ജോ ബൈഡന് ചികിത്സ; അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാര സ്ഥാനത്തെത്തി കമലാ ഹാരിസ്

 
kamala

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായ കമലാ ഹാരിസ് ആദ്യമായി രാജ്യത്തിന്റെ ഭരണാധികാരിയായി. ഒരു മണിക്കൂറും 25 മിനിറ്റും സമയത്തേക്കാണ് കമലാ ഹാരിസ് താത്കാലികമായി അമേരിക്കന്‍ പ്രസിഡന്റായത്. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡന്‍ കമല ഹാരിസിന് അധികാരം കൈമാറിയത്‌.  കുറച്ചു സമയത്തേക്കായിരുന്നെങ്കിലും യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതിയും  ഇതോടെ കമല ഹാരിസ് സ്വന്തമാക്കി.

യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35 ആയപ്പോള്‍ ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.  അമേരിക്കന്‍ പ്രസിഡന്റായ ബൈഡന്‍ കുടല്‍ സംബന്ധമായ പരിശോധനയായ കൊളെനോസ്‌കോപി നടത്താന്‍ വേണ്ടിയാണ് അനസ്തേഷ്യക്ക് വിധേയനായത്. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ബൈഡന്‍ പരിശോധനയ്ക്ക് വിധേയനായത് . ബൈഡന്‍ വൈറ്റ് ഹൗസ് വിട്ടതായും അദ്ദേഹത്തിന്റെ  പരിശോധനാ ഫലങ്ങള്‍ പങ്കുവെക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും അമേരിക്കയില്‍ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു.  77 കാരനായ ബൈഡന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും അമേരിക്കയില്‍ പ്രചരിച്ചിരുന്നു.

അതേസമയം ബൈഡന്  നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബൈഡന്‍ അന്സ്തേഷ്യയിലുള്ള സമയത്താണ്‌. കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്ത് വന്നത്. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ കമലയ്ക്കായിരിക്കും.