ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുത്; താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസ്സും


 

 
taliban

അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസ്സും. അഫ്ഗാന്‍ മണ്ണ് ഇനിയൊരിക്കലും ഭീഷണിയുടെ സ്വരത്തിനോ ആക്രമിക്കുന്നതിനോ ഭീകരര്‍ക്ക് അഭയം നല്‍കുന്നതിനോ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാണമെന്നാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടത്‌. 

ആഗസ്റ്റ് 15 ന് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവര്‍ അഫ്ഗാന്‍ മണ്ണില്‍ വീണ്ടും സംഘടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും യുഎസും ആശങ്ക അറിയിച്ചത്.

അഫ്ഗാന്‍ മണ്ണില്‍ നിന്ന് തീവ്രവാദം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ താലിബാനില്‍ സമ്മര്‍ദ്ദം ചെലുത്തകയും, ഒരു രാജ്യത്തെയും ആക്രമിക്കാന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്നും അഫ്ഗാനിസ്ഥാനിലെ ഭീകരതയ്ക്കെതിരെ പോരാടേണ്ടതിന്റെ പ്രാധാന്യവും യുഎന്‍ രക്ഷാസമിതി 2593 പ്രമേയത്തില്‍  സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയും യുഎസ്സും പറഞ്ഞു. അഫ്ഗാന്‍ പ്രദേശം ഇനിയൊരിക്കലും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ തീവ്രവാദികളെ പരിശീലിപ്പിക്കാനോ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ധനസഹായം നല്‍കാനോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇരുപക്ഷവും താലിബാനോട് ആവശ്യപ്പെട്ടു. 

''അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചും അവിടെ നിന്ന് ഉയര്‍ന്നുവരുന്ന തീവ്രവാദ ഭീഷണികളെക്കുറിച്ചും  കൂടിയാലോചനകള്‍ തുടരാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്. നാര്‍ക്കോ-ഭീകര ശൃംഖലകളെയും അന്തര്‍ദേശീയ അനധികൃത ആയുധക്കടത്ത് ശൃംഖലകളെയും പ്രതിരോധിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ആശങ്ക അറിയിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള പ്രതിജ്ഞാബദ്ധത യുഎസ് ആവര്‍ത്തിച്ചു, ഇരുപക്ഷവും ഭീകര പ്രവര്‍ത്തനങ്ങളെയും അതിര്‍ത്തി കടന്നുള്ള ഭീകരതയെയും  ശക്തമായി അപലപിച്ചു.