വിദേശ റോബോകോളിലൂടെ 10 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ്; യുഎസില്‍ ഇന്ത്യക്കാരന് 22 വര്‍ഷം തടവ്

 
Jail
നാലായിരത്തിലധികം യുഎസ് പൗരന്മാരെ കബളിപ്പിച്ചാണ് പണം തട്ടിയത്

വിദേശ റോബോകോളിലൂടെ 10 മില്യണ്‍ ഡോളറിലധികം തട്ടിയെടുത്ത കേസില്‍ ഇന്ത്യന്‍ പൗരന് 22 വര്‍ഷം തടവുശിക്ഷ. ഷെഹ്‌സാദ്ഖാന്‍ പത്താന്‍ എന്നയാള്‍ക്കാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. അഹമ്മദാബാദില്‍ ഒരു കോള്‍ സെന്റര്‍ നടത്തി, അവിടെനിന്നും യുഎസിലേക്ക് ഓട്ടോമാറ്റിക് റോബോകോളുകള്‍ ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നാലായിരത്തിലധികം യുഎസ് പൗരന്മാരെ കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. 

ഓട്ടോമേറ്റഡ് കോളുകളിലൂടെ ആളുകളുമായി സമ്പര്‍ക്കം സ്ഥാപിച്ചശേഷം, വിവിധ പദ്ധതികളുടെ പേരുപറഞ്ഞ് ഇരകളെ കബളിപ്പിച്ചായിരുന്നു പത്താനും സംഘവും പണം തട്ടിയിരുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഉദ്യോഗസ്ഥര്‍, ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ), സാമൂഹ്യ സുരക്ഷ അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളായി ആള്‍മാറാട്ടം നടത്തിയായിരുന്നു കബളിപ്പിക്കല്‍. ലോണ്‍ ഉള്‍പ്പെടെ പദ്ധതികള്‍ക്കായുള്ള ആദ്യ ഇന്‍സ്റ്റാള്‍മെന്റ്, നികുതി റിട്ടേണില്‍ കാലതാമസം വന്നെന്നും അതൊഴിവാക്കാന്‍ പിഴയൊടുക്കണമെന്നും ഉള്‍പ്പെടെ കാര്യങ്ങള്‍ പറഞ്ഞായിരുന്നു സംഘം പലരെയും സമീപിച്ചിരുന്നത്. അല്ലാത്തപക്ഷം, നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. വലിയ തുക ഷിപ്പ്‌മെന്റിലൂടെയോ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ കൈമാറാന്‍ പത്താനും കോള്‍ സെന്റററിലെ മറ്റുള്ളവരും ചേര്‍ന്ന് ഇരകളെ പ്രലോഭിപ്പിക്കുകയും നിര്‍ബന്ധിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. 

തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ എന്നതിനാലാണ് പത്താന് 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചതെന്ന് വിര്‍ജീനിയ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ആക്ടിങ് യുഎസ് അറ്റോര്‍ണി രാജ് പരേഖ് പറഞ്ഞു. തട്ടിപ്പിനെത്തുടര്‍ന്ന് പ്രായമായവര്‍ ഉള്‍പ്പെടെ ഇരകളായവര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍ കോള്‍ സെന്ററിന്റെ മേല്‍നോട്ടം വഹിക്കുകയും ഇരകളായവരുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയും ചെയ്തു. അനധികൃതമായി കോള്‍ സെന്ററില്‍ എത്തിയ പണം കൈകാര്യം ചെയ്തത് പത്താനാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളില്‍ നാലാമത്തെയാളാണ് പത്താന്‍. കൊറിയര്‍മാരായി പ്രവര്‍ത്തിച്ച മറ്റു പ്രതികളായ പ്രതിപ് സിന്‍ഹ് പര്‍മാര്‍, സുമേര്‍ പട്ടേല്‍ എന്നിവരുടെ ശിക്ഷ സെപ്റ്റംബര്‍ 20ന് പ്രഖ്യാപിക്കും.