യുഎസിന്റേത് ശത്രുതാപരമായ നയം; ദക്ഷിണ കൊറിയയുമായി ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിക്കാന്‍ കിം ജോങ് ഉന്‍

 
Kim Jong-un

മുന്‍ ഭരണകൂടങ്ങളുടെ ശത്രുതാപരമായ നയമാണ് ബൈഡനും തുടരുന്നത്

ചര്‍ച്ചയ്ക്കുള്ള യുഎസ് വാഗ്ദാനം നിരസിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. യുഎസിന്റേത് ഇരട്ടത്താപ്പാണെന്നും അത് മറയ്ക്കാനുള്ള പുറംമോടി മാത്രമാണിതെന്നുമാണ് കിമ്മിന്റെ പ്രതികരണം. മേഖലയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് ദക്ഷിണ കൊറിയയുമായുള്ള ആശയ വിനിമയം ബന്ധം പുനസ്ഥാപിക്കാന്‍ കിം ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായും ഒദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യാതൊരു ഉപാധികളുമില്ലാതെയാണ് ബൈഡന്‍ ഭരണകൂടം ചര്‍ച്ച വാഗ്ദാനം ചെയ്തത്. എന്നാല്‍ ആണവായുധ ശേഷിയുള്ള രാജ്യത്തോട് ശത്രുതാപരമായ നയമാണ് അവര്‍ തുടരുന്നത്. അവരുടെ വഞ്ചനയും ശത്രുതാപരമായ നയവും മറയ്ക്കാനുള്ള ഒരു പുറംമോടിയാണത്. മുന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ച ശത്രുതാപരമായ നയത്തിന്റെ വിപുലീകരണം മാത്രമാണതെന്നും കിം പറഞ്ഞു.

ദക്ഷിണ കൊറിയ ഇപ്പോഴും യുഎസിനെ പിന്തുടരുകയാണെന്ന് കിം പറഞ്ഞു. 1950-53ലെ കൊറിയന്‍ യുദ്ധം അവസാനിക്കുന്നതായി രാജ്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പായി, പരസ്പര ബഹുമാനം ഉറപ്പാക്കുമെന്നും അന്യായമായ കാഴ്ചപ്പാടുകളും ഇരട്ടത്താപ്പ് മനോഭാവവും ഉപേക്ഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതിനാല്‍ ദക്ഷിണ കൊറിയ തങ്ങളുടെ ഇരട്ടത്താപ്പ് ശൈലിയും ശത്രുതാപരമായ കാഴ്ചപ്പാടും മാറ്റണം. ഗൗരവമേറിയ തിരഞ്ഞെടുപ്പുകളുടെ വഴിത്തിരിവിനും അനുരഞ്ജനത്തിനും ഇടയിലാണ് കൊറിയന്‍ രാജ്യങ്ങളുടെ ബന്ധമെന്നും കിം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഒക്ടോബര്‍ ആദ്യം ഉത്തര-ദക്ഷിണ കൊറിയന്‍ ടെലഫോണ്‍ ബന്ധവും ഫാക്‌സ് ലൈനുകളും പുനസ്ഥാപിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.  

ഉത്തര കൊറിയയോട് ശത്രുതാപരമായി പെരുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നതുമാണ് യുഎസ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. അതേസമയം, ബൈഡന്‍ ഭരണത്തിനുകീഴില്‍ യുഎസ് സൈനിക ഭീഷണിയും ശത്രുതാപരമായ നയങ്ങളും മാറിയിട്ടില്ല. അതുപക്ഷേ കൂടുതല്‍ തന്ത്രപരമായിരിക്കുന്നുവെന്നാണ് കിം പാര്‍ലമെന്റില്‍ സംസാരിച്ചത്. യുഎസ് നേതൃത്വത്തിലുള്ള ഉപരോധങ്ങളെയും മറ്റും മറികടക്കാന്‍ ദക്ഷിണ കൊറിയന്‍ സഹായം തേടുന്നതിനൊപ്പം യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനും കൂടി ലക്ഷ്യമിട്ടുള്ളതാണ് കിമ്മിന്റെ പ്രതികരണങ്ങള്‍.