വെല്ലുവിളിച്ച് ഡെല്‍റ്റ വകഭേദം; ലോകത്ത് കോവിഡ് മരണങ്ങള്‍ അരക്കോടിയിലെത്തി, കണക്കുകള്‍ പുറത്ത്
 

 
covid

ലോകത്ത് കോവിഡ് മരണങ്ങള്‍ അരക്കോടിയിലെത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട്. ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ മരണസംഖ്യ ഉയരുന്നതിന് കാരണമായതായും റിപോര്‍ട്ട് പറയുന്നു. അതേസമയം മരിച്ചവരില്‍ പ്രധാനമായും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങള്‍ തമ്മിലുള്ള വാക്‌സിനേഷനിലെ  അസമത്വങ്ങളും ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നതും റിപോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ലോകത്തിലെ പകുതിയിലധികം പേര്‍ക്കും ഇതുവരെ ഒരു ഡോസ് കോവിഡ് വാക്‌സിന്‍ പോലും ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ മരണസംഖ്യ 2.5 ദശലക്ഷത്തിലെത്താന്‍ ഏകദേശം ഒരു വര്‍ഷമെടുത്തപ്പോള്‍ 236 ദിവസത്തിനുള്ളില്‍ അടുത്ത 2.5 ദശലക്ഷം മരണങ്ങളുണ്ടായതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസത്തെ ശരാശരിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആഗോള മരണങ്ങളില്‍ പകുതിയിലധികവും അമേരിക്ക, റഷ്യ, ബ്രസീല്‍, മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലാണ്.  ആഗോളതലത്തില്‍ കഴിഞ്ഞ ആഴ്ചകളിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 8,000 മരണങ്ങളും ഓരോ മിനിറ്റിലും അഞ്ച് മരണങ്ങള്‍ സംഭവിക്കുന്നു. 

സമ്പന്ന രാഷ്ട്രങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ തുടങ്ങിയപ്പോഴും കോവിഡ് മരണസംഖ്യ ഉയരന്ന സാഹചര്യത്തില്‍ ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ എത്തിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, ഈ രാജ്യങ്ങളില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത നിരവധി പേരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 

ലോകാരോഗ്യ സംഘടനയുടെ കോവക്‌സ്  വാക്‌സിന്‍ വിതരണ പരിപാടിയില്‍ ആദ്യം വാക്‌സിന്‍ ചെറിയ രീതിയില്‍ ലഭ്യമായിട്ടുള്ള രാജ്യങ്ങള്‍ക്ക് മാത്രമായി ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. ലോകാരോഗ്യ സംഘടന ജനുവരി മുതല്‍ ജനസംഖ്യക്ക് അനുപാതികമായി 
140-ലധികം ഗുണഭോക്താക്കള്‍ക്ക് ഡോസുകള്‍ അനുവദിച്ചിട്ടുണ്ട്.

അമേരിക്കയില്‍ വെള്ളിയാഴ്ചയോടെ ആകെ 700,000 കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതും ഇവിടെയാണ്. അതേസമയം രാജ്യത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.  റഷ്യയില്‍ കോവിഡ് ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യയും തുടര്‍ച്ചയായ നാലാം ദിവസവും  റെക്കോര്‍ഡ് സൃഷ്ടിച്ചു. വെള്ളിയാഴ്ച 887 കോവിഡ് മരണങ്ങളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയിലെ യോഗ്യരായ ജനസംഖ്യയുടെ 33% മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത പ്രദേശം തെക്കേസമേരിക്കയാണ്. 21% മരണനിരക്കാണ് ഇവിടെ റിപോര്‍ട്ട്
ചെയ്തത്. വടക്കേ അമേരിക്കയും കിഴക്കന്‍ യൂറോപ്പും എല്ലാ മരണങ്ങളുടെയും 14% ത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നു, റോയിട്ടേഴ്‌സ് റിപോര്‍ക്ക് പറയുന്നു. 

അതേസമയം ഡെല്‍റ്റ വകഭേദം വലിയ തോതില്‍ റിപോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതോടെ പ്രതിദിനം റിപോര്‍ട്ട് ചെയ്തിരുന്ന ശരാശരി 4,000 മരണങ്ങളില്‍ നിന്ന് ഇപ്പോഴത് 300 ല്‍ താഴെയായി. ഇന്ത്യയിലെ വാക്‌സിനേഷന് യോഗ്യരായ ജനസംഖ്യയുടെ ഏകദേശം 47% പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു, കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് പ്രതിദിനം 7,896,950 ഡോസുകള്‍ നല്‍കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് പറയുന്നു.