'ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ രക്ഷാദൗത്യം'; കാബൂള്‍ രക്ഷാദൗത്യം അപകടം നിറഞ്ഞതെന്ന് ജോ ബൈഡന്‍

 
Joe bIden

കാബൂളില്‍ അടിയന്തിര രക്ഷാദൗത്യം എത്രത്തോളം വിജയകരമാകുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനിലേത് നേരിട്ട രക്ഷാദൗത്യങ്ങളില്‍ എക്കാലത്തേയും ബുദ്ധിമുട്ടേറിയ രക്ഷാദൗത്യമാണെന്നും, തങ്ങളുടെ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും പ്രയാസമേറിയ രക്ഷാദൗത്യങ്ങളില്‍ ഒന്നാണിത്,' അഫ്ഗാന്‍ തലസ്ഥാനം ഏറ്റെടുത്ത് താലിബാന്‍ സൈന്യം വളഞ്ഞപ്പോള്‍ ജനങ്ങളുടെ കൂട്ടമായ പലായനം ഏകോപിപ്പിക്കുന്നതിലെ അപകടകരമായ ഘടകങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് വൈറ്റ് ഹൗസില്‍ നിന്നുള്ള ടെലിവിഷന്‍ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു. അപകടങ്ങള്‍ നിറഞ്ഞ സാഹചര്യം ആണെങ്കിലും  ഏതൊരു അമേരിക്കക്കാരനും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ നാട്ടിലെത്തിക്കും ബൈഡന്‍ പറഞ്ഞു. ഓഗസ്റ്റ് 14 മുതല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് 13,000 പേരെയും ജൂലൈ മുതല്‍ 18,000 പേരെയും യുഎസ് സേന വ്യോമമാര്‍ഗം എത്തിച്ചായി ബൈഡന്‍ പറഞ്ഞു, 
യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷിതമായ തിരിച്ചെത്തിക്കല്‍ സുഗമമാക്കാന്‍ താലിബാനുമായി തന്റെ ഭരണകൂടം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. കാബുള്‍ വിമാനത്താവളത്തിന് അമേരിക്ക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. അതിനിടെ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.  5000 അഫ്ഗാനികള്‍ക്ക് 10 ദിവസത്തേക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നു.