യുഎന്‍ സമ്മേളനത്തില്‍ താലിബാന്‍ പ്രതിനിധിയുണ്ടാവില്ല; മുന്‍ സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്സായിക്ക് അവസരം

 
Taliban

ഒമ്പതംഗ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി യോഗം ചേരാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയുടെ 76മത് സമ്മേളനത്തില്‍, അഫ്ഗാനിസ്ഥാനില്‍നിന്ന് താലിബാന്റെ പ്രതിനിധി ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ആഗസ്റ്റ് 15ഓടെ പഴയ സര്‍ക്കാര്‍ മാറിയെന്നും സമ്മേളനത്തില്‍ സംസാരിക്കാന്‍ തങ്ങളുടെ പ്രതിനിധിയെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് താലിബാന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഒമ്പതംഗ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി യോഗം ചേരാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല. ഇപ്പോള്‍ നടക്കുന്ന സമ്മേളനം അവസാനിച്ചശേഷമേ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി യോഗം ചേരുകയുള്ളൂ. അതിനാല്‍, മുന്‍ സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്സായി അഫ്ഗാനെ പ്രതിനിധീകരിച്ച് പൊതുസഭയില്‍ സംസാരിക്കുമെന്നാണ് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. അഫ്ഗാന്‍ പ്രതിനിധിയാണ് ഏറ്റവും ഒടുവില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുക. 

യുഎന്‍ സമ്മേളനത്തില്‍ സംസാരിക്കാന്‍ താലിബാന്‍ പ്രതിനിധിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്ത് നല്‍കിയത്. ഗനി സര്‍ക്കാരിനെ ആഗസ്റ്റ് 15ന് പുറത്താക്കി. ലോക രാജ്യങ്ങളൊന്നും ഗനിയെ പ്രസിഡന്റായി അംഗീകരിക്കുന്നുമില്ല. അതിനാല്‍, മുന്‍ സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്സായിക്ക് അഫ്ഗാനെ പ്രതിനിധീകരിക്കാനാകില്ലെന്നും താലിബാന്‍ വാദിക്കുന്നു. ഗുലാം ഇസാക്സായിക്ക് പകരക്കാരനായി യുഎന്‍ സ്ഥിരം പ്രതിനിധിയായി ഖത്തറിലെ സമാധാന ചര്‍ച്ചകളില്‍ താലിബാന്റെ വക്താവായിരുന്ന മുഹമ്മദ് സുഹൈല്‍ ഷഹീനെയാണ് താലിബാന്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 

താലിബാന്റെ കത്ത് യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒതംഗ  അംഗ ക്രെഡന്‍ഷ്യല്‍ കമ്മിറ്റിക്ക് യുഎന്‍ വിട്ടു. കമ്മിറ്റിയാണ് പ്രതിനിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ സമ്മേളനം അവസാനിക്കാതെ കമ്മിറ്റി കൂടാന്‍ സാധ്യതയില്ല. സമിതി സാധാരണയായി നവംബറിലാണ് ചേരുന്നതെന്നും ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് അസംബ്ലി വക്താവ് മോണിക്ക ഗ്രെയ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിനാല്‍, ചട്ടപ്രകാരം സമിതി തീരുമാനമെടുക്കുന്നതുവരെ ഇസാക്സായിക്ക് അഫ്ഗാന്‍ പ്രതിനിധിയായി തുടരാം. മുന്‍പും അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തപ്പോഴും, യുഎന്‍ അന്നത്തെ സര്‍ക്കാരിനെ അംഗീകരിച്ചിരുന്നില്ല.