കാബൂൾ സ്ഫോടനം: ഉത്തരവാദികളായവരെ വെറുതെ വിടില്ല; വികാരാധീനനായി ബൈഡൻ

 
Joe bIden

യുഎസ് സൈനികർ ഉൾപ്പെടെ എഴുപതിലധികം പേർ കൊല്ലപ്പെട്ട കാബൂളിലെ ഇരട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഞങ്ങൾ ഒരിക്കലുമിത് പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും. കനത്ത വില നൽകേണ്ടി വരും - വികാരനിർഭരനായി ബൈഡൻ വൈറ്റ്ഹൗസിൽ പ്രസ്താവിച്ചു. 

കാബൂൾ ആക്രമണത്തിൽ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് ബൈഡൻ വികാരാധീനനായത്. ജീവൻ നഷ്ടമായ സൈനികരെ യുഎസ് ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡൻ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.


അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. തീവ്രവാദികൾക്ക് തങ്ങളെ പിന്തിരിപ്പിക്കാനാകില്ല. യുഎസ് ദൗത്യം അവസാനിപ്പിക്കാൻ അവർക്ക് സാധിക്കില്ല. ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നും ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തെ പ്രതിരോധിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ ബൈഡൻ പെന്റഗണിന് നിർദേശവും നൽകി.


കാബൂൾ ചാവേർ സ്ഫോടനത്തിൽ 12 യുഎസ് സൈനികർ ഉൾപ്പെടെ 73ഓളം പേരാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച.15 ഓളം യുഎസ് സൈനികർ ഉൾപ്പെടെ 140ൽ അധികംപേർക്ക് പരിക്കുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.