കാബൂള്‍ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 73 ആയി; കൊല്ലപ്പെട്ടവരില്‍ 12 യുഎസ് സേനാംഗങ്ങള്‍

 
Kabul Blast

താലിബാനികള്‍ ഉള്‍പ്പെടെ 140ലേറെ പേര്‍ക്ക് പരിക്ക്

കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. മരിച്ചവരില്‍ 12 യുഎസ് സേനാംഗങ്ങളും ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. താലിബാനികള്‍ ഉള്‍പ്പെടെ 140ലേറെ പേര്‍ക്ക് പരിക്കേറ്റു. 15ഓളം സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അഫ്ഗാന്‍ ഘടകമായ ഐ.എസ് ഖൊരാസന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യുഎസ് സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇവര്‍ പ്രസ്താവനയില്‍ അറിയിച്ചു.  

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ചാവേര്‍ സ്‌ഫോടനം. രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തുന്ന ആയിരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആബ്ബേ കവാടത്തിനുസമീപമായിരുന്നു ആദ്യം സ്ഫോടനമുണ്ടായത്. പിന്നാലെ ബ്രിട്ടീഷ് അധികൃതര്‍ വിസരേഖകള്‍ പരിശോധിക്കുന്ന ബാരണ്‍ ഹോട്ടലിനുസമീപം കൂട്ടംകൂടിനിന്ന അഭയാര്‍ഥികള്‍ക്കു നടുവിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചു. വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 

നേരത്തെ, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുന്നതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് യുഎസ്, യുകെ, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. എത്രയും വേഗം കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്. ആബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ് അല്ലെങ്കില്‍ നോര്‍ത്ത് ഗേറ്റ് എന്നിവിടങ്ങളിലുള്ളവര്‍ എത്രയുംവേഗം അവിടംവിട്ട് പോകണമെന്നാണ് യുഎസ് വിദേശ മന്ത്രാലയം അറിയിച്ചത്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുന്നറിയിപ്പെന്നും യുഎസ് വ്യക്തമാക്കുന്നു. ഭീകരാക്രമണത്തിന് ഉയര്‍ന്ന സാധ്യതയുള്ളതിനാല്‍, കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് പൗരന്മാര്‍ക്ക് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തന്നെയാണ് യുകെ ഭരണകൂടവും നല്‍കിയത്. മറ്റു മാര്‍ഗങ്ങളിലൂടെ സുരക്ഷിതമായി അഫ്ഗാന്‍ വിടാന്‍ കഴിയുമെങ്കില്‍, എത്രയും വേഗം അത് ചെയ്യണം എന്നാണ് പൗരന്മാരോട് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. 

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തശേഷം പതിനായിരക്കണക്കിനാളുകളാണ് അഫ്ഗാന്‍ വിട്ടത്. ഇവരില്‍ അഫ്ഗാന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിലേക്കെത്തുന്നവരെ താലിബാന്‍ ആയുധധാരികള്‍ കര്‍ശന പരിശോധനയ്ക്കും വിധേയരാക്കുന്നുണ്ട്. വിദേശ പൗരന്മാര്‍ക്ക് അഫ്ഗാന്‍ വിടാം. എന്നാല്‍ അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈമാസം 31നകം ഒഴിപ്പിക്കല്‍ ദൗത്യം അവസാനിപ്പിക്കണമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.