വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് താലിബാന്‍ സര്‍ക്കാര്‍ 

 
taliban

ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് 
താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) കത്തയച്ചു. 

കാബൂള്‍ താലിബാന്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16 ന് യാത്രാ വിമാനങ്ങള്‍ നിര്‍ത്തിയിരുന്നു. അതിനുശേഷം, ഖത്തറിന്റെ സഹായത്തോടെ കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വിമാനത്താവളങ്ങള്‍ പുനരാരംഭിക്കാന്‍ താലിബാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ ഇതിനകം ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്,  അഫ്ഗാനിലെ ആദ്യത്തെ അന്താരാഷ്ട്ര വാണിജ്യ വിമാനം ഇസ്ലാമാബാദ് - കാബൂള്‍ സര്‍വീസ്  സെപ്റ്റംബര്‍ 13 ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് നടത്തി. നിലവില്‍, കാബൂളില്‍ നിന്നുള്ള പതിവ് അന്താരാഷ്ട്ര വിമാനങ്ങള്‍ പാകിസ്ഥാനിലേക്കും ഇറാനിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.

വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡില്‍ അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ആക്ടിംഗ് മന്ത്രി അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ് കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

''ഒപ്പിട്ട ധാരണാപത്രത്തിന്റെയും നമ്മുടെ ദേശീയ കാരിയറുകളുടെയും  അടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ സുഗമമായ യാത്രക്കാരെ നിലനിര്‍ത്തുക എന്നതാണ് ഈ കത്തിന്റെ ഉദ്ദേശ്യം. അഫ്ഗാനിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി  വാണിജ്യ വിമാനങ്ങള്‍ സുഗമമാക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതുപോലെ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ നിലച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ സാങ്കേതിക സഹായത്താല്‍, വിമാനത്താവളം വീണ്ടും പ്രവര്‍ത്തനക്ഷമമായതായും അഫ്ഗാന്‍ ഡിജിസിഎയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു. സെപ്തംബര്‍ ഏഴാം തീയതി അയച്ചതായുള്ള കത്തില്‍ അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദ തന്നെയാണ്  ഒപ്പിട്ടിരിക്കുന്നത്.  നിലവില്‍  അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ സൈന്യം കാബൂളില്‍ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയും ചെയ്ത സമയം മുതല്‍ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. 

യുഎസ് സേന പിന്‍വാങ്ങലിനെ തുടര്‍ന്ന്, കാബൂള്‍ വിമാനത്താവളം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നടത്തിയ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. താലിബാന്‍ ഏറ്റെടുക്കുന്നതിനുമുമ്പ്, ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റും ഡല്‍ഹിക്കും കാബൂളിന് ഇടയില്‍ വിമാന സര്‍വീസ് നടത്തിയിരുന്നു. ഓഗസ്റ്റ് 15 ന് എയര്‍ ഇന്ത്യ കാബൂളിലേക്കുള്ള അവസാന വിമാന സര്‍വീസ് സാധ്യമാക്കിയപ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ സ്‌പൈസ് ജെറ്റ് കഴിഞ്ഞ വര്‍ഷം വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഈ വിമാനങ്ങള്‍ പ്രധാനമായും മെഡിക്കല്‍ ടൂറിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും വ്യാപാരികളെയും യാത്രക്കാരായാണ് സര്‍വീസ് നടത്തിയത്. ഒപ്പം സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ചരക്കുകളായി കൊണ്ടുപോയിരുന്നു.