എന്താണ് പുതുതായി റിപോര്‍ട്ട് ചെയ്ത ഫ്‌ലോറോണ രോഗബാധ? ആദ്യം കണ്ടെത്തിയത് ഇസ്രായേലില്‍, അറിയേണ്ടതെല്ലാം

 
D

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ആശങ്കളുണ്ടാക്കുന്ന സാഹചര്യത്തില്‍ പുതിയ രോഗം സ്ഥിരീകരിച്ചത് കൂടുതല്‍ ഭീതിയുണ്ടാക്കുകയാണ്.  കോവിഡ്, 
ഇന്‍ഫ്‌ലുവന്‍സ എന്നിവയുടെ ഇരട്ട അണുബാധയാണെന്ന് വിശ്വസിക്കപ്പെടുന്ന ഫ്‌ലോറോണയുടെ ആദ്യത്തെ കേസ് ഇസ്രായേല്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. റാബിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ സ്ത്രീയിലാണ് ഈ ആഴ്ച ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 

2021 നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ലോകം പോ
രാടുന്ന  സമയത്താണ് ഫ്‌ലോറോണയെക്കുറിച്ചുള്ള വാര്‍ത്ത വരുന്നത്. ഫ്‌ളൂവും കൊറോണയും ഒരേ സമയം ഉണ്ടാകുന്നതിനാല്‍ ഇത് ഒരു പുതിയ വകഭേദമല്ലെന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകളുടെ വര്‍ദ്ധനവ്  കണ്ടതിനാല്‍ ഫ്ളോറോണയെക്കുറിച്ച് പഠനം നടത്തിവരികയാണെന്ന് ഇസ്രായേലി ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്. 

ഒരേ സമയം രണ്ട് വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിനാല്‍ ഫ്‌ലോറോണ രോഗപ്രതിരോധ സംവിധാനത്തിന്റെ വലിയ തകര്‍ച്ചയെ സൂചിപ്പിക്കുമെന്ന് കെയ്റോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ നഹ്ല അബ്ദുള്‍ വഹാബ് ഇസ്രായേലി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിനെതിരെയുള്ള നാലാമത്തെ വാക്സിന്‍ ഡോസുകള്‍ ഇസ്രായേല്‍ ഇതിനകം തന്നെ അര്‍ഹരായ വ്യക്തികള്‍ക്ക് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. യുഎസിലും യൂറോപ്പിലും അതിവ്യാപനത്തിന് കാരണമായേക്കാവുന്ന ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങകളുടെ സംയോജനമായ ഡെല്‍മൈക്രോന്‍ സാധ്യതയും വിദഗ്ധര്‍ തള്ളികളയുന്നില്ല. ഡെല്‍മൈക്രോണും ഒരു പുതിയ വകഭേദമല്ല, ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സംയുക്ത ആക്രമണമാണ്. 

രണ്ട് സ്ട്രെയിനുകള്‍ക്കും ജീനുകളെ കൈമാറ്റം ചെയ്യാനും കൂടുതല്‍ അപകടകരമായ ഒരു വകഭേദം ഉണ്ടാകുന്നതിനും കാരണമാകാനും സാധ്യതയുണ്ട്. മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു. ആളുകള്‍ക്ക്, പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് രണ്ട് വൈറസുകളും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതിന് തെളിവകളുണ്ടെന്ന്  ദക്ഷിണാഫ്രിക്കയിലെ പഠനങ്ങള്‍ ചൂണ്ടി ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഫ്‌ലോറോണ സ്ഥിരീകരിച്ച സ്ത്രീക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ പരിശോധനയും ഇന്‍ഫ്‌ലുവന്‍സ പരിശോധനയും നടത്തിയിരുന്നു. ഇവ രണ്ടും പോസറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലെ സ്‌പെഷ്യലിസ്റ്റ് പ്രൊഫസര്‍ അര്‍നോണ്‍ വെഗ്‌നിറ്റ്‌സര്‍ പറഞ്ഞു. 

Also Read; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ; ഗോവയില്‍ പ്രതിഷേധം ഇരമ്പുമ്പോള്‍

ആരോഗ്യ മന്ത്രാലയം ഇപ്പോഴും കേസ് പഠിച്ചുകൊണ്ടിരിക്കുകയാണ്, രണ്ട് വൈറസുകളുടെ സംയോജനം കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് രോഗികള്‍ക്ക് 'ഫ്‌ലോറോണ' ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാല്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്ത് ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1849 കേസുകളായിരുന്നു കഴിഞ്ഞയാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത് മാത്രമല്ല സെപ്റ്റംബറിന് ശേഷം ആദ്യമായി കോവിഡ് കേസുകളിലും വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലായിരം കേസുകളായിരുന്നു സ്ഥിരീകരിച്ചത്.

ഇസ്രായേലില്‍ നിലവില്‍ 22,000 കോവിഡ് രോഗികളുണ്ട്, അവരില്‍ 90-ലധികം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കോവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് കുറഞ്ഞത് 8,243 മരണങ്ങള്‍ കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസിന്റെ ഏറ്റവും കഠിനമായ ലക്ഷണങ്ങള്‍ തടയാന്‍ വീട്ടില്‍ ഉപയോഗിക്കാവുന്ന ഫൈസര്‍സ് പാക്സ്ലോവിഡ് എന്ന മരുന്ന് ആദ്യമായി ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇസ്രായേല്‍.