സൈനിക ഇടപെടലുകളില്ല, ചൈനയുമായി ശീതയുദ്ധവും ആഗ്രഹിക്കുന്നില്ല; നയതന്ത്രപാതയില്‍ യുഎസ്

 
Joe bIden

സമാധാനം ആഗ്രഹിക്കുന്ന സഖ്യരാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തും

സൈനിക ഇടപെടലുകളേക്കാള്‍, വിട്ടുവീഴ്ചയില്ലാത്ത നയതന്ത്ര ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ യുഗത്തിലേക്ക് യുഎസിനെ നയിക്കാനാണ് തന്റെ പദ്ധതിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. അധികാരമേറ്റെടുത്തശേഷം യുഎന്‍ പൊതുസഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലാണ് ബൈഡന്റ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്. അടുത്ത പത്തുവര്‍ഷത്തെ, സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ലോകത്തിന്റെ നിര്‍ണായക ദശകം എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. ലോകമൊരു വഴിത്തിരിവിലാണ്. കാലാവസ്ഥാ പ്രതിസന്ധിയും കോവിഡ് പോലുള്ള പകര്‍ച്ചവ്യാധിയും ഉയര്‍ത്തിയ വെല്ലുവിളികളെ ആഗോളസമൂഹം നേരിട്ട രീതി വരുംതലമുറയില്‍ പ്രതിഫലിക്കും. നവീന സാങ്കേതിക വിദ്യകളിലൂടെയും ആഗോള സഹകരണത്തിലൂടെയും അത്തരം വെല്ലുവിളികള്‍ നേരിടണം, യുദ്ധത്തിലൂടെയല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. 

അഫ്ഗാനിലെ രണ്ട് പതിറ്റാണ്ടിന്റെ സംഘര്‍ഷം അവസാനിപ്പിച്ചിരിക്കുന്നു. നിരന്തര യുദ്ധത്തിന്റെ കാലഘട്ടം അവസാനിക്കുമ്പോള്‍, നയതന്ത്രത്തിന്റെ പുതിയ യുഗത്തിലേക്കാണ് തങ്ങള്‍ തയ്യാറെടുക്കുന്നത്. വികസനത്തിനൊപ്പം ലോകജനതയെ ഉന്നതിയിലെത്തിക്കാനുള്ള പുതിയ മാര്‍ഗങ്ങളാണ് തേടുന്നത്. ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ പുതുക്കാനും പ്രതിരോധിക്കാനും, അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എത്ര സങ്കീര്‍ണമായാലും നേരിടാനും, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണകൂടം അത്തരമൊരു മാര്‍ഗമാണെന്ന് ബൈഡന്‍ പറഞ്ഞു. 

സമാധാനം ആഗ്രഹിക്കുന്ന സഖ്യരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ആസ്‌ട്രേലിയയും ബ്രിട്ടനും യു.എസും തമ്മിലുണ്ടാക്കിയ പ്രതിരോധ-സുരക്ഷാ കരാറില്‍ ഫ്രാന്‍സും ചൈനയും വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായി ശീതയുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചൈനയുടെ പേര് പരാമര്‍ശിക്കാതെ ബൈഡന്‍ പറഞ്ഞു. ലോകത്തിലെ സ്വേച്ഛാധിപതികളുമായി ശക്തമായി മത്സരിക്കാന്‍ ശ്രമിക്കും. ഇന്തോ-പസഫിക്ക് മേഖലയിലേക്ക് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഭാവി വെല്ലുവിളികള്‍ നേരിടാന്‍, രാജ്യത്തിന്റെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനാണ് മുന്‍ഗണനയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.