അഫ്ഗാനിലെ സ്ഥിതിഗതികളില്‍ ഇന്ത്യക്ക് ആശങ്ക; സഹകരണം ആഗ്രഹിക്കുന്നതായി പെന്റഗണ്‍

 
taliban

ഇന്ത്യയുടെ അഫ്ഗാന്‍ നയവും കാഴ്ചപ്പാടും യുഎസ് മനസിലാക്കേണ്ടതുണ്ട്

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യക്ക് ആശങ്കയുള്ളതായി പെന്റഗണ്‍. മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം യുഎസ് നിയമനിര്‍മാതാക്കളോട് പങ്കുവെച്ചത്. അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യക്കാര്‍ ആശങ്കാകുലരാണെന്ന കാര്യം നിങ്ങള്‍ക്കും അറിവുള്ളതാണ്. അഫ്ഗാനിലെ അസ്ഥിരതയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ആശങ്കകളിലാണ് ഇന്ത്യയെന്നും നയ പ്രതിരോധ അണ്ടര്‍ സെക്രട്ടറി കോളിന്‍ എച്ച് കാള്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, സൗത്ത്, സെന്‍ട്രല്‍ ഏഷ്യ സുരക്ഷ സംബന്ധിച്ച സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിയുടെ ഹിയറിംഗിലായിരുന്നു കോളിന്‍ കാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇക്കാര്യങ്ങളില്‍ നമ്മോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുക, പരസ്പരം സഹകരിക്കുക എന്നിങ്ങനെ നമുക്ക് കഴിയാവുന്ന കാര്യങ്ങളിലാണ് അവര്‍ സഹകരണം ആഗ്രഹിക്കുന്നത്. ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ താല്‍പര്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ വലിയ യോജിപ്പുണ്ട്. അഫ്ഗാന്‍ വിഷയത്തിലോ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ മാത്രമല്ല, ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്തോ-പസഫിക്കുമായി ബന്ധപ്പെട്ട വിശാലമായ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളിലും സഹകരിക്കാനുള്ള ധാരാളം അവസരങ്ങള്‍ ഇന്ത്യ യുഎസിന് നല്‍കിയെന്നും കോളിന്‍ കാള്‍ പറഞ്ഞു. 

പാകിസ്ഥാനുമായുള്ള മത്സരവും നിഴല്‍യുദ്ധവും കണക്കിലെടുത്തുള്ളതാണ് ഇന്ത്യയുടെ അഫ്ഗാന്‍ നയങ്ങള്‍. ഇന്ത്യാ വിരുദ്ധ തീവ്രവാദ സംഘങ്ങളെ, പ്രത്യേകിച്ച് കാശ്മീരിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരെ പ്രയോജനപ്പെടുത്തി, താലിബാന്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനായേക്കുമെന്ന ചെറുതല്ലാത്ത ആശങ്ക ഇന്ത്യക്കുണ്ടെന്ന് സെനറ്റര്‍ ഗാരി പീറ്റേഴ്‌സിന്റെ ചോദ്യത്തിനു മറുപടിയായി കോളിന്‍ കാള്‍ പറഞ്ഞു. 

നിര്‍ണായക പങ്കാളിയുമായി സംയുക്ത സഹകരണത്തിനും പരസ്പര പ്രവര്‍ത്തനത്തിനുമുള്ള പ്രതിബദ്ധതയും, യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളി ഇന്ത്യ മാത്രമാണെന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍, അഫ്ഗാനിസ്ഥാനോടുള്ള അവരുടെ കാഴ്ചപ്പാടും ഇടപെടലും എപ്രകാരമാണെന്ന് മനസിലാക്കേണ്ടത് യുഎസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്ന് കരുതുന്നതായി ഗാരി പീറ്റേഴ്‌സ് പറഞ്ഞു.

പാകിസ്ഥാന്‍ വെല്ലുവിളി ഉയര്‍ത്തുന്നൊരു ഘടകമാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനെ തീവ്രവാദി ആക്രമണങ്ങള്‍ക്കോ വൈദേശിക ആക്രമണങ്ങള്‍ക്കോയുള്ള സുരക്ഷിത താവളമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് സെനറ്റര്‍ ജാക്ക് റീഡിന്റെ ചോദ്യത്തിന് മറുപടിയായി കോളിന്‍ കാള്‍ പറഞ്ഞു. പാകിസ്ഥാന്‍ വ്യോമമേഖലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി അവര്‍ നമുക്ക് നല്‍കിവരുന്നു. അത് തുറന്നിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നിലവില്‍, പാകിസ്ഥാനുമായുള്ള തീവ്രവാദ വിരുദ്ധ സഹകരണം വളരെ മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 

പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍, പല ഭരണകാലങ്ങളില്‍ സംഭവിച്ച പോരായ്മകള്‍ നമുക്ക് മുന്നിലുണ്ട്. മേഖലയിലെ മറ്റു പങ്കാളികളുമായും സഖ്യകക്ഷികളുമായും ഒരു പ്രാദേശിക തീവ്രവാദ വിരുദ്ധ തന്ത്രം വിജയകരമായി നടപ്പാക്കാന്‍ യുഎസ് ശ്രമിക്കുന്നതിനാല്‍ പാകിസ്ഥാനുമായുള്ള സുരക്ഷാ ബന്ധം കൈകാര്യം ചെയ്യുന്നത് പ്രധാനമാണ്. അതിനാല്‍, അഫ്ഗാനിലെ 20 വര്‍ഷത്തെ ദൗത്യത്തെക്കുറിച്ച് വിലയിരുത്തുകയും വിശദമായി പഠിക്കുകയും ചെയ്യേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും ജാക്ക് റീഡ് കൂട്ടിച്ചേര്‍ത്തു.