"അമേരിക്കയ്ക്ക് മരണം" - ഇറാന്‍ സേനാ മേധാവിയെ വധിച്ചതില്‍ പ്രതിഷേധവുമായി ഇറാഖികള്‍ തെരുവില്‍

 
"അമേരിക്കയ്ക്ക് മരണം" - ഇറാന്‍ സേനാ മേധാവിയെ വധിച്ചതില്‍ പ്രതിഷേധവുമായി ഇറാഖികള്‍ തെരുവില്‍

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ് ഫോഴ്‌സ് തലവനായിരുന്ന ജനറല്‍ ക്വാസിം സുലൈമാനിയെ യുഎസ് സേന വ്യോമാക്രമണത്തില്‍ വധിച്ചതില്‍ പ്രതിഷേധവുമായി പതിനായിരക്കണക്കിന് ഇറാഖികള്‍ തെരുവില്‍. അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായാണ് ക്വാസിം സുലൈമാനിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ ഇറാഖികള്‍ പങ്കെടുത്തത്. ഇറാഖി നേതാക്കളും മതപുരോഹിതരും 62കാരനായ ഇറാന്‍ സൈനിക ജനറലിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ബോംബിംഗിലാണ് യുഎസ് വ്യോമസേന, സുലൈമാനി അടക്കമുള്ളവരെ വധിച്ചത്.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ് ഫോഴ്‌സ് തലവനായിരുന്ന ജനറല്‍ ക്വാസിം സുലൈമാനിയെ യുഎസ് സേന വ്യോമാക്രമണത്തില്‍ വധിച്ചതില്‍ പ്രതിഷേധവുമായി പതിനായിരക്കണക്കിന് ഇറാഖികള്‍ തെരുവില്‍. അമേരിക്കയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായാണ് ക്വാസിം സുലൈമാനിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ ഇറാഖികള്‍ പങ്കെടുത്തത്. ഇറാഖി നേതാക്കളും മതപുരോഹിതരും 62കാരനായ ഇറാന്‍ സൈനിക ജനറലിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ബോംബിംഗിലാണ് യുഎസ് വ്യോമസേന, സുലൈമാനി അടക്കമുള്ളവരെ വധിച്ചത്. യുഎസ് സേനയ്ക്കും നയതന്ത്രപ്രതിനിധികള്‍ക്കും നേരെ ആക്രമണം നടത്താന്‍ സുലൈമാനി പദ്ധിതിയിട്ടിരുന്നതായും ഈ സാഹചര്യത്തിലാണ് സുലൈമാനിയയെ വധിക്കാന്‍ തീരുമാനിച്ചതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണ് ഇതെന്നും ട്രംപ് പറഞ്ഞു.

സുലെയ്മാനിയുടെ കൊലപാതകത്തിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപൂര്‍വ മേഖലയില്‍ ഇറാന്‍ സൈനിക നീക്കങ്ങളുടെ മുഖ്യസൂത്രധാരന്‍ കാസിം സുലൈമാനി ആയിരുന്നു. യുഎസും ഇറാനുമായി ഏറെക്കാലമായി തുടരുന്ന സംഘര്‍ഷാവസ്ഥ യുദ്ധത്തിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ഇറാനിലെ പ്രധാന പള്ളിയുടെ മുകളില്‍ യുദ്ധ സൂചനയായി ചുവന്ന കൊടി ഉയര്‍ത്തിയിരുന്നു. യുഎസ് കൂടുതല്‍ സൈന്യത്തെ മേഖലയിലേയ്ക്ക് അയച്ചിട്ടുണ്ട്. സൈനിക നടപടിക്കുള്ള മറുപടി സൈനിക നടപടിയായിരിക്കുമെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മാജ്ജിദ് തഖ്ത് റവാഞ്ചി സിഎന്‍എന്നിനോട് പറഞ്ഞു.

ഇറാനുമായി യുഎസ്സിന് നിലവില്‍ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തില്‍ ടെഹ്‌റാനിലെ സ്വിറ്റ്‌സര്‍ലാന്‍ഡ് എംബസിയാണ് ഇരു രാജ്യങ്ങള്‍ക്കുമിടിയില്‍ വിവരം കൈമാറുന്നത്. അതേസമയം യുഎസിന്റെ സന്ദേശത്തെ ബുദ്ധിശൂന്യം എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് വിശേഷിപ്പിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ജവാദ് സാരിഫ് സംസാരിച്ചു. യുഎസ് സൈനിക നടപടി, അന്താരാഷ്ട്രബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

ക്വാസിം സുലൈമാനിക്ക് പുറമെ നാല് ഇറാന്‍ സൈനികരും ഇറാഖിന്റെ പാരാമിലിട്ടറി വിഭാഗമായ ഹഷാദ് അല്‍ ഷാബി തലവന്‍ അബു മഹ്ദി അല്‍ മുഹാന്‍ദിസ് അടക്കം അഞ്ച് ഇറാഖ് െൈസനികരുമാണ് കൊല്ലപ്പെട്ടത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വലിയ പ്രകടനമാണ് യുഎസിനെതിരെ നടന്നത് പ്രധാനമന്ത്രി അദേല്‍ അബ്ദേല്‍ മഹ്ദി അടക്കമുള്ളവര്‍ പങ്കെടുത്തു. വടക്കന്‍ ബാഗ്ദാദിലെ ഷിയാ പള്ളിയിലേയ്ക്ക് ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്നു. പതിനായിരങ്ങള്‍ ഡെത്ത് ടു അമേരിക്ക മുദ്രാവാക്യങ്ങളുമായും ഇറാന്‍, ഇറാഖ് നേതാക്കളുടെ ചിത്രങ്ങളുമായ രംഗത്തുണ്ടായിരുന്നു. മൃതദേഹങ്ങള്‍ കര്‍ബലയിലേയ്ക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് നജഫിലേയ്ക്ക് കൊണ്ടുപോകും ഇവിടെയാണ് സംസ്‌കാരം.