എനിക്കെന്റെ ജീവിതം തിരികെ വേണം - ജര്‍മ്മനിയില്‍ ലോക്ക് ഡൗണിനെതിരെ വലിയ പ്രതിഷേധം, 100 പേര്‍ അറസ്റ്റില്‍

 
എനിക്കെന്റെ ജീവിതം തിരികെ വേണം - ജര്‍മ്മനിയില്‍ ലോക്ക് ഡൗണിനെതിരെ വലിയ പ്രതിഷേധം, 100 പേര്‍ അറസ്റ്റില്‍

ജര്‍മ്മനിയില്‍ യുഎസ്സിലേത് പോലെ ലോക്ക് ഡൗണിനെതിരെ ശക്തമായ പ്രതിഷേധം. സെന്‍ട്രല്‍ ബെര്‍ലിനില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. മാര്‍ച്ച് 17 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണ്‍ കടുത്ത സ്വാതന്ത്ര്യനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് എന്നാണ് പ്രതിഷേധക്കാരുടെ വാദം. എനിക്കെന്റെ ജീവിതം തിരികെ വേണം എന്നടക്കം ജര്‍മ്മന്‍ ഭാഷയിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക. സ്വാതന്ത്ര്യം എന്നാല്‍ എല്ലാമാകുന്നില്ല. അതേസമയം സ്വാതന്ത്ര്യമില്ലാതെ ഒന്നുമില്ല എന്നെല്ലാം പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നു. 100ലധികം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.

ഭീതി പരത്തി അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കമാണ് കൊറോണ വൈറസിന്റെ പേരില്‍ നടക്കുന്നത് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ജനാധിപത്യ ചെറുത്തുനില്‍പ്പ് എന്നാണ് പല പത്രങ്ങളും തലക്കെട്ട് നല്‍കിയത്. കര്‍ശനമായ ലോക്ക് ഡൗണിന്റെ ആവശ്യകത ചോദ്യം ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 127 ഡോക്ടര്‍മാര്‍ ഇറക്കിയ പ്രസ്താവനകള്‍ ഈ പത്രങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു. സാമൂഹ്യ (ശാരീരിക) അകലം പാലിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ജര്‍മ്മന്‍ ഭരണഘടനാ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഘം ചേരാനുള്ള അവകാശത്തെ ലോക്ക് ഡൗണ്‍ നിഷേധിക്കുന്നു എന്ന പരാതി പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചിരുന്നു. നാസികള്‍ക്കെതിരായ വൈറ്റ് റോസ് റെസിസ്റ്റന്‍സ് മൂവ്‌മെന്റിനെ അനുസ്മരിപ്പിച്ച് വെള്ള റോസാപ്പൂക്കളുമായി ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശാരീരിക അകലം പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അഞ്ചാമതാണ് ജര്‍മ്മനി. അതേസമയം യുഎസ്സിനേയും സ്‌പെയിനിനേയും ഇറ്റലിയേയും ഫ്രാന്‍സിനേയും അപേക്ഷിച്ച് മരണനിരക്ക് താരതമ്യേന കുറവാണ് ജര്‍മ്മനിയില്‍. ജര്‍മ്മനിയിലേയ്ക്ക് കേസുകള്‍ കുറഞ്ഞ യുകെയില്‍ മരണം 20000 കടന്നിരുന്നു. ജര്‍മ്മനിയില്‍ 5877 പേരാണ് ഇതുവരെ മരിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചിലത് ഗവണ്‍മെന്റ് ഇളവ് ചെയ്തിട്ടുണ്ട്. ചെറിയ ഷോപ്പുകള്‍, പുസ്‌കക്കടകള്‍, കാര്‍, സൈക്കിള്‍ ഷോറൂമുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കി. അതേസമയം മേയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം.