യുഎസില്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; മഴയിലും വെള്ളപ്പൊക്കത്തിലും 44 മരണം

 
Ida US

യുഎസില്‍ ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 44 പേര്‍ മരിച്ചു. ന്യൂജേഴ്സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലാണ് കനത്ത നാശം സംഭവിച്ചത്. ന്യൂജേഴ്‌സിയില്‍ 23 പേരും ന്യൂയോര്‍ക്കില്‍ 11 പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ വീടുകളിലും കാറുകളിലും കുടുങ്ങിയവരാണ് മരിച്ചത്. നിരവധിപ്പേരെ രക്ഷപെടുത്തി. രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതിബന്ധവും തടസപ്പെട്ടിരിക്കുകയാണ്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതോടെ, പ്രധാനപ്പെട്ട പല റോഡുകള്‍ ഉള്‍പ്പെടെ അടച്ചു. ട്രെയിന്‍, വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോഡ് മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍, സ്ഥിതിഗതികള്‍ ശാന്തമാകുംവരെ ജനങ്ങള്‍ വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. 

കാറ്റഗറി നാലില്‍പെട്ട ഐഡ ചുഴലിക്കാറ്റ് മിസിസിപ്പി, ലൂസിയാന, അലബാമ, ഫ്‌ളോറിഡ സംസ്ഥാനങ്ങളിലും നാശം വിതച്ചു. കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. 50 വര്‍ഷത്തിനിടെ കാണാത്ത തരത്തിലുള്ള മഴയും വെള്ളപ്പൊക്കവുമെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.