ഡെല്‍റ്റ കൊറോണ വൈറസിന്റെ അവസാന വകഭേദമായിരിക്കുമോ? എന്താണ് സൂപ്പര്‍ വേരിയന്റുകള്‍? 

 
delta plus

ഭാവിയില്‍ ഇതിനേക്കാള്‍ അപകടകരമായ വൈറസ് വകഭേദം ഉണ്ടാകുമോ?

യുഎസിലെ ഒരു സംഘം എപ്പിഡെമിയോളജിസ്റ്റുകള്‍, ലോകമെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ ആഴ്ചയും ഒരു സൂം മീറ്റിംഗ് കൂടാറുണ്ട്. 'അത് ഇപ്പോള്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് പോലെയായിരിക്കുന്നു'-എന്നാണ് ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ എപ്പിഡെമിയോളജിസ്റ്റായ വില്യം ഹാനേജ് അതിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ, ഇവിടെ കുറച്ച് ആല്‍ഫ വകഭേദം ഉണ്ട്, അവിടെ കുറച്ച് ഗാമ വകഭേദം ഉണ്ട് എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തും അത് ഡെല്‍റ്റയാണെന്നും ഹാനേജ് പറയുന്നു. 

2020 ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ സാര്‍സ് കോവി 2-വിന്റെ ഡെല്‍റ്റ വകഭേദം പിന്നീട് സര്‍വവ്യാപിയായി. കോവിഡ് അതിവേഗം വ്യാപിക്കാന്‍ ഡെല്‍റ്റ വകഭേദം കാരണമായി. വൈറസിന്റെ ദ്രുതഗതിയിലുള്ള പരിണാമത്തിനുശേഷം ഇപ്പോള്‍ ശാന്തമായൊരു അവസ്ഥ വന്നിട്ടുണ്ടെന്നാണ് അനുമാനം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, പബ്ലിക് ഡാറ്റാബേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് ജനിതക ശ്രേണികളില്‍ 99.5 ശതമാനവും ഇപ്പോള്‍ ഡെല്‍റ്റയാണ്. യുകെയില്‍ കണ്ടെത്തിയ എ.വൈ 4.2 അല്ലെങ്കില്‍ ഡെല്‍റ്റ പ്ലസ് ഉള്‍പ്പെടെ പുതിയ ചില വകഭേദം തുടരുന്നുണ്ടെങ്കിലും ഇവയെല്ലാം ഡെല്‍റ്റ വകഭേദത്തോട് ഏറെക്കുറെ സമാന സ്വഭാവമുള്ളതാണ്. ഡെല്‍റ്റയുടെ കൊച്ചുമക്കള്‍ എന്നാണ് ഹാനേജ് അതിനെ വിശേഷിപ്പിക്കുന്നത്. കുറച്ച് ഡെല്‍റ്റ പ്ലസ് കേസുകളുണ്ട്. പക്ഷേ, നിക്കറുകളുടെ അളവുകള്‍ പറയുന്നതുപോലെയാണ് ഡെല്‍റ്റ പ്ലസ് എന്നൊക്കെ ആളുകള്‍ പറയുന്നത്. മാത്രമല്ല, അത് അത്രത്തോളം ഭീകരമായി പകരപ്പെടുന്നുമില്ല -ഹാനേജ് പറയുന്നു.  

ഇതൊക്കെ പറയുമ്പോഴും ഹാനേജും സംഘവും ഡേറ്റാബേസുകള്‍ സസൂക്ഷ്മം പരിശോധിക്കുന്നത് തുടരുകയാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, അടുത്തൊരു വകഭേദം ഉണ്ടാകുമോയെന്നുള്ള നിരീക്ഷണത്തിലാണ് സംഘം. ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ അവസാനമാണോ അതോ ഭാവിയില്‍ ഇതിനേക്കാള്‍ അപകടകരമായ എന്തെങ്കിലും ഉണ്ടാകുമോ? ആര്‍ക്കും ഉത്തരം തീര്‍ച്ചയില്ലാത്ത ഒരു ചോദ്യമാണ് ഹാനേജും സംഘവും പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം ആല്‍ഫയിലേക്കും പിന്നീട് ഡെല്‍റ്റയിലേക്കുമുള്ള ജനിതകശ്രേണിയിലെ നാടകീയമായ പ്രാരംഭ മാറ്റത്തിനുശേഷം സാര്‍സ് കോവി 2 ഇപ്പോള്‍ വളരെ സാവധാനത്തിലും സ്ഥിരവുമായ പരിവര്‍ത്തനത്തിലാണ്. ഒടുവിലത് നിലവിലെ വാക്‌സിനുകളുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് എത്തിപ്പെട്ടേക്കാം എന്നതാണ് ഒരു സാധ്യത. ഊഹങ്ങളും കണക്കുക്കൂട്ടലും അടിസ്ഥാനമാക്കിയാണ് ഇത്തരം വിലയിരുത്തലുകളില്‍ എത്തിച്ചേരുന്നതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുമ്പോള്‍ തന്നെ, ഏറ്റവും സാധ്യതയുള്ള വിലയിരുത്തലായും അതിനെ പരിഗണിക്കുന്നു.  

