജോലിക്ക് പോകുന്നതില്‍ നിന്ന് വിലക്കിയിരുന്നു, തങ്ങളുടെ  തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനേകര്‍ തെരുവില്‍ പ്രകടനം നടത്തി.

അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ കടുത്ത ഇസ്ലാമിക പാഠ്യപദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശരീഅത്ത് ഇസ്ലാമിക നിയമങ്ങളെ ധിക്കരിക്കുന്ന വിഷയങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് നീക്കം ചെയ്യുമെന്ന് താലിബാന്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള സമ്മിശ്ര ക്ലാസുകള്‍ സ്വീകാര്യമല്ലെന്നും ചില മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ കൊണ്ടുവരുമെന്നും ആക്ടിംഗ് ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞിരുന്നു. സ്വകാര്യ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറന്നിട്ടും ലിംഗഭേദമനുസരിച്ച് ക്ലാസുകള്‍ വിഭജിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഈ നിലപാട് സ്വീകരിച്ചത്. 20 വര്‍ഷത്തിനു ശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ നിരീക്ഷിച്ചിരുന്നു.