ഒമിക്രോണിനെക്കുറിച്ച് നല്ല വാര്‍ത്തകളുണ്ടോ? തീര്‍ച്ചയായും, ചില പ്രതീക്ഷകളുണ്ട്

 
Omicron

നിരന്തര ജാഗ്രതയും, നിരീക്ഷണ-പരീക്ഷണങ്ങളുമാണ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുണയാകുന്നത്


കൊറോണ വൈറസിന്റെ പുതിയ വകഭേദം, ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനുശേഷം, ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളും വീശദീകരണങ്ങളും ഏറുകയാണ്. 38 രാജ്യങ്ങളില്‍ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കേസുകളുടെ എണ്ണം 126 ആയി ഉയര്‍ന്നിരിക്കുന്നു. പുതുവര്‍ഷവും കോവിഡ് തരംഗങ്ങളും ലോക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങളും കവര്‍ന്നെടുക്കുമോ എന്ന ആശങ്കകള്‍ ശക്തമാക്കുന്നതാണ്, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇത്തരം സ്ഥിതിവിവര കണക്കുകള്‍. ആരോഗ്യമേഖലയും ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. അതിനിടെ, ഒമിക്രോണിനെക്കുറിച്ച് നല്ല വാര്‍ത്തകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നിരുന്നാലും, ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ വകയുണ്ട്. കൊറോണയ്‌ക്കെതിരെ തുടരുന്ന ജാഗ്രതയും നിരന്തര നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മെ നിലയുറപ്പിക്കുന്നത്.  

ദക്ഷിണാഫ്രിക്കന്‍ തരംഗം
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഏറ്റവും കൂടുതല്‍ ജനികമാറ്റം സംഭവിച്ച വകഭേദം ആണെങ്കില്‍ കൂടിയും, മുന്‍ വകഭേദങ്ങളെയും തരംഗങ്ങളെയും അപേക്ഷിച്ച് മരണസംഖ്യ കുറവാണെന്ന് ആദ്യകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരും അല്ലാത്തവരുമൊക്കെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ ഉയര്‍ത്തുന്ന രോഗഭീതി അപകടം കുറഞ്ഞതാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, ശാസ്ത്രജ്ഞര്‍ ശാന്തമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്, മറ്റുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും.

ദക്ഷിണാഫ്രിക്കയില്‍, കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഡെല്‍റ്റയുടെ വളരെ വലിയ തരംഗമുണ്ടായിരുന്നു. അതിനാല്‍, ജനങ്ങളില്‍ ന്യായമായ അളവില്‍ പ്രതിരോധശേഷി ഉണ്ടായിരിക്കാനും അതിലൂടെ സംരക്ഷണം ലഭിക്കാനും സാധ്യതയുണ്ടെന്ന് ലിവര്‍പൂള്‍ സര്‍വകലാശാലയിലെ മുതിര്‍ന്ന ക്ലിനിക്കല്‍ ലക്ചറര്‍ ലാന്‍സ് ടര്‍ട്ടില്‍ പറയുന്നു. അതേസമയം, യുകെ പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സംരക്ഷണമോ പ്രതിരോധമോ ദുര്‍ബലമാകാന്‍ തുടങ്ങിയിരിക്കാം. അതിനാല്‍ കൂടുതല്‍ ഗുരുതരമായ കേസുകള്‍ കണ്ടേക്കാം എന്നൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. 

വാക്‌സിനുകള്‍, പ്രതിരോധ മരുന്നുകള്‍
സ്‌പൈക്ക് പ്രോട്ടീനില്‍ മുപ്പതിലധികം മ്യൂട്ടേഷനുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍, ഒമിക്രോണിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാകുമോ എന്ന ആശങ്കകള്‍ ഉയര്‍ന്നുകേട്ടിരുന്നു. ഇതുസംബന്ധിച്ച പരീക്ഷണങ്ങളും വിലയിരുത്തലുകളും തുടരുകയാണ്. ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ശേഷിയുള്ള പുതിയ വാക്‌സിനുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. അതേസമയം, ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ നല്‍കിയാല്‍, ഒമിക്രോണിനെയും പ്രതിരോധിക്കാമെന്ന കണ്ടെത്തലുകളും ശാസ്ത്രലോകം പുറത്തുവിട്ടിരുന്നു. നിലവിലെ വാക്‌സിനുകള്‍ തന്നെ അതിനായി ഉപയോഗപ്പെടുത്താമെന്നതും പ്രതീക്ഷ പകരുന്ന റിപ്പോര്‍ട്ടുകളായിരുന്നു. കൂടാതെ, അണുബാധയ്ക്കുശേഷം ശരീരത്തില്‍ ഉണ്ടാകുന്ന വൈറസിന്റെ അളവ് കുറയ്ക്കാന്‍ സഹായകമാകുന്ന മരുന്നുകളും ശാസ്ത്രലോകത്തിന്റെ പുതിയ സംഭാവനയാണ്. സെവുഡി (സോട്രോവിമാബ്), ലാഗെവ്രിയോ (മോല്‍നുപിരാവിര്‍) എന്നിങ്ങനെ ആന്റി-വൈറല്‍ മരുന്നുകള്‍ ഗുരുതരമായ രോഗങ്ങളില്‍നിന്ന് രക്ഷ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. യു.കെയില്‍ അര്‍ബുദ ചികിത്സക്കായി ഇവ ഉപയോഗിക്കുന്നുണ്ട്. ഇവ, കോവിഡ് ബാധിച്ചശേഷം ശരീരത്തില്‍ ഉണ്ടാകുന്ന വൈറസിന്റെ അളവ് കുറയ്ക്കുകയും ആശുപത്രി ചികിത്സ ആവശ്യമായി വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ശാസ്ത്രലോകം വ്യക്തമാക്കുന്നു.

ലബോറട്ടറിയില്‍ നിന്ന്
ഒമിക്രോണിന്റെ കാഠിന്യം കുറവായിരിക്കുമെന്നതിന് സാധ്യമായ ഒരു ജീവശാസ്ത്രപരമായ വിശദീകരണം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നതാണ് പ്രത്യാശ നല്‍കുന്ന മൂന്നാമത്തെ വാര്‍ത്ത. ഹോങ്കോംഗ് സര്‍വകലാശാലയിലെ മൈക്കല്‍ ചാന്‍ ചി-വായ് ആണ് കണ്ടെത്തലിനു പിന്നില്‍. പുതിയ വകഭേദം ഡെല്‍റ്റയെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമാണ്. എന്നാല്‍, രോഗബാധിതനായ ഒരു വ്യക്തിക്ക് ഏറ്റവും വലിയ അപകടമുണ്ടാക്കുന്ന ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ശേഷി കുറവാണ്. പുതിയ വകഭേഗം ആളുകള്‍ക്കിടയില്‍ അതിവേഗം വ്യാപിച്ചേക്കാം, എന്നാല്‍ ശരീരഘടനയുടെ കൂടുതല്‍ ദുര്‍ബലമായ ഭാഗങ്ങളില്‍ എത്തിച്ചേരില്ല. അതിനാല്‍ തന്നെ ഒമിക്രോണിന്റെ പ്രകോപനത്താല്‍ സംഭവിക്കുന്ന രോഗത്തിന്റെ തീവ്ര കുറവായിരിക്കും. എന്നിരുന്നാലും, ഒമിക്രോണ്‍ മരണകാരിയല്ലെഘങ്കിലും, കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നതിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണത്തിനും കാരണമായേക്കും. ആ ഭീഷണിയെ കരുതിയിരിക്കണമെന്നും അദ്ദേഹം പറയുന്നു.