ഹോങ്കോങ്: തദ്ദേശ തെരഞ്ഞെടുപ്പു ഫലം ചൈനയ്ക്കുള്ള സന്ദേശമാകണമെന്ന് പ്രക്ഷോഭകർ

 
ഹോങ്കോങ്: തദ്ദേശ തെരഞ്ഞെടുപ്പു ഫലം ചൈനയ്ക്കുള്ള സന്ദേശമാകണമെന്ന് പ്രക്ഷോഭകർ

അർദ്ധ സ്വയംഭരണ ചൈനീസ് പ്രദേശമായ ഹോങ്കോങ്ങില്‍ ഞായറാഴ്ച നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തരുതെന്ന് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. അഞ്ച് മാസത്തെ രാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് ശേഷം നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ചൈനക്ക് നല്‍കുന്ന വ്യക്തമായ സന്ദേശമായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പോളിംഗ് സ്റ്റേഷനുകള്‍ തടസ്സപ്പെടുത്തിയാല്‍ വോട്ടിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഹോങ്കോങ്ങിന്റെ ജില്ലാ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പില്‍ 400ലധികം കൗൺസിലർമാരെ തിരഞ്ഞെടുക്കും.

കൗൺസിലിൽ തങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രക്ഷോഭകര്‍. ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതിൽ ഒരുപരിധിവരെ കൗൺസിലർമാര്‍ക്കും സ്വാധീനമുണ്ട് എന്നതാണ് കാരണം. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളിൽ ഉണ്ടായ പ്രക്ഷോഭത്തിലുള്ള നിരാശയും അമര്‍ഷവും പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും, അതുകൊണ്ട് തങ്ങളെ പിന്തുണയ്ക്കണമെന്നും ചൈനീസ് അനുകൂല സ്ഥാനാർത്ഥികൾ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. നിലവില്‍ ഭൂരിപക്ഷം സീറ്റുകളും അവരുടെ കൈവശമാണ്. 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക് ആയിരത്തിലധികം സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.

ജില്ലാ കൗൺസിലുകൾക്ക് യഥാർത്ഥത്തില്‍ വലിയ അധികാരങ്ങളൊന്നും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പിന് പ്രാധാന്യം ഏറെയാണ്‌. ജൂണിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ നിലവിലെ സര്‍ക്കാറിന് എത്രത്തോളം ജനപിന്തുണയുണ്ടെന്നു അളക്കാന്‍ കൂടിയുള്ള ടെസ്റ്റാണിത്. ഹോങ്കോങ്ങിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ 117 ജില്ലാ കൗൺസിലർമാരും ചീഫ് എക്സിക്യൂട്ടീവിന് വോട്ട് ചെയ്യുന്ന 1200 അംഗ സമിതിയിൽ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അടുത്ത ചീഫ് എക്സിക്യൂട്ടീവ് ആരാകണമെന്ന് തീരുമാനിക്കുന്നതില്‍ വ്യക്തമായ പങ്കുവഹിക്കണം എന്നാണ് പ്രക്ഷോഭകരുടെ ആഗ്രഹം.

കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിനെതിരെയാണ് ഹോങ്കോങ്ങില്‍ ബഹുജന പ്രക്ഷോഭം ആരംഭിച്ചത്. ബിൽ പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്. ചൈനയുടെ 70-ാം വാർഷികാഘോഷത്തെ ഹോങ്കോങ്ങുകാര്‍ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.