കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ലക്ഷ്യങ്ങള്‍; ഒരു ട്രില്യണ്‍ ഡോളര്‍ സഹായം ഉറപ്പാക്കണമെന്ന് ഇന്ത്യ 

 
modi

ഗ്ലാസ്ഗോയില്‍ നടന്ന കോപ്26 ഉച്ചകോടിയില്‍ 2070-ഓടെ ഇന്ത്യ നെറ്റ്-സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ സമ്പന്ന രാജ്യങ്ങള്‍ ആഗോളതാപനം ഉദ്വമനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദശാബ്ദത്തിന്റെ അവസാനത്തോടെ  1 ട്രില്യണ്‍ യുഎസ് ഡോളര്‍ കൊണ്ടുവരേണ്ടതുണ്ടെന്നാണ് ഇന്ത്യ നിലപാടയിറിച്ചിരിക്കുന്നത്. 

2070 ടെ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യമിടുന്നതിനൊപ്പം 2030-ഓടെ ഇന്റെന്റണ്ട് നഷണലി ഡിറ്റര്‍മൈന്‍ഡ് പോളിസി (ഐഎന്‍ഡിസി) ഇന്ത്യ പുതുക്കിയിരുന്നു. രാജ്യത്തിന്റെ സ്ഥാപിത പുനരുപയോഗ ശേഷി 500 ജിഗാവാട്ടായി വര്‍ധിപ്പിക്കുക, ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജ ആവശ്യകതയുടെ 50 ശതമാനം നിറവേറ്റുക, കാര്‍ബണ്‍ ഉദ്വമനം 1 ബില്യണ്‍ ടണ്‍ കുറയ്ക്കുക,  കാര്‍ബണ്‍ ഉദ്വമനം 2005 മുതല്‍ 45 ശതമാനം കുറയ്ക്കുക എന്നിവ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

അതേസമയം ബുധനാഴ്ചയാണ് ഉച്ചകോടിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതില്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കിയത്. 2030-ഓടെ ഇന്ത്യയ്ക്ക് ഇതിനായി 1 ട്രില്യണ്‍ ഡോളര്‍ സഹായം ആവശ്യമാണെന്നാണ് ഇന്ത്യ അറിയിച്ചത്.  മുന്‍ ധാരണ പ്രകാരം എല്ലാ ദരിദ്ര രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്ക്യമാക്കേണ്ട  100 ബില്യണ്‍ ഡോളറിന്റെ പത്തിരട്ടിയാണിത്. 

പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുത്താണ് ഇന്ത്യ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നതെന്ന് പരിസ്ഥിതി സെക്രട്ടറി രാമേശ്വര്‍ പ്രസാദ് ഗുപ്ത ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ബ്ലുംബെര്‍ഗ് റിപോര്‍ട്ട് പറയുന്നു. അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഭൂരിഭാഗത്തിനും ഉത്തരവാദികളായ രാജ്യങ്ങളുടെ കടബാധ്യതയായി ദരിദ്ര രാജ്യങ്ങള്‍ ഇതിനെ കാണുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. സമ്പന്ന രാജ്യങ്ങള്‍ നിലവില്‍ പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം, കൂടുതല്‍ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളില്‍ നിന്ന് പരിരക്ഷിക്കാന്‍ സഹായിക്കുന്ന ഡീകാര്‍ബണൈസേഷന്‍ നടപടികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിന് മാത്രമാണ്. 

121 രാജ്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ വാഗ്ദാനങ്ങള്‍ യുഎന്നിന് സമര്‍പ്പിച്ചിട്ടും ഇന്ത്യ പിന്മാറിയതായി  ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. കാലാവസ്ഥാ ധനകാര്യത്തില്‍ വ്യക്തത വരുന്നതുവരെ ഇന്ത്യ നയം വ്യക്തമാക്കില്ലെന്നാണ് റിപോര്‍ട്ട്. എത്രയും വേഗം ഫണ്ടുകള്‍ ലഭ്യമാക്കുമെന്ന വ്യക്തമായ വാഗ്ദാനമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ബ്ലൂംബെര്‍ഗ് ഗ്രീന്‍ റിപോര്‍ട്ട് ചെയ്തു. 

രാജ്യങ്ങള്‍ 'കല്‍ക്കരി, ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും' എന്ന  ഗ്ലാസ്ഗോ കരാറിലെ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പിന്നോട്ട് പോയതെന്ന് റിപോര്‍ട്ടില്‍ പറയുന്നത്.  ആവശ്യപ്പെടുന്ന സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ  ഫോസില്‍ ഇന്ധനത്തില്‍ നിന്ന് രാജ്യം പിന്‍മാറുകയുള്ളൂവെന്ന് പ്രസാദ് ഗുപ്ത പറഞ്ഞു.

അതേസമയം ഗ്ലാസ്ഗോയിലെ ഇന്ത്യന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി, ഇന്ത്യയ്ക്കായി 1 ട്രില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്യില്ലെന്നും വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമാണ്  പറഞ്ഞത്. അതേസമയം  യോഗത്തില്‍ ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സുമായി സഹകരിക്കാന്‍  ജോണ്‍ കെറി താത്പര്യം അറിയിച്ചിട്ടുണ്ട്.