അഫ്ഗാനില്‍ നിന്ന് 85 പേരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു

 
d

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി  വ്യോമസേനയുടെ സി -130 ജെ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റിപോര്‍ട്ട്. താജിക്കിസ്താനില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടതെന്ന് എഎന്‍ഐ റിപോര്‍ട്ട് പറയുന്നു. 

ഇന്ത്യ എല്ലാ നയതന്ത്ര ജീവനക്കാരെയും എത്തിച്ചെങ്കിലും യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായുമാണ് റിപോര്‍ട്ട്. എന്നാല്‍ ഇവര്‍ എവിടെയെല്ലാമാണെന്ന് കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാവരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതും താലിബാന്‍ ചെക്ക്‌പോസ്റ്റുകള്‍ കടന്ന് എത്തണമെന്നതും വെല്ലുവിളികള്‍ നിറഞ്ഞതാണ്. 


വ്യോമസേന എയര്‍ക്രാഫ്റ്റുകളുടെ ചലനം സുഗമമാക്കുന്നതിനായി വിമാനത്താവളത്തിനകത്ത് വിവിധ സെക്ഷനുകള്‍ നിയന്ത്രിക്കുന്ന യുഎസ് സൈനീകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം  വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. മലയാളികളുള്‍പ്പടെയുള്ളവര്‍ സംഘത്തിലുള്ളതായാണ് വിവരം. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചിരുന്നു.