ആണവായുധങ്ങള്‍ക്കെതിരായ നിലപാടും,ഒബാമയുടെ സന്ദര്‍ശനവും; ജപ്പാന്റെ അടുത്ത പ്രധാനമന്ത്രി ഫുമിയോ കിഷിദയെ അറിയാം 
 

 
fumio-kishida

ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ്.  കഴിഞ്ഞ സെപ്റ്റംബറില്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ ചുമതലയേല്‍ക്കുന്നത്. കോവിഡിനെ നേരിട്ട രീതിയെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും ജനപ്രീതിയില്‍ വന്ന ഇടിവുമാണ് സ്ഥാനമൊഴിയാന്‍ യൊഷിഹിദെ സുഗയെ പ്രേരിപ്പിച്ചത്.

തന്റെ രണ്ടാം അവസരത്തില്‍ ഫുമിയോ കിഷിദ ജനപ്രിയനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥി ടരോ കൊനോയെ പിന്തള്ളിയാണ് അധികാരത്തിലെത്തുന്നത്. ആദ്യ റൗണ്ടില്‍ വനിതാ സ്ഥാനാര്‍ഥികളായ സാനേ തകൈച്ചി, സെയ്‌കോ നോഡ എന്നിവരെ മറികടന്ന കിഷിദ 257 വോട്ടുകള്‍ നേടിയാണ് ടാരോ കോനോയെ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച  കിഷിദ ഔദ്യോഗികമായി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

പരിചയസമ്പന്നനായ ഫുമിയോ കിഷിദ കഴിഞ്ഞ തവണയും പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടിരുന്നു. 2020 ല്‍ യോഷിഹിദെ സുഗയോടാണ് ഇദ്ദേഹം തോറ്റത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജാപ്പനീസ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് അകന്ന് നില്‍ക്കുമെന്നും വരുമാന അസമത്വം പരിഹരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുമ്പോഴും കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയുടെ ഉണര്‍വിനായി 
വലിയ തുക ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്‍.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം കിഷിദയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ടോകിയോ ഒളിംപിക്സ് നടത്താന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയുടെ ജനസ്വീകാര്യതയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കോവിഡിന്  ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തിക്കൊണ്ടു വരിക, ഉത്തര കൊറിയ ജപ്പാന് മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക എന്നതും പുതിയ പ്രധാനമന്ത്രിയുടെ ഭരണവൈഭവത്തെ പരീക്ഷിക്കുന്ന കാര്യങ്ങളായിരിക്കും.

നേരത്തെ കിഷിദ എല്‍ഡിപി നയ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു, 2012-17 കാലയളവില്‍ വിദേശകാര്യ മന്ത്രിയായിരുന്നു, ഈ സമയത്ത് അദ്ദേഹം റഷ്യയുമായും ദക്ഷിണ കൊറിയയുമായും മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. ജപ്പാനുമായുള്ള ഇരു രാജ്യങ്ങളുടെയും ബന്ധം പലപ്പോഴും
സൗഹാര്‍ദപരമായിരുന്നു.  ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതാണ് തന്റെ ജീവിതത്തിന്റെ ജോലിയെന്ന് പറഞ്ഞ കിഷിദയുടെ പ്രസ്താവന 2016 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഹിരോഷിമയിലെ ചരിത്രപരമായ സന്ദര്‍ശനത്തിന് വഴിവെച്ചു. പുരോഗമന ചിന്ത
ഉണ്ടായിരുന്നിട്ടും, സ്വവര്‍ഗ വിവാഹം പോലുള്ള വിവാദ പ്രശ്‌നങ്ങളില്‍ അദ്ദേഹം മുന്‍ പ്രധാനമന്ത്രി ടരോ കൊനോയെയുടെ പിന്നില്‍ പോയി. 

അതേസമയം വിദേശ നയത്തിലും സുരക്ഷാ നയത്തിലും കിഷീദ കൊനോയേക്കാള്‍ മികച്ച് നില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു. 
പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന്, കിഷീദ 1993 ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതിന് മുമ്പ് ജാപ്പനീസ് സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ചയുടെ ഘട്ടങ്ങളില്‍ കിഷീദ ഒരു ബാങ്കില്‍ ജോലിക്കാരനായിരുന്നു. കുട്ടിക്കാലത്ത്, ഇദ്ദേഹത്തിന്റെ കുടുംബം ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നു, അവിടെ സ്‌കൂളില്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു. ഈ സംഭവം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. 

സ്‌കൂളിലെ മികച്ച ബേസ്‌ബോള്‍ കളിക്കാരനായ കിഷിദ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ നിയമ പ്രവേശന പരീക്ഷയില്‍ മൂന്ന് തവണ പരാജയപ്പെട്ടത് മാതാപിതാക്കളെ നിരാശപ്പെടുത്തി. തലസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ സര്‍വകലാശാലയായ വസേഡയിലാണ് അദ്ദേഹം പഠിച്ചതും പിന്നീട് രാഷ്ട്രീയത്തിലെത്തിയതും. 'ആളുകള്‍ പറയുന്നത് ചെവിക്കൊള്ളുക എന്നതിലാണ് എന്റെ കഴിവ്. ജപ്പാന്റെ നല്ല ഭാവിക്ക് വേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്ട്,'' പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷം കിഷിദ പ്രതികരിച്ചു.