ഗാസ മുനമ്പില്‍ വീണ്ടും ഇസ്രായേല്‍ വെടിവയ്പ്; മൂന്ന് കൗമാരക്കാരുള്‍പ്പടെ നാലുപേപേര്‍ കൊല്ലപ്പെട്ടു

 
ഗാസ മുനമ്പില്‍ വീണ്ടും ഇസ്രായേല്‍ വെടിവയ്പ്; മൂന്ന് കൗമാരക്കാരുള്‍പ്പടെ നാലുപേപേര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍- ഗാസ അതിര്‍ത്തിയില്‍ വീണ്ടും ഇസ്രായേല്‍ വെടിവയ്പ്. അതിര്‍ത്തിയില്‍ പ്രതിഷേധപ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പലസ്തീന്‍ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കൗമാരക്കാരുള്‍പ്പടെ നാലുപേരാണ് കൊല്ലപ്പെട്ടത്. നാല്പതോളം പേര്‍ക്ക് പരിക്കുകളുണ്ട്.

പലസ്തീനുമേലുള്ള എല്ലാവിധ ഇസ്രായേല്‍- ഈജിപ്ത് സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യാനും ഇസ്രായേല്‍ കുടിയിറക്കിവിട്ട പലസ്തീന്‍ കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമി തിരിച്ച് നല്കാനുമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 ന് നടന്ന പ്രതിഷേധത്തിന്റെ വാര്‍ഷികാഘോഷത്തിനാണ് ഗാസ മുനമ്പില്‍ പലസ്തീന്‍കാര്‍ തടിച്ചുകൂടിയത്. അന്നും വലിയ രീതിയിലുള്ള ഇസ്രായേല്‍ ആക്രമണം ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെപോലെ ധാരാളം പേര്‍ കൊല്ലപ്പെടാതിരിക്കാനായി ഈജിപ്റ്റ് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നടത്തിയതായിരുന്നു. പലസ്തീന്‍ പ്രതിഷേധക്കാരോട് അതിര്‍ത്തി ലംഘിക്കരുതെന്നും ഇസ്രായേല്‍ സൈന്യം പ്രതിഷേധക്കാരെ ആക്രമിക്കാന്‍ പാടില്ലെന്നുമായിരുന്നു ഉടമ്പടി. എന്നാല്‍ ആയിരക്കണക്കിന് പലസ്തീന്‍ പ്രതിഷേധക്കാര്‍ അതിര്‍ത്തി ലംഘിച്ചുവെന്നും അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെ കല്ലുകളും ചില 'സ്‌ഫോടന വസ്തു'ക്കളും വലിച്ചെറിഞ്ഞെന്നുമായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.

മുഹമ്മദ് സാദ് എന്ന ഇരുപതുകാരനാണ് ആദ്യം വെടിയേറ്റത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മറ്റ് മൂന്ന് പേര്‍ കൂടി കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ സൈന്യം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. നാല് പേരുടെ മരണവും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാസ മുനമ്പിലെ പുതിയതായി ഉയര്‍ന്നു വന്നിരിക്കുന്ന പലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. അന്തസ്സുള്ള ഒരു ജീവിതത്തിനായാണ് തങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നതെന്നും ഞങ്ങള്‍ വര്‍ഷങ്ങളായി അപമാനം സഹിക്കുകയാണെന്നുമായിരുന്നു പല പലസ്തീന്‍ പ്രതിഷേധക്കാരും ആഗോള മാധ്യമങ്ങളോട് പ്രതികരിച്ചത്. ആത്മാഭിമാനത്തോടെയുള്ള ഒരു ജീവിതത്തിനായി അതിര്‍ത്തിയില്‍ മരിച്ച് വീഴും വരെ ഞങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്ന് ഇവര്‍ ഉറച്ച സ്വരത്തില്‍ അറിയിക്കുന്നു.