പ്രതികാര ദാഹിയാകാതിരിക്കാന്‍ ഞാന്‍ എന്നെ ആത്മീയമായി തയ്യാറാക്കി: ജയില്‍ മോചിതനായ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല

 
പ്രതികാര ദാഹിയാകാതിരിക്കാന്‍ ഞാന്‍ എന്നെ ആത്മീയമായി തയ്യാറാക്കി: ജയില്‍ മോചിതനായ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല

അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വ മോചിതനായതിനു ശേഷം ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തു. 'കഴിഞ്ഞ 580 ദിവസങ്ങളില്‍, ആരോടും വിദ്വേഷം ഉണ്ടാകാതിരിക്കാനും പ്രതികാര ദാഹി ആകാതിരിക്കനും ഞാന്‍ ആത്മീയമായി എന്നെത്തന്നെ തയ്യാറാക്കുകയായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ചെങ്കൊടിയേന്തിയ അനുയായികള്‍ അദ്ദേഹത്തെ പൊതിഞ്ഞു.

പെട്രോബ്രാസ് അഴിമതി കേസിലാണ് ലുല അകത്താകുന്നത്. അഴിമതിയാരോപണം നേരിട്ടിരുന്ന കമ്പനിയില്‍ നിന്നും ആഡംബര ബംഗ്ലാവ് സമ്മാനമായി വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരായി ചാര്‍ത്തപ്പെട്ട കുറ്റം. 12 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട ലുല 19 മാസം ജയിലില്‍ക്കഴിഞ്ഞു. ഒരു തവണ അപ്പീല്‍ തള്ളിയാല്‍ ജയിലിലടക്കണമെന്ന നിയമം തള്ളിയാണ് സുപ്രീംകോടതി ലുലക്ക് മോചനം നല്‍കിയത്. ഉത്തരവനുസരിച്ച് മറ്റ് ആയിരക്കണക്കിന് തടവുകാരെയും ബ്രസീല്‍ ജയിലുകളില്‍നിന്ന് മോചിപ്പിച്ചു. സാധാരണക്കാര്‍ക്കുവേണ്ടി പോരാട്ടം തുടരുമെന്ന് ലുല ആവര്‍ത്തിച്ചു.

പ്രോസിക്യൂട്ടര്‍മാരും, അന്നത്തെ ജഡ്ജിയും ഇപ്പോള്‍ നീതിന്യായ മന്ത്രിയുമായ സര്‍ജിയോ മോറോയും തന്നെ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നു ലുല പറഞ്ഞു. സുപ്രീം കോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത മോറോ, ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ ശിക്ഷ അനുഭവിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ കോണ്‍ഗ്രസിന് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 'എനിക്കു വേണമെങ്കില്‍ ഏതെങ്കിലും എംബസിയില്‍ പോയി മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യാമായിരുന്നു' എന്നു പറഞ്ഞ ലുല 'ജഡ്ജി മോറോ ഒരു ന്യായാധിപനല്ല, മറിച്ച് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു ആഭാസനാണ്' എന്നും പറഞ്ഞു.

2003 മുതല്‍ 2011 വരെ പ്രസിഡന്റായിരുന്ന ലുല ദശലക്ഷക്കണക്കിന് ബ്രസീലിയന്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച ഇടതു നേതാവായാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. എന്നാല്‍ ലുലയുടെ മുഖ്യ എതിരാളിയായ ജയര്‍ ബോള്‍സനാരോ-യും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയും ലുലയടക്കമുള്ള ജനകീയരായ നേതാക്കളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇടതു പാര്‍ട്ടികള്‍ ആരോപിക്കുന്നു. ലുല ഒരു 'അപഹാസ്യനാണെന്ന്' പറഞ്ഞ ബോള്‍സോനാരോ, സര്‍ക്കാറിന്റെ വലതുപക്ഷ അജണ്ടയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ അനുയായികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.