തോല്‍ക്കാന്‍ മനസില്ലാതിരുന്ന ട്രംപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീതിന്യായ വകുപ്പിനെ ആയുധമാക്കിയതെങ്ങനെ?

 
Donald Trump

യുഎസ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരു വര്‍ഷം

യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് ഡൊണാള്‍ഡ് ട്രംപ് അടിയറവ് പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി ട്രംപ് മത്സരത്തിനിറങ്ങിയത്. എന്നാല്‍, ഡെമോക്രാറ്റ് നിരയില്‍ ബൈഡനൊപ്പം കമല ഹാരിസും എത്തിയതോടെ, ട്രംപിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു തുടങ്ങി. യുഎസില്‍ പടര്‍ന്നുപിടിച്ച കോവിഡും ട്രംപിന് വെല്ലുവിളിയായി. കോവിഡ് കേസുകളും മരണവും ഉയര്‍ന്നതോടെ, ട്രംപ് ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ ചോദ്യം ചെയ്യപ്പെട്ടു. അതോടെ, ചൈനയായി ട്രംപിന്റെ ഇര. അമേരിക്കക്കാരില്‍ സ്വതവേയുള്ള ചൈനാവിരുദ്ധതയെ കൂട്ടുപിടിച്ച് പിന്തുണ ഉറപ്പിക്കാനായി പിന്നീടുള്ള ശ്രമം. നുണകളും വ്യാജ ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറച്ചു. ട്രംപിന്റെ വാദങ്ങള്‍ അതേപോലെ ടെലകാസ്റ്റ് ചെയ്യാന്‍ ഫോക്‌സ് ന്യൂസ് ചാനല്‍ ഒപ്പംനിന്നു. എന്നിട്ടും പെട്ടിതുറന്നപ്പോള്‍, ട്രംപ് എട്ടുനിലയില്‍ പൊട്ടി. പക്ഷേ, തോല്‍വി സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ല. 'ഞങ്ങള്‍ ജയിക്കു'മെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. നിയമത്തെ കൂട്ടുപിടിച്ചൊരു അട്ടിമറി, അതിന് എണ്ണ പകരാന്‍ ക്യാപിറ്റോള്‍ ആക്രമണം, ട്രംപിന്റെ നീക്കങ്ങള്‍ അങ്ങനെയായിരുന്നു. എന്നാല്‍, സകല അടവുകളും പൊളിഞ്ഞു. രണ്ടു തവണ ഇംപീച്ച്‌മെന്റ് നടപടി നേരിട്ട പ്രസിഡന്റ്, ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും ചേരാത്ത നേതാവ് എന്നിങ്ങനെ ചീത്തപ്പേരും സമ്പാദിച്ചാണ് ട്രംപ് പിന്മാറിയത്. യുഎസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, ട്രംപ് നടത്തിയ സമാനതകളില്ലാത്ത അട്ടിമറി ശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല എന്നതാണ് രസകരം.

തെരഞ്ഞെടുപ്പ് പ്രക്രിയയെ തുരങ്കംവെയ്ക്കുന്ന ഒട്ടനവധി ട്വീറ്റുകളും ഡസന്‍ കണക്കിന് നിയമവ്യവഹാരങ്ങളും ഉള്‍പ്പെടെ ട്രംപിന്റെ നടപടികള്‍ പൊതുസമൂഹം മനസിലാക്കിയിരുന്നു. എന്നാല്‍, അധികാരത്തില്‍ ഏതുവിധേനയും തുടരാന്‍ ട്രംപ് എന്തൊക്കെ ചെയ്തുവെന്നതിനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അന്വേഷണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും പുതിയ കണ്ടെത്തലുകളാണ് മുന്നോട്ടുവെക്കുന്നത്. ബൈഡന്റെ വിജയം അസാധുവാക്കുന്നതിന് നീതിന്യായ വകുപ്പിനെ ആയുധമാക്കാന്‍ ട്രംപ് അശ്രാന്തമായി ശ്രമിച്ചതെങ്ങനെയെന്നതാണ്, അട്ടിമറി ശ്രമങ്ങളില്‍ ഏറ്റവും അസ്വസ്ഥജനകമായ വശം. ട്രംപ് അധികാരം ദുരുപയോഗം ചെയ്‌തെന്ന്, അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അടുത്തിടെ നിരീക്ഷിച്ചിരുന്നു. 

നവംബര്‍ മൂന്നിനാണ് യുഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ബൈഡന് ജയമെന്ന് ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടു. എന്നാല്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഒരുക്കമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ മറികടക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതിനായി, പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍, ഉദ്യോഗസ്ഥര്‍ ട്രംപിന്റെ ആവശ്യങ്ങള്‍ നിരസിച്ചു. അത്തരം ശ്രമങ്ങള്‍ അധാര്‍മ്മികവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്നും ആയിരുന്നു പൊതു വിലയിരുത്തല്‍. പക്ഷേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികളായ ചില ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും ട്രംപിനെ സഹായിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ട്രംപ് നേരില്‍ക്കണ്ട് സംസാരിച്ചു. അവര്‍ക്ക് ബൈഡന്റെ ജയത്തെ തടയാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം കരുതി. 

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നതായിരുന്നു ട്രംപിന്റെ പ്രധാന വാദം. ബാലറ്റ് പേപ്പറില്‍ കൃത്രിമം നടന്നു, 2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്തു എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍. ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോഓഡിനേറ്റിംഗ് കൗണ്‍സില്‍ ആരോപണങ്ങള്‍ തള്ളി. ട്രംപിന്റെ വാദങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്നും വോട്ട് മാറ്റാനോ നശിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും  കൗണ്‍സില്‍ അറിയിച്ചു. ട്രംപിന്റെ വ്യാജവാദങ്ങള്‍ ആഭ്യന്തര സുരക്ഷാവിഭാഗത്തിലെ മുതിര്‍ന്ന സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൊളിച്ചടുക്കി. ട്രംപ് പിന്നീട് ഉദ്യോഗസ്ഥനെ പുറത്താക്കി. തെരഞ്ഞെടുപ്പ് കൃത്രിമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ ബില്‍ ബര്‍ പ്രോസിക്യൂട്ടര്‍മാരോട് ഉത്തരവിട്ടതിനുശേഷവും ട്രംപ് നീതിന്യായ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. അന്വേഷണം വേഗത്തിലാക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ബര്‍ നല്‍കിയ നിര്‍ദേശവും വിവാദങ്ങള്‍ക്ക് കാരണമായി. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഏതെങ്കിലും വിധത്തിലുള്ള അന്വേഷണത്തിനായി ഔദ്യോഗിക ഫലം വരുന്നതുവരെ നീതിന്യായ വകുപ്പ് കാത്തിരിക്കുകയായിരുന്നു പതിവ്. അതിനാല്‍ ബറിന്റെ ഉത്തരവ് പ്രോസിക്യൂട്ടര്‍മാരുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി. 

ആരോപണങ്ങളില്‍നിന്ന് പിന്മാറാന്‍ ട്രംപ് തയ്യാറായിരുന്നില്ല. അതിലേക്ക് കൂടുതല്‍ ശ്രദ്ധ ക്ഷണിക്കുവാനായിരുന്നു ശ്രമം. ട്രംപിന്റെ അറ്റോര്‍ണിമാരായ റൂഡി ഗിലാനിയും സിഡ്‌നി പവലും വിചിത്രമായൊരു വാര്‍ത്താസമ്മേളനവും വിളിച്ചു. തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകളും വ്യാജ ആരോപണങ്ങളുമായിരുന്നു ഇരുവരും ഉയര്‍ത്തിയത്. സമഗ്രമായ ക്രിമിനല്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. നവംബര്‍ 29ന് ഫോക്‌സ് ന്യൂസില്‍ ട്രംപിന്റെ അഭിമുഖം വരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള തന്റെ ആരോപണങ്ങളെ ആരും ഗൗരവത്തിലെടുക്കുന്നില്ല എന്നായിരുന്നു ട്രംപിന്റെ പരാതി. നീതിന്യായ വകുപ്പോ എഫ്ബിഐയോ കൂടുതല്‍ അന്വേഷണത്തിന് മുതിരുന്നില്ല. അവരൊക്കെ എവിടെയാണെന്നും ട്രംപ് ചോദിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള, ഒട്ടും ന്യായമല്ലാത്ത കേസുകള്‍ ട്രംപു കൂട്ടാളികളും രാജ്യത്തുടനീളം ഫയല്‍ ചെയ്തു. തനിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമനിര്‍മാതാക്കളെയും ഗവര്‍ണര്‍മാരെയുമൊക്കെ സ്വാധീനിക്കാനും ശ്രമങ്ങളുണ്ടായി. എന്നാല്‍, ആരും ട്രംപിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്നില്ല. 

ഡിസംബര്‍ ഒന്നിന് ബര്‍ ട്രംപിന്റെ സകല ആരോപണങ്ങളെയും തകര്‍ക്കുന്ന ഒരു 'ബോംബി'ട്ടു. തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ അസംബന്ധമാണെന്നും അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടില്ലെന്നും ബര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതിന്റെ പേരില്‍, ബറിന് ട്രംപിന്റെ വിമര്‍ശനവും ശകാരവുമൊക്കെ കേള്‍ക്കേണ്ടിയും വന്നു. സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബര്‍ പദവി രാജിവച്ചു. ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായ ജെഫ് റോസന്‍ ബറിന്റെ പകരക്കാരനായി. പെന്‍സില്‍വാനിയ, മിഷിഗണ്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച ട്രംപ് അക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ റോസനില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍, റോസന്‍ വിസമ്മതിച്ചു. അതിനിടെയും വലിയ ഭൂരിപക്ഷത്തില്‍ താന്‍ ജയിച്ചിട്ടുണ്ടെന്നും അത് തെളിയിക്കാന്‍ നീതിന്യായ വകുപ്പിന്റെ പൂര്‍ണ പിന്തുണ വേണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തെരഞ്ഞടുപ്പ് ക്രമക്കേട് ആരോപണങ്ങളില്‍ നീതിന്യായ വകുപ്പും എഫ്ബിയും നിഷ്‌ക്രിയത്വം തുടരുകയാണെന്നും ചരിത്രം ഇതെല്ലാം ഓര്‍മപ്പെടുത്തുമെന്നുമുള്ള ട്വീറ്റ് പരമ്പരയും ഉണ്ടായി.  

ഡിസംബര്‍ 14ന്, ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ യോഗം ചേര്‍ന്നു. അധികാരം കൈമാറേണ്ട സമയം അടുത്തുവന്നതോടെ, ട്രംപ് കൂടുതല്‍ നിരാശനോ പരിഭ്രാന്തനോ ആയി. പട്ടാള നിയമം പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുപോലും അദ്ദേഹം നിര്‍ദേശം തേടി. ബൈഡന്റെ ഭൂരിപക്ഷത്തെ മറികടക്കാന്‍ ആവശ്യമായ റിപ്പബ്ലിക്കന്‍ വോട്ടുകള്‍ 'കണ്ടെത്താന്‍' ജോര്‍ജിയയിലെ ഉയര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് ട്രംപ് അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച ഫോണ്‍വിളിയുടെ വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു. തന്റെ ആഗ്രഹങ്ങള്‍ക്ക് നീതിന്യായ വകുപ്പിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് ട്രംപ് നിരന്തരം നടത്തിക്കൊണ്ടിരുന്നത്. അതിനെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കുകയും ചെയ്തു. ഇലക്ടറല്‍ കോളേജ് പ്രക്രിയയില്‍ അധ്യക്ഷനായിരിക്കെ, ബൈഡന്റെ വിജയം ഭരണഘടനാവിരുദ്ധമായി അസാധുവാക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവും ഉണ്ടായി. 

2021 ജനുവരി ആറിനാണ് ജനാധിപത്യ മൂല്യങ്ങളെയാകെ കാറ്റില്‍പ്പറത്തിക്കൊണ്ട് ട്രംപ് തന്റെ അവസാന നീക്കം പുറത്തെടുത്തത്. വൈറ്റ് ഹൗസിനു സമീപം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായികളും ട്രംപ് അനുകൂലികളും ഉള്‍പ്പെടുന്ന വലിയ റാലി നടത്തപ്പെട്ടു. തന്നെ അനുകൂലിച്ച് റാലിക്കെത്തിയ പതിനായിരക്കണക്കിനാളുകളെ അക്രമത്തിനും ക്യാപിറ്റോള്‍ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രസംഗം. ഇലക്ടറല്‍ കോളേജ് ഫലങ്ങള്‍ നിയമനിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്ന സമയത്തായിരുന്നു റാലിയും ആക്രമണവും. കലാപശ്രമങ്ങളെ അടിച്ചമര്‍ത്തിയെങ്കിലും അഞ്ച് പേരുടെ ജീവന്‍ നഷ്ടമായി. 140 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രംപിന്റെ പരിശ്രമങ്ങളൊന്നും വിജയിച്ചില്ല. ജനുവരി 20ന് യുഎസിന്റെ 46ാമത് പ്രസിഡന്റായി ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തു. 'ജനാധിപത്യം വിലയേറിയതാണെന്ന് ഞങ്ങള്‍ വീണ്ടും പഠിച്ചിരിക്കുന്നു. അത് ദുര്‍ബലമാണ്. പക്ഷേ, ഈ മണിക്കൂറില്‍ ജനാധിപത്യം വിജയിച്ചിരിക്കുന്നു'- ഇതായിരുന്നു, അധികാരമേറ്റെടുത്തശേഷം ബൈഡന്‍ പറഞ്ഞ ആദ്യ വാക്കുകള്‍.

ബൈഡന്റെ സത്യപ്രതിജ്ഞ പോലും കൂടാതെയാണ് ട്രംപ് പടിയിറങ്ങിയത്. റിച്ചാര്‍ഡ് നിക്‌സണിനുശേഷം ആദ്യമായിട്ടായിരുന്നു അത്തരമൊരു നടപടി. രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടിവന്ന യുഎസ് പ്രസിഡന്റ് എന്ന ചീത്തപ്പേരും ട്രംപിന് മാത്രം സ്വന്തമായി. 2019-20ല്‍ അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരെ കേസ് അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കി. 2021ല്‍ ഭരണകൂടത്തിനെതിരെ മനപൂര്‍വം അക്രമത്തിന് പ്രേരിപ്പിച്ചെന്നതായിരുന്നു ട്രംപിനെതിരായ കുറ്റാരോപണം. ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭ 197നെതിരെ 232 വോട്ടുകള്‍ക്ക് പാസാക്കി. എന്നാല്‍, ഇരുപാര്‍ട്ടിക്കള്‍ക്കും തുല്യ പങ്കാളിത്തമുള്ള സെനറ്റില്‍ പ്രമേയം 57-43 വോട്ടിന് പരാജയപ്പെട്ടതോടെ ട്രംപ് വീണ്ടും രക്ഷപെട്ടു. നികുതി തട്ടിപ്പും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടെ നിരവധി കേസുകള്‍ ട്രംപിനെതിരെ ബാക്കി നില്‍പ്പുണ്ട്. പ്രസിഡന്റ് പദവി നല്‍കുന്ന സവിശേഷ നിയമ പരിരക്ഷയുടെ മറവിലാണ് ഇത്രകാലം ട്രംപ് പിടിച്ചുനിന്നത്. ഇനി അത്തരം ആനുകൂല്യങ്ങളൊന്നും കിട്ടുകയുമില്ല. നാല് വര്‍ഷം ലോകരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന ട്രംപ് ചരിത്രത്തിന്റെ കൂടി നിശിത പരിശോധനയ്ക്ക് വിധേയനാകുന്ന രാഷ്ട്രീയ നേതാവായി മാറിയിരിക്കുന്നു.