കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജം, സുരക്ഷിതം; 5,200 സൈനികരെ നിലനിര്‍ത്തിയിട്ടുണ്ടെന്ന് യുഎസ്

 
Kabul Airport


കാബൂള്‍ വിമാനത്താവളം സര്‍വീസുകള്‍ക്കായി സജ്ജമാണെന്നും സുരക്ഷിതമാണെന്നും യുഎസ്. വിമാനത്താവളത്തില്‍ 5200 സൈനികരെ നിലനിര്‍ത്തിയിട്ടുണ്ടെന്നും യുഎസ് ആര്‍മി മേജര്‍ ജനറലും ജോയിന്റ് സ്റ്റാഫിന്റെ ലോജിസ്റ്റിക്സ് വൈസ് ഡയറക്ടറുമായ വില്യം ഹങ്ക് ടെയ്ലര്‍ വ്യക്തമാക്കി. ആഗസ്റ്റ് 14ന് തുടക്കമിട്ട ഓപ്പറേഷനിലൂടെ, 7000ത്തോളം പേരെ ഒഴിപ്പിച്ചതായും മേജര്‍ ജനറല്‍ വില്യം ടെയ്‌ലര്‍ വ്യക്തമാക്കി. 

യുഎസ് ജനതയുടെ സുരക്ഷിതത്വത്തിനായി നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിവരുന്നത്. ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ലക്ഷ്യം നേടാന്‍ സൈന്യം സര്‍വസജ്ജമാണ്. ദേശീയ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള നടപടികളാണ് അഫ്ഗാനിസ്താനില്‍ നടത്തുന്നത്. കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ആളുകളെ ഒഴിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മേജര്‍ ജനറല്‍ വില്യം ടെയ്‌ലറെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷിതമാക്കുകയാണ് യുഎസ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പെന്റഗണില്‍ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് ആര്‍മി ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു. അതേസമയം, താലിബാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായാണ് യുഎന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ്, നാറ്റോ സൈന്യങ്ങളെ സഹായിച്ചവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണ് താലിബാന്‍ സേനയുടെ പദ്ധതി. താലിബാന്‍ ആയുധധാരികള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.