'ലോകമെമ്പാടും അക്രമത്തിന്റെ പേരില്‍ മുസ്ലിങ്ങളെ ലക്ഷ്യം വെയ്ക്കുന്നു'; ഈദ് ഉല് ഫിത്തര്‍ സന്ദേശത്തില്‍ ബൈഡന്

ലോകമെമ്പാടും അക്രമത്തിന്റെ പേരില്‍ മുസ്ലിങ്ങളെ ലക്ഷ്യം വെയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. തങ്ങള്‍ക്കെതിരായ അക്രമണങ്ങളും ഇസ്ലാമഫോബിയയും വര്‍ധിച്ച് വരുമ്പോഴും മുസ്ലിങ്ങള്‍ അമേരിക്കയെ ഓരോ ദിവസവും കൂടുതല്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ഈദ് ഉല് ഫിത്തര്‍ ആഘോഷത്തിനിടയില്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അംബാസഡറായി ആദ്യത്തെ മുസ്ലിമിനെ നിയമിച്ചതായും ബൈഡന് പറഞ്ഞു.

'ലോകമെമ്പാടും, നിരവധി മുസ്ലിങ്ങള്‍ അക്രമത്തിന് ഇരയാകുന്നു, ആരും, ആരും അവരുടെ മതവിശ്വാസങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യരുത്. അവരെ ലക്ഷ്യം വെച്ചുള്ള അക്രമവും ഇസ്ലാമോഫോബിയയും ഉള്‍പ്പെടെ സമൂഹത്തില്‍ വെല്ലുവിളികളും ഭീഷണികളും നേരിടുന്നുണ്ടെങ്കിലും മുസ്ലിങ്ങള്‍ നമ്മുടെ രാജ്യത്തെ ഓരോ ദിവസവും ശക്തമാക്കുന്നു, ദാരിദ്ര്യം, പട്ടിണി, സംഘര്‍ഷം, രോഗം എന്നിവയാല്‍ ആഘാതമനുഭവിക്കുന്നവരെ ഓര്‍ക്കാനും എല്ലാവര്ക്കും നല്ല ഭാവി കെട്ടിപ്പടുക്കാനുമുള്ള ഒരു മാര്‍ഗമായാണ് വിവിധ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഈദ് ആഘോഷിക്കുന്നതെന്നും' ബൈഡന് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഈ സന്തോഷ സന്ദര്‍ഭം ആഘോഷിക്കാന്‍ കഴിയാത്ത ദശലക്ഷക്കണക്കിന് കുടിയിറക്കപ്പെട്ട ആളുകളെയും അഭയാര്‍ത്ഥികളെയും ഓര്‍മ്മിക്കാന്‍ ബൈഡന് ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. 'ഈ പുണ്യദിനം ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഞങ്ങള്‍ ഓര്‍ക്കുന്നു, ഉയ്ഗറുകളെ, റോഹിങ്ക്യകളെ, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗം എന്നിവ നേരിടുന്ന എല്ലാവരെയും. നമ്മള് കാണാന്‍ ആഗ്രഹിക്കുന്ന ലോകത്തേക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളങ്ങളെ നോക്കുക, പ്രത്യേകിച്ചും യെമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുകൊണ്ട് ആറു വര്‍ഷത്തിനിടെ ആദ്യമായി സമാധാനത്തോടെ ഈദ് ആഘോഷിക്കാന്‍ യെമനിലെ ജനങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു,' ബൈഡന് പറഞ്ഞു.