ഏതെങ്കിലുമൊരു പ്രതിരോധ സംവിധാനത്തില്‍നിന്ന് രക്ഷ നേടുന്നതിനായി, വൈറസ് ക്രമേണ പരിണമിക്കുന്ന ആന്റിജനിക് ഡ്രിഫ്റ്റ് എന്ന് വിളിക്കപ്പെടുന്ന ജനികതമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസിഎല്‍ ജെനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറയുന്നു. ഇന്‍ഫ്‌ളുവന്‍സയെയും മറ്റു കൊറോണ വൈറസുകളെയും നമുക്ക് നന്നായി അറിയാം. രക്തത്തിലെ ആന്റിബോഡികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തത്ര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വൈറസിന് ഏകദേശം പത്ത് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം വിവരിക്കുന്നു. 

എന്നാല്‍, പൊടുന്നനെ പുതിയൊരു വകഭേദം പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലൊരു പരിണാമം സംഭവിച്ചാല്‍, നിലവിലെ രോഗാവസ്ഥയെയും പ്രതിരോധ സംവിധാനങ്ങളെയും അത് സാരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 'സൂപ്പര്‍ വേരിയന്റുകള്‍' എന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മൈക്രോബയോളജി പ്രൊഫസറായ രവി ഗുപ്ത അതിനെ വിശേഷിപ്പിക്കുന്നത്. അത്തരമൊരു വകഭേദം സാധ്യമാകുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് 80 ശതമാനം ഉറപ്പുണ്ട്. എന്നാല്‍ എപ്പോള്‍ അത് സംഭവിക്കുമെന്നതാണ് ചോദ്യം. 

വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇപ്പോഴുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റ പ്ലസ് അത്രത്തോളം പ്രശ്‌നക്കാരനല്ല. അതിന് ഡെല്‍റ്റയില്‍നിന്ന് രണ്ട് ജനിതക മാറ്റങ്ങളുണ്ട്. അവ അത്ര ആശങ്കാജനകമാണെന്ന് കരുതുന്നില്ല. പല രാജ്യങ്ങളിലും അതിന് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റൊരു പ്രധാന വകഭേദം അനിവാര്യമാണ്. അത് ഡെല്‍റ്റയുമായി മത്സരിക്കുകയും അതിനെ മറികടക്കുകയും ചെയ്യും. അത് ഉണ്ടാകാനിടയുള്ള നിരവധി മാര്‍ഗങ്ങളുണ്ടെന്നും പ്രൊഫ. ഗുപ്ത പറയുന്നു. 

2020ന്റെ അവസാന പകുതിയില്‍, എപ്പിഡെമിയോളജിസ്റ്റുകള്‍ വൈറല്‍ റീകോമ്പിനേഷന്‍ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. സാര്‍സ് കോവി 2-വിന്റെ വ്യത്യസ്ത പതിപ്പുകള്‍ മ്യൂട്ടേഷനുകള്‍ കൈമാറ്റം ചെയ്യുകയും, അവ സംയോജിപ്പിച്ച് തികച്ചും പുതിയ ഒരു വേരിയന്റ് ഉണ്ടാകുകയും ചെയ്യുന്ന, ആശങ്കയുളവാക്കുന്ന പ്രതിഭാസത്തെക്കുറിച്ചാണ് അവര്‍ നിരീക്ഷിച്ചത്. എന്നാല്‍, അത്തരമൊരു റീകോമ്പിനേഷന്‍ സാധ്യമല്ലെന്നാണ് പ്രൊഫ. ഗുപ്ത പറയുന്നത്. എന്നാല്‍, ജനസംഖ്യയുടെ വലിയൊരു ഭാഗം ഇപ്പോഴും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തതിനാലും രോഗവ്യാപനം നിലനില്‍ക്കുന്നതിനാലും സൂപ്പര്‍ വേരിയന്റുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ വലിയ സാധ്യതകളുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.