'കാലാവസ്ഥാ വ്യതിയാനം വെടിയൊച്ചകളില്ലാത്ത യുദ്ധം; ചുട്ടുപൊള്ളുന്ന ലോകവും കൂടുതല്‍ അക്രമാസക്തമാണ്'

 
Climate Change and Conflict

കാലാവസ്ഥാ വ്യതിയാനത്തിന്റെ സുരക്ഷാ പ്രത്യാഘാതങ്ങള്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

ചുട്ടുപൊള്ളുന്ന ഒരു ലോകം കൂടുതല്‍ അക്രമാസക്തമായ ഒന്നാണ്. മഹാദുരന്തത്തിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി മൂന്ന് പ്രസിഡന്റുമാരും ഏഴ് വിദേശ മന്ത്രിമാരും യുഎന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ മുന്നറിയിപ്പാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സുരക്ഷാ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ആഗോളതാപനം യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളുടെ പ്രധാനഭാഗമാക്കണമെന്നുമായിരുന്നു സുരക്ഷാ കൗണ്‍സിലിന്റെ മന്ത്രിതല യോഗത്തിലെ ആവശ്യം. ചൂട് കൂടുന്നത് ലോകത്തെ ഒട്ടും സുരക്ഷിതമാക്കുന്നില്ലെന്ന് നേതാക്കളും മന്ത്രിമാരും പറഞ്ഞു. ആഫ്രിക്കയിലെ സംഘര്‍ഷബാധിതമായ സഹേല്‍ മേഖലയെയും സിറിയയെയും ഇറാഖിനെയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ലോകനേതാക്കളുടെ വാക്കുകള്‍. 

കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച അയര്‍ലന്‍ഡ് പ്രസിഡന്റ് മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വെടിയൊച്ചകള്‍ മുഴങ്ങാത്ത യുദ്ധമാണെന്നായിരുന്നു വിയറ്റ്‌നാം പ്രസിഡന്റ് എന്‍ഗ്യൂന്‍ സുവാന്‍ ഫുക്കിന്റെ അഭിപ്രായം. അത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു. അനേകം ജീവനുകളെയും നഷ്ടപ്പെടുത്തുന്നു. യഥാര്‍ത്ഥ യുദ്ധങ്ങളുടെയത്രയില്ലെങ്കിലും ഭീകരം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലത്തെ ചൂണ്ടിക്കാട്ടിയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സംസാരിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളം ഉള്‍പ്പെടെ പ്രകൃതിവിഭവങ്ങള്‍ കുറയുമ്പോള്‍, പരാതികളും പിരിമുറുക്കങ്ങളും പൊട്ടിപ്പുറപ്പെടാം. അത് സംഘര്‍ഷം തടയാനും സമാധാനം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളെ സങ്കീര്‍ണമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  

നമ്മുടെ ജീവിതവും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അരക്ഷിതാവസ്ഥയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും ആഘാതങ്ങള്‍ സമാധാന സ്ഥാപനത്തിനുള്ള ശ്രമങ്ങളെയും ബാധിക്കുന്നു. കാരണം, കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഘാതങ്ങളും സമ്മര്‍ദ്ദങ്ങളും നാം അനുഭവിക്കേണ്ടിവരുന്നു -സൊമാലി-കനേഡിയന്‍ സമാധാന പ്രവര്‍ത്തകന്‍ ഇല്‍വാഡ് എല്‍മന്റെ വാക്കുകളാണിത്. 

കാലാവസ്ഥാ വ്യതിയാനത്തെയും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെയും കുറിച്ച് പഠിക്കുന്ന അക്കാദമിക് വിദഗ്ധര്‍, സിറിയയിലെ വരള്‍ച്ച പോലെയുള്ള സംഭവങ്ങള്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ എത്രത്തോളം കാരണമായെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങളെക്കുറിച്ച് മനസിലാക്കാനും അവയുടെ ആഘാതം കുറയ്ക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്നും ഇത്തരം പഠനങ്ങള്‍ അടിവരയിടുന്നു. 

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണികള്‍ ദൃശ്യമാകുന്ന ഇടങ്ങളെ ശ്രദ്ധിച്ചാല്‍, മിക്ക ഇടങ്ങളിലും കാലാവസ്ഥാ വ്യതിയാനം സമാധാനത്തെയും സുരക്ഷിതാവസ്ഥയെയും ബാധിക്കുന്നതായി കാണാന്‍ സാധിക്കും. അത്തരം ഇടങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നതുപോലും ഒരു വെല്ലുവിളിയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സിറിയ, മാലി, യെമന്‍, ദക്ഷിണ സുഡാന്‍, എത്യോപ്യ ഉള്‍പ്പെട രാജ്യങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

കാലാവസ്ഥാ വ്യതിയാനവും അത് ഉയര്‍ത്തുന്ന പ്രതിസന്ധികളും പരിഹരിക്കേണ്ടത് സുരക്ഷാ കൗണ്‍സില്‍ ആണോ എന്ന കാര്യം ചര്‍ച്ച ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പകരം സമാധാനത്തിലും സുരക്ഷയിലും കാലാസ്ഥാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിന് തങ്ങളുടെ അധികാരം എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നാണ് ചിന്തിക്കേണ്ടതെന്നും ആന്റണി ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. 

അതേസമയം, റഷ്യന്‍, ചൈനീസ് നയതന്ത്രജ്ഞര്‍ വിഷയത്തില്‍ തങ്ങളുടെ എതിര്‍പ്പ് ആവര്‍ത്തിച്ചു. യുഎന്നും മറ്റു അന്താരാഷ്ട്ര ഫോറങ്ങളും കാലാവസ്ഥാ വ്യതിയാനത്തെയും അതുസംബന്ധിച്ച പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍, സുരക്ഷാ കൗണ്‍സിലിലും അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. യുദ്ധത്താല്‍ തകര്‍ന്ന എല്ലാ രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനം വെല്ലുവിളി ഉണ്ടാക്കിയിരുന്നില്ല എന്നായിരുന്നു ചൈനീസ് പ്രതിനിധി ഴാങ് ജുന്‍ പറഞ്ഞത്. സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കിടയിലേക്ക് തികച്ചും അനാവശ്യവും രാഷ്ട്രീയവുമായ ഒരു ചിന്തയെ അവതരിപ്പിച്ചുവെന്നായിരുന്നു റഷ്യന്‍ പ്രതിനിധി ദിമിത്രി പൊളിയാന്‍സ്‌കിയുടെ കുറ്റപ്പെടുത്തല്‍.