ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് പരാമര്‍ശിച്ച് കമല ഹാരിസ്; നടപടിയെടുക്കണമെന്ന് ആവശ്യം

 
Modi Kamala

ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് പരാമര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഭീകരവാദ സംഘടങ്ങള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസിന്റെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കാതിരിക്കേണ്ടതിന് ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമല പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായം പങ്കുവെച്ച നേതാക്കള്‍ ഇരു രാജ്യങ്ങളിലെയും കോവിഡ് സാഹചര്യവും ചര്‍ച്ച ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

ജോ ബൈഡന്‍-കമല ഹാരിസ് ഭരണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളില്‍ മികച്ച സഹകരണമാണുള്ളത്. കോവിഡ് രണ്ടാം തരംഗത്തില്‍ യുഎസ് നല്‍കിയ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശ സഹകരണം, പുതിയ സാങ്കേതിക വിദ്യ, ആരോഗ്യ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. 

അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിനോട് കമല ഹാരിസ് യോജിച്ചു. ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദം. അമേരിക്കക്കും ഇന്ത്യക്കും വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. പാകിസ്ഥാനില്‍ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് യുഎസിനുണ്ട്. യുഎസിന്റെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കാതിരിക്കേണ്ടതിന് ഭീകരവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമല പാകിസ്ഥാനോട് ആവശ്യപ്പെട്ടു. 

ഇന്ത്യ യുഎസിന്റെ നിര്‍ണായക പങ്കാളിയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വ്യാപിക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്ത തീരുമാനത്തെയും കമല അഭിനന്ദിച്ചു. 

ഇന്ത്യയില്‍ വേരുകളുള്ള കമല ഹാരിസിനെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.