വ്യോമസേനയുടെ അവസാന വിമാനവും മടങ്ങി; അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം ആഘോഷമാക്കി താലിബാന്‍

 
us

വ്യോമസേനയുടെ അവസാന വിമാനമായ സി-17 നും പറന്നതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന്  അമേരിക്കന്‍ സൈന്യം പൂര്‍ണമായും മടങ്ങി. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ നീണ്ട യുദ്ധത്തിനും അവസാനമായി.  ആഗസ്റ്റ് 31 പിറക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് സൈന്യത്തിന്റെ അവസാന ഗ്രൂപ്പും മടങ്ങിയത്. സി 17 വിമാനം ഇന്ത്യന്‍ സമയം രാത്രി 11 .59 നാണ് പറന്നുയര്‍ന്നത്. യുഎസ് സ്ഥാനപതി റോസ് വില്‍സണ്‍ അടക്കം അവസാന വിമാനത്തില്‍ മടങ്ങി. 

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ പിന്മാറ്റം വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ബൈഡന്‍ നന്ദിയറിയിച്ചു. 

കഴിഞ്ഞയാഴ്ച കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 13 സൈനികര്‍ മരിച്ചതുള്‍പ്പെടെ  2500 അമേരിക്കക്കാര്‍ അഫ്ഗാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.  ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.

കാബൂള്‍ വിമാനത്താവളം തുറന്നു കഴിഞ്ഞാല്‍ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യം തുടരുമെന്നും അത് കരമാര്‍ഗത്തിലോ ചാര്‍ട്ടര്‍ വിമാനത്തിലോ ആയിരിക്കുമെന്നും ഇതിനായി അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍ ഇവ എളുപ്പത്തില്‍ സാധ്യമാകുമെന്ന് കരുതുന്നില്ല, അഫ്ഗാനിസ്ഥാനില്‍ ഇനിയും നൂറോളം അമേരിക്കക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പെന്റഗണ്‍ തിങ്കളാഴ്ച യുഎസ് സൈന്യത്തിന്റെ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം സംസാരിച്ച ബ്ലിങ്കന്‍, കാബൂളിലെ യുഎസ് എംബസി അടച്ചുപൂട്ടിയെന്നും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഖത്തറിലെ ദോഹയില്‍ ആയിരിക്കുമെന്നും പറഞ്ഞു. അമേരിക്കക്കാര്‍, വിദേശ പൗരന്മാര്‍,  അഫ്ഗാനിസ്ഥാന്‍ വിട്ടുപോയ അഫ്ഗാനികള്‍ എന്നിവരെ സഹായിക്കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ തുടരുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.