സ്വീഡന്‍ രാഷ്ട്രീയത്തിലെ 'ബുള്‍ഡോസര്‍'; പ്രധാനമന്ത്രിയായി മഗ്ദലെന ആന്‍ഡേഴ്‌സന്‍ തിരിച്ചുവരുമോ? 

 
Magdalena Andersson
സഖ്യകക്ഷികളുടെ പിന്തുണ നേടാനായാല്‍ മഗ്ദലെന വീണ്ടും പ്രധാനമന്ത്രിയാകും
 

ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും പുരോഗമന രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. പക്ഷേ, ഒരു സ്ത്രീ ഭരണനേതൃത്വത്തില്‍ എത്തുന്നത് കാണാന്‍, സമ്പൂര്‍ണ വോട്ടവകാശം നടപ്പാക്കിയതിന്റെ നൂറാം വാര്‍ഷികം വരെ സ്വീഡന്‍ ജനതയ്ക്ക് കാത്തിരിക്കേണ്ടിവന്നു. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവായ മഗ്ദലെന ആന്‍ഡേഴ്‌സണിലൂടെയാണ് ചരിത്രം ചുരുള്‍ നിവര്‍ത്തിയത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായാണ് മഗ്ദലെന തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ആഘോഷങ്ങള്‍ക്ക് ഏഴ് മണിക്കൂറിന്റെ ആയുസ് മാത്രമാണുണ്ടായിരുന്നത്. രാജ്യത്തെ പ്രബലരായ രാഷ്ട്രീയ കക്ഷിയില്‍നിന്ന് മുന്നണിരാഷ്ട്രീയത്തിലെ പ്രബലര്‍ എന്ന സ്ഥാനത്തേക്കുള്ള സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പതനമാണ് മഗ്ദലെനയെ വീഴ്ത്തിയത്. സഖ്യകക്ഷികള്‍ പാര്‍ലമെന്റില്‍ നിലപാട് മാറ്റുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ മഗ്ദലെനയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. എങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ മങ്ങിയിട്ടില്ല. സഖ്യകക്ഷികള്‍ പിന്തുണച്ചാല്‍ മഗ്ദലെന വീണ്ടും പ്രധാനമന്ത്രിയായി തിരിച്ചെത്തും. അത് ചിലപ്പോള്‍, പുതിയ ചരിത്രത്തിലേക്കുള്ള മഗ്ദലെനയുടെ യാത്രയുടെ ആരംഭം കൂടിയാകും.

സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നേരിട്ട തിരിച്ചടി
രാഷ്ട്രീയ അനിശ്ചിതാവസ്ഥ സ്വീഡനെ പിടിച്ചുലയ്ക്കുന്നത് ഇതാദ്യമല്ല. 2018ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ, പുതിയ പ്രധാനമന്ത്രിക്കായി നാലുമാസമാണ് സ്വീഡന്‍ കാത്തിരുന്നത്. 1917മുതല്‍ അധികാരം നിലനിര്‍ത്തിയിട്ടുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 2014ല്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വെന് ഭരണത്തില്‍ തുടരാനാകാത്ത സാഹചര്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉയര്‍ത്തിയത്. 349 അംഗ പാര്‍ലമെന്റില്‍ 100 സീറ്റുകള്‍ നേടിയ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വോട്ട് ശതമാനം 28.7 ശതമാനം മാത്രമായിരുന്നു. പ്രതിപക്ഷമായ മോഡറേറ്റ് പാര്‍ട്ടി 70 സീറ്റുമായി (20.1 ശതമാനം) രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍, സ്വീഡനില്‍ കരുത്താര്‍ജിച്ച തീവ്ര വലതുപക്ഷക്കാരായ സ്വീഡന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ മുന്നേറ്റം ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരുപോലെ വെല്ലുവിളിയായി. 17.5 ശതമാനം വോട്ടുകളുമായി 62 സീറ്റുകളാണ് സ്വീഡന്‍ ഡെമോക്രാറ്റുകള്‍ നേടിയത്. സെന്റര്‍ പാര്‍ട്ടി 31, ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ 22, ലിബറല്‍സ് 20, ഗ്രീന്‍ പാര്‍ട്ടി 16, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. അവിശ്വാസ പ്രമേയത്തില്‍ സ്റ്റീഫനെ അനുകൂലിച്ച് 142 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. അതേസമയം, 204 പേര്‍ എതിര്‍ത്തു. അതോടെ, സ്റ്റീഫന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.  

ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ സഖ്യമുണ്ടാക്കുകയോ വലതുപക്ഷ പിന്തുണ തേടുകയോ ചെയ്യാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമായിരുന്നില്ല. ഇതോടെ, സഖ്യ ചര്‍ച്ചകള്‍ സജീവമായി. സീറ്റുനിലയില്‍ രണ്ടാമതെത്തിയ മോഡറേറ്റുകള്‍ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തിയേക്കുമെന്ന സ്ഥിതിയില്‍, ലെഫ്റ്റ്, ഗ്രീന്‍ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഭരണത്തിലേറുകയായിരുന്നു. അധികാരത്തില്‍നിന്ന് പുറത്തുപോയി നാലു മാസങ്ങള്‍ക്കുശേഷം സ്റ്റീഫന്‍ വീണ്ടും പ്രധാനമന്ത്രിയായി തിരിച്ചെത്തി.

ചരിത്രത്തിലേക്ക് മഗ്ദലെന
2014 മുതല്‍ 2021 വരെ ഏഴ് വര്‍ഷത്തെ ഭരണത്തിനുശേഷം ഈമാസം പത്തിനാണ് സ്റ്റീഫന്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. 2012 മുതല്‍ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവായിരുന്ന സ്റ്റീഫന്‍ ആ സ്ഥാനവും ഒഴിഞ്ഞു. അടുത്തവര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലേക്ക് തന്റെ പിന്‍ഗാമിക്ക് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ മഗ്ദലെന ആന്‍ഡേഴ്‌സണെ പുതിയ നേതാവായി തെരഞ്ഞെടുത്തു. പിന്നാലെ, രാജ്യത്ത് സാര്‍വത്രിക വോട്ടവകാശം നടപ്പാക്കിയതിന്റെ നൂറാം വാര്‍ഷികത്തില്‍ 54കാരിയായ മഗ്ദലെന രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായും നിയമിച്ചു. 

16മത്തെ വയസിലാണ് മഗ്ദലെന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുവജന ലീഗില്‍ ചേരുന്നത്. സ്റ്റോക്ക്ഹോം സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പഠനത്തിനും ഹാര്‍വാഡ് കാലത്തിനുമൊപ്പമാണ് മഗ്ദലെന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സജീവമായത്. മുന്‍ നീന്തല്‍ താരമായിരുന്ന മഗ്ദലെന 1996ല്‍, അന്നത്തെ പ്രധാനമന്ത്രി ഗൊരാന്‍ പെര്‍സണിന്റെ ഉപദേശകയായി. 2014 മുതല്‍ സ്റ്റീഫന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. 

ധനബില്‍ പരാജയപ്പെട്ടു, സഖ്യകക്ഷികള്‍ പിന്മാറി
സ്വീഡനിലെ ചരിത്ര യുഗാരംഭത്തിന് ഏഴ് മണിക്കൂറിനുള്ളിലാണ് തിരശീല വീണത്. ധനബില്‍ പരാജയപ്പെടുകയും ഗ്രീന്‍ പാര്‍ട്ടി സഖ്യം വിടുകയും ചെയ്തതോടെയാണ് മഗ്ദലെന രാജിവെച്ചത്. പിന്തുണയ്ക്കു പകരമായി പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്ന്, ലെഫ്റ്റ് പാര്‍ട്ടിയുമായി അവസാന നിമിഷം ധാരണയായശേഷമാണ് മഗ്ദലെന്ന പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ ഇടതുപക്ഷത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയെന്ന കാരണത്താല്‍, സെന്റര്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു. ഇതോടെ, പാര്‍ലമെന്റില്‍ പാസാകാന്‍ ആവശ്യമായ വോട്ടുകള്‍ ബില്ലിന് ലഭിച്ചില്ല. യാഥാസ്ഥിതികരായ മോഡറേറ്റുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും തീവ്ര വലതുപക്ഷ സ്വീഡന്‍ ഡെമോക്രാറ്റുകളും അവതരിപ്പിച്ച ബദല്‍ ബജറ്റ് പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗ്രീന്‍ പാര്‍ട്ടിയും സഖ്യത്തില്‍നിന്ന് പിന്മാറിയത്. സഖ്യം അവതരിപ്പിച്ച ധന ബില്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ്, മുന്നണി വിടാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. 349 അംഗ പാര്‍ലമെന്റില്‍ മഗ്ദലെന 117 പേരുടെ വോട്ടാണ് നേടിയത്. 174 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ നാമനിര്‍ദേശം തള്ളാന്‍ 175 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഒറ്റ വോട്ട് കുറഞ്ഞതോടെ, മഗ്ദലെനയുടെ നാമനിര്‍ദേശം അംഗീകരിക്കപ്പെടും.

രണ്ടാം വരവിനൊരുങ്ങി മഗ്ദലെന
സഖ്യം വിടാനുള്ള ഗ്രീന്‍ പാര്‍ട്ടിയുടെ തീരുമാനമാണ് തന്നെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് മഗ്ദലെന പറഞ്ഞു. ഒരു പാര്‍ട്ടി രാജിവയ്ക്കുമ്പോള്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ഭരണഘടനാ കീഴ്‌വഴക്കമുണ്ട്. നിയമസാധുത ചോദ്യം ചെയ്യപ്പെടുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയെന്ന നിലയിലുള്ള ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നയിക്കുന്ന ഏകക്ഷി സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ സന്നദ്ധയാണ്. ഒറ്റകക്ഷി സര്‍ക്കാരിന്റെ തലപ്പത്ത് വീണ്ടും പ്രധാനമന്ത്രിയായി എത്തുമെന്ന പ്രതീക്ഷ പാര്‍ലമെന്റ് സ്പീക്കറോട് പങ്കുവെച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ധനബില്‍ പരാജയപ്പെട്ടതോടെ സഖ്യം ഉപേക്ഷിച്ചെങ്കിലും പ്രതിപക്ഷം അവതരിപ്പിച്ച ബില്ലിനോട് ഗ്രീന്‍ പാര്‍ട്ടി അനുകൂലിക്കുന്നില്ല. തീവ്ര വലതുപക്ഷ നയങ്ങളുമായും ഗ്രീന്‍ പാര്‍ട്ടി സന്ധി ചെയ്യില്ല. മഗ്ദലെന വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിക്കുമെന്നും ഗ്രീന്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ലെഫ്റ്റ് പാര്‍ട്ടിയും പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, സെന്റര്‍ പാര്‍ട്ടി വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മഗ്ദലെനയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. ധന ബില്ലില്‍ കലഹിച്ചെങ്കിലും കുടിയേറ്റ വിരുദ്ധരായ സ്വീഡന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തടയുകയെന്ന ലക്ഷ്യത്തില്‍ ഈ പാര്‍ട്ടികളെല്ലാം ഒരേ നിലപാടാണ് പുലര്‍ത്തുന്നത്. ഇത് മഗ്ദലെനയ്ക്ക് ഗുണകരമാകും. മോഡറേറ്റുകളഉം ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും സ്വീഡന്‍ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനായേക്കില്ല. അതിനാല്‍ മഗ്ദലെനയുടെ രണ്ടാം വരവിനുള്ള സാധ്യതകള്‍ ഏറെയാണ്. 

സ്വീഡിഷ് ചാനലായ എസ്‌വിടി 'ബുള്‍ഡോസര്‍' എന്നു വിശേഷിപ്പിച്ച രാഷ്ട്രീയക്കാരിയാണ് മഗ്ദലെന ആന്‍ഡേഴ്‌സണ്‍. ധനമന്ത്രിയെന്ന നിലയില്‍, ഏഴുവര്‍ഷത്തിനിടെ ഏറ്റവും കഴിവുള്ള നേതാവെന്ന വിശേഷണവും അവര്‍ സ്വന്തമാക്കി. 'സ്വീഡന്‍ കാന്‍ ഡു ബെറ്റര്‍' എന്ന അവരുടെ മുദ്രാവാക്യത്തില്‍ തന്നെയായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നതും. ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കൊരു പ്രശസ്തിയുണ്ടെന്ന് സ്വതന്ത്ര സോഷ്യല്‍ ഡെമോക്രാറ്റിക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആഫ്റ്റണ്‍ബ്ലാദെറ്റ് എന്ന ദിനപത്രത്തിലെ എഡിറ്ററായ ആന്‍ഡേഴ്‌സ് ലിന്‍ഡ്‌ബെര്‍ഗ് പറയുന്നു. അവരെ ഭയപ്പെടുന്നുവെന്നുപോലും ആളുകള്‍ പറയുന്നത് അത്തരത്തിലൊരു തമാശയാണ്. അവരെ ഭയപ്പെടുന്നതായി വരേണ്യ രാഷ്ട്രീയ ശാസ്ത്രജ്ഞരും സാമ്പത്തികശാസ്ത പ്രൊഫസര്‍മാരും പറയുന്നു. വാദിക്കുന്നതില്‍ അവര്‍ക്ക് ആഞ്ജല മെര്‍ക്കലിന്റെ ചെറിയൊരു ശൈലിയുണ്ട്. എല്ലായ്‌പ്പോഴും അവര്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പൂര്‍ണമായും വ്യക്തമാകുകയില്ല. പക്ഷേ അവരുടെ വിജയത്തോടെയാകും ആ വാദം അവസാനിക്കുക. കാരണം മറ്റൊരാള്‍ക്കും അവരുടെ വാദത്തിന് ഉത്തരം കണ്ടെത്താനാകില്ല. കാരണം, എല്ലാ കാര്യങ്ങളിലും അവര്‍ക്കായിരിക്കും ആധിപത്യമെന്നും ലിന്‍ഡ്‌ബെര്‍ഗ് പറയുന്നു. 

സ്വീഡന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മഗ്ദലെനയുടെ നാളുകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന സൂചനയായി ലിന്‍ഡ്‌ബെര്‍ഗിന്റെ വാക്കുകളെ കാണാം. സഖ്യകക്ഷികളുടെ പിന്തുണ നേടാനായാല്‍ മഗ്ദലെന വീണ്ടും പ്രധാനമന്ത്രിയാകും. അധികാരത്തില്‍ ലഭിക്കുന്ന ഒമ്പത് മാസത്തിലെ പ്രവര്‍ത്തന മികവായിരിക്കും അടുത്തവര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും മഗ്ദലെനയുടെയും ഭാവി നിര്‍ണയിക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍നിന്ന് പാര്‍ട്ടിയെ കൈപിടിച്ച് നയിക്കാന്‍ മഗ്ദലെനയ്ക്ക് കഴിഞ്ഞാല്‍ അതുമൊരു ചരിത്രമാകും.