മരിയുപോളില്‍ ആക്രമണം ശക്തം, കീവില്‍ കണ്ടെത്തിയത് 900 ലേറെ മൃതദേഹങ്ങള്‍;  2022 ല്‍ യുദ്ധം അവസാനിച്ചേക്കില്ലെന്ന് യുഎസ്

 
russia

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം  52-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, രാജ്യത്തിന്റെ പല ഭാഗങ്ങളും ബോംബാക്രമണം തുടരുകയാണ്. രാജ്യത്തെ സൈനിക നേതാക്കളുമായും രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്മാരുമായും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ തുറമുഖ നഗരമായ മരിയുപോളിന്റെ സ്ഥിതിഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ''വിശദാംശങ്ങള്‍ ഇപ്പോള്‍ പരസ്യമാക്കാന്‍ കഴിയില്ല, പക്ഷേ ഞങ്ങളുടെ ആളുകളെ രക്ഷിക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യുന്നു,'' സെലെന്‍സ്‌കി തന്റെ രാത്രികാല വീഡിയോ പ്രസംഗത്തില്‍ രാജ്യത്തോട് പറഞ്ഞു.

തെക്കന്‍ യുക്രെയ്‌നിലെ  ഖേര്‍സണ്‍, സെപോറിസിയ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയ റഷ്യന്‍ സൈന്യം 
ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സൈന്യം യുക്രെയ്‌നില്‍ എത്തിയത് മുതല്‍ യുക്രെയ്‌നിലെ 44 ദശലക്ഷം ജനങ്ങളില്‍ നാലിലൊന്ന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയെന്നുമാണ് റിപോര്‍ട്ട്. മരിയുപോളിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും നഗരത്തില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ സൈന്യം കൂടുതല്‍ യൂണിറ്റുകളെ  വിളിക്കുന്നതായും യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.തെക്കുകിഴക്കന്‍ യുക്രെയ്‌നില്‍ മരിയുപോളില്‍ ഏഴാഴ്ച നീണ്ടുനിന്ന യുദ്ധത്തിലെ ഏറ്റവും മോശമായ പോരാട്ടം കണ്ടു. റഷ്യ ഇതുവരെ മരിയുപോളിനെ പൂര്‍ണ്ണമായി പിടിച്ചടക്കിയിട്ടില്ല എന്ന് യുക്രെയ്ന്‍ പറയുന്നു. മരിയുപോളിനെ നിയന്ത്രണത്തിലാക്കിയാല്‍  റഷ്യ പിടിച്ചടക്കുന്ന   വലിയ നഗരമാകുമിത്. 

റഷ്യയുടെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് യക്രേനിയന്‍ തലസ്ഥാനമായ കീവിന്  ചുറ്റുമുള്ള മേഖലയില്‍ 900-ലധികം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിതയായി റിപോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും വെടിയേറ്റവരാണ്. വെള്ളിയാഴ്ച കരിങ്കടലില്‍ ഒരു ഐക്കണ്‍ യുദ്ധക്കപ്പല്‍ നഷ്ടപ്പെട്ടതിന് ശേഷം റഷ്യ യുക്രേനിയന്‍ റോക്കറ്റ് ഫാക്ടറിയും തകര്‍ത്തു. തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള വിസാര്‍ പ്ലാന്റിന് ഒറ്റരാത്രികൊണ്ട് ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതായി എഎഫ്പി ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു

അതേസമയം യുക്രെയ്നിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും റഷ്യയ്ക്കെതിരായ ഉപരോധം വിപുലീകരിക്കാനും പാശ്ചാത്യരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രസിഡന്റ് സെലെന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. റഷ്യയെ 'ഭീകരതയുടെ സ്റ്റേറ്റ് സ്പോണ്‍സര്‍' ആയി പ്രഖ്യാപിക്കണമെന്ന് സെലെന്‍സ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചു, ഉത്തരകൊറിയ, ക്യൂബ, ഇറാന്‍, സിറിയ എന്നീ നാല് രാജ്യങ്ങളാണ് നിലവില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

യുക്രെയ്നിലെ സംഘര്‍ഷം വര്‍ഷാവസാനം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നതായും എന്നാല്‍ ഇത്
ചുരുക്കാന്‍ പരമാവധി ശ്രമിക്കുന്നു', സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് സിഎന്‍എന്‍ നോട് പറഞ്ഞു. യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടി 2022 അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് യുഎസ് വിശ്വസിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